സൂപ്പര്‍താര ദോഷത്തിന് സൂപ്പര്‍താര പരിഹാരം
സൂപ്പര്‍താര ദോഷത്തിന് സൂപ്പര്‍താര പരിഹാരം
യുവതാരങ്ങളെ നായകരാക്കിയെടുക്കുന്ന സിനിമ ബോക്സോഫീസില്‍ മൂക്കും കുത്തി വീണാല്‍ സംവിധായകന്‍ തീര്‍ച്ചയായും സൂപ്പര്‍താരങ്ങളെ കുറ്റം പറയണം. അല്ലാതെന്തു ചെയ്യാന്‍, ഈ സൂപ്പര്‍താരങ്ങള്‍ കാരണമാണല്ലോ ഇവിടെ യുവതാര ചിത്രങ്ങള്‍ ഓടാത്തത്.
അപ്പോള്‍ രണ്ടു വര്‍ഷം മുമ്പ് സ്വപ്നക്കൂട്, കസ്തൂരിമാന്‍, ഫോര്‍ ദി പീപ്പിള്‍ തുടങ്ങിയ യുവതാര ചിത്രങ്ങള്‍ തിയേറ്ററുകള്‍ നിറച്ചോടി കളക്ഷന്‍ വാരിയതോ? അന്നും ഈ സൂപ്പര്‍താരങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നല്ലോ. അവരുടെ സിനിമകളും അക്കാലത്ത് ഹിറ്റായി ഓടിയിട്ടുണ്ട്. അപ്പോള്‍ കുഴപ്പം മറ്റെന്തോയല്ലേ..
അങ്ങനെയൊന്നും ചോദിക്കരുത്. താന്‍ സംവിധാനം ചെയ്ത യുവതാര സിനിമ ഓടുന്നില്ലെങ്കില്‍ അതിന്റെ കുഴപ്പം സൂപ്പര്‍താരങ്ങള്‍ക്ക്. എന്നു വച്ച് സൂപ്പര്‍താരങ്ങളെ വച്ച് താന്‍ സിനിമയെടുക്കില്ലെന്നൊന്നും കരുതരുത്. തന്റെ അടുത്ത സിനിമ സൂപ്പര്‍താര സിനിമയാണ്. ഇനി അതും പരാജയപ്പെട്ടാല്‍ എന്തു ചെയ്യും? അപ്പോള്‍ യുവതാരങ്ങളെ കുറ്റം പറയാം. അല്ലാതെന്ത്..
സമാന്തര സിനിമാ വിഭാഗത്തില്‍ പെടുത്താവുന്ന പുനരധിവാസത്തിനു ശേഷമാണ് വി.കെ.പ്രകാശ് എന്ന പരസ്യചിത്ര സംവിധായകന്‍ കച്ചവട സിനിമയുടെ രൂപഘടനയില്‍ രണ്ട് ചിത്രങ്ങള്‍ ഒരുക്കിയത്. രണ്ട് ചിത്രത്തിലും അഭിനയിച്ചത് യുവനായകരാണ്. ആദ്യത്തെ ചിത്രം കുഞ്ചാക്കോ ബോബനെ നായകനാക്കി കൗമാരപ്രണയ കഥ പറഞ്ഞ മുല്ലവള്ളിയും തേന്മാവും.
പരസ്യസംവിധായകനായതു കൊണ്ട് ഷോട്ടുകള്‍ എങ്ങനെ വേണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ തിരക്കഥ എങ്ങനെ വേണമെന്ന് ഒരു സിനിമാ സംവിധായകന് അത്യാവശ്യം ധാരണകളുണ്ടാവണം. സിനിമയിലെ ഷോട്ടുകളും തിരക്കഥയും മോരും മുതിരയും പോലെ അങ്ങനെ ചേര്‍ന്നിട്ടും ചേരാതെ പോവുന്നത് കണ്ട് പ്രേക്ഷകര്‍ അന്തിച്ചു. ഇതെന്തു സിനിമ..
അതിനു ശേഷമാണ് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നായകരാക്കി ദി പൊലീസ് എന്ന ആക്ഷന്‍ ചിത്രമെടുത്തത്. പ്രേക്ഷകനെ അന്തം വിടുവിക്കുന്ന ചിത്രമായിരുന്നു അതും. പരസ്യസംവിധായകന്‍ ഒരുക്കിയ രണ്ടേകാല്‍ മണിക്കൂര്‍ നീളമുള്ള പരസ്യചിത്രം പോലെ ഷോട്ടുകളില്‍ മാത്രം ശ്രദ്ധിക്കുന്നൊരു ചിത്രം. എല്ലാ രംഗങ്ങളും പരസ്യചിത്ര ഷോട്ടുകള്‍ പോലെ വേണമെന്ന് സംവിധായകന് നിര്‍ബന്ധം.
ആ ചിത്രവും ബോക്സോഫീസില്‍ മൂക്കും കുത്തി വീണതോടെ തന്റെ സിനിമകളുടെ പരാജയത്തെ കുറിച്ചു സംവിധായകന് പുതിയ വെളിപാടുണ്ടായി. മലയാള സിനിമക്ക് വലിയൊരു ദോഷം ബാധിച്ചിട്ടുണ്ട്. അത് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമാണ്. സൂപ്പര്‍താരങ്ങളാണ് തന്റെ സിനിമകളെയും തകര്‍ക്കുന്നത്. പ്രേക്ഷകര്‍ അവരുടെ സിനിമ മാത്രം കാണാന്‍ പോവുന്നതു കൊണ്ട് യുവതാര സിനിമ ആരും ശ്രദ്ധിക്കുന്നില്ലത്രെ. അല്ലാതെ തന്റെ കഥാസ്വീകരണത്തിലും സംവിധാന ശൈലിയിലും ഒരു കുഴപ്പവുമില്ല. കേരളക്കരയില്‍ സൂപ്പര്‍താരങ്ങളില്ലായിരുന്നെങ്കില്‍ തന്റെ ചിത്രങ്ങളെല്ലാം150 ദിവസം തികച്ചോടുമായിരുന്നുവെന്ന കാര്യത്തിലെന്തു സംശയം?
എന്നുവച്ച് സൂപ്പര്‍താരങ്ങളോട് തനിക്കെന്തെങ്കിലും പ്രത്യേക വിദ്വേഷമുണ്ടെന്ന് ആരും കരുതേണ്ടതില്ല. സിനിമ ഓടാന്‍ സൂപ്പര്‍താരത്തിനു പിന്നാലെ പോവാനും താന്‍ തയ്യാര്‍. സൂപ്പര്‍താര ദോഷത്തിന് സൂപ്പര്‍താരം തന്നെ പരിഹാരം. സുരേഷ് ഗോപിയുടെ കാള്‍ഷീറ്റ് വാങ്ങിക്കഴിഞ്ഞു. റിട്ടയേഡ് ജഡ്ജിയുടെ വേഷമാണത്രെ സുരേഷ് ഗോപിക്ക്. നീതിയുടെ ശബ്ദത്തില്‍ സുരേഷ് ഗോപി സ്ക്രീനില്‍ വെട്ടിത്തിളങ്ങുമ്പോള്‍ എങ്ങനെ സിനിമ വിജയിക്കാതെ പോവും. തിരക്കഥയാണ് സിനിമയുടെ അടിത്തറയെന്ന ബാലപാഠം അപ്പോഴേക്കും ഈ സംവിധായകന്‍ പഠിച്ചിരിക്കുമെന്ന് ആശിക്കാം.


Click it and Unblock the Notifications