twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്സെസ്സി കനിഞ്ഞാല്‍ മതിയായിരുന്നു...

    By Staff
    |

    ബ്സെസ്സി കനിഞ്ഞാല്‍ മതിയായിരുന്നു...

    ദേശീയ അംഗീകാരം കിട്ടിയില്ലെങ്കിലും ഒരു സംസ്ഥാന അവാര്‍ഡെങ്കിലും തരപ്പെടുത്തിയേ തീരുവെന്ന വാശിയിലാണ് സമാന്തര സിനിമയിലെ ഒരു പ്രമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. താന്‍ തന്നെ നിര്‍മിക്കാതെ ആ സിനിമ ഉണ്ടാവുകയോ അതില്‍ അഭിനയിക്കുകയോ അസാധ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമക്ക് മുടക്കുമുതലിറക്കുകയും ചെയ്തു. അത് തിരിച്ചുകിട്ടില്ലെന്ന് ഇറക്കുമ്പോഴേ അറിയാമായിരുന്നു. പണം പോയാലും പ്രശ്നമില്ല. അവാര്‍ഡ് ലഭിച്ചേയടങ്ങൂ.

    സൂപ്പര്‍താരങ്ങള്‍ക്കൊപ്പമാണ് സ്ഥാനമെന്നും ജനപ്രിയ നായകനാണെന്നും വിശേഷങ്ങള്‍ പലതുണ്ടെങ്കിലും അവര്‍ക്കുള്ളതൊന്ന് തനിക്കില്ല- അവാര്‍ഡ് നേട്ടം. സംസ്ഥാന അവാര്‍ഡുകള്‍ക്കു പുറമെ രണ്ടും മൂന്നും തവണ ദേശീയ അവാര്‍ഡുകളും ഒപ്പിച്ചിട്ടുള്ളവരാണ് അവര്‍. പക്ഷേ തന്റെ അവാര്‍ഡ് രാശി ഇതുവരെ തെളിഞ്ഞിട്ടില്ല. ഒരു സംസ്ഥാന അവാര്‍ഡ് പോലും ഇതുവരെ കിട്ടിയിട്ടില്ല.

    മോഹന്‍ലാലിനു സുരേഷ്ഗോപിക്കുമൊക്കെ തങ്ങള്‍ തന്നെ നിര്‍മിച്ച സിനിമകള്‍ക്കാണ് ദേശീയ അവാര്‍ഡുകള്‍ കിട്ടിയത്. എങ്കില്‍ എന്തുകൊണ്ട് തനിക്കുമതായിക്കൂടാ? പണ്ട് വിലസിയിരുന്ന മിമിക്രി വേദികള്‍ തൊട്ട് ഇപ്പോള്‍ ഹ്യൂമറും അല്പസ്വല്പം തരികിട ആക്ഷനുമൊക്കെ ചെയ്യുന്ന ചിത്രങ്ങളില്‍ വരെ താന്‍ മോഹന്‍ലാലിനെ എന്തു സമര്‍ഥമായി അനുകരിക്കുന്നു. ആ അനുകരണം സിനിമാനിര്‍മാണത്തിന്റെ കാര്യത്തിലുമാവാമല്ലോ. അങ്ങനെയാണ് ടി.വി.ചന്ദ്രന്‍ സാറിന്റെ സിനിമ നിര്‍മിച്ച് അതില്‍ അഭിനയിക്കുകയും ചെയ്തത്.

    പക്ഷേ എന്തോ ഈ നിര്‍മാണ അഭിനയ സംരംഭം വിചാരിച്ചതു പോലെ ഏറ്റില്ല. സംസ്ഥാന അവാര്‍ഡ് കിട്ടിയില്ലെന്നു മാത്രമല്ല, തന്റെ അഭിനയ മികവ് ജൂറിയുടെ പരിഗണനക്കു പോലും വന്നില്ലെന്ന് ജൂറിക്കാര്‍ തുറന്നടിച്ചുകളഞ്ഞു. ബ്ലെസ്സി എന്നൊരു സംവിധായകന്‍ അതേ വര്‍ഷം മറ്റൊരു സിനിമ പിടിച്ചുകളഞ്ഞു. അതിലെ അഭിനയത്തിന് മമ്മൂട്ടി അവാര്‍ഡ് കൊത്തിക്കൊണ്ടുപോയി. എല്ലാ പ്രതീക്ഷയും തകര്‍ന്നു.

    പക്ഷേ അവാര്‍ഡ് തരപ്പെടുത്താതെ അടങ്ങിയിരിക്കാനാവില്ല. പെണ്‍വേഷമൊക്കെ ചെയ്ത് കയ്യടി വാങ്ങിയെങ്കിലും അതിനൊന്നും ഈ ജൂറിയിലിരിക്കുന്ന ബുദ്ധിജീവി കശ്മലന്‍മാര്‍ അവാര്‍ഡ് തരുമെന്നു തോന്നുന്നില്ല. അവര്‍ക്ക് രുചിക്കണമെങ്കില്‍ സിനിമയും ബുദ്ധിജീവി സ്റൈലിലായിരിക്കണം. അത്തരമൊരു സ്റൈലില്‍ ഒരു സിനിമ നിര്‍മിച്ച് അഭിനയിച്ചിട്ടും ഏശിയില്ല. ഇനിയും അത്തരം സിനിമ നിര്‍മിക്കാന്‍ തയ്യാറാണെങ്കിലും അതുമേശുമെന്ന് ഉറപ്പില്ല. അപ്പോഴേക്കും ബ്ലെസ്സിയെ പോലുള്ള സംവിധായകരും അതിലഭിനയിച്ച നടന്‍മാരും അവാര്‍ഡിനായി എത്തിയാലോ...

    ആലോചിച്ചപ്പോള്‍ ഒരു വഴി തെളിഞ്ഞുവരുന്നുണ്ട്. ബ്ലെസ്സിയുടെ സിനിമയില്‍ അഭിനയിച്ചിട്ടാണ് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയപ്രകടനമാണ് ആ സിനിമയിലെന്നും അതിനു പിന്നില്‍ സംവിധായകന്റെ കൈകളാണെന്നുമാണ് അവാര്‍ഡുകാരും സിനിമാ ബുദ്ധിജീവികളുമൊക്കെ പറഞ്ഞത്. ബ്ലെസ്സിയുടെ പുതിയ സിനിമയില്‍ നായകന്‍ മോഹന്‍ലാലാണ്. ആ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ ഇപ്പോഴേ അവാര്‍ഡ് ഉറപ്പാക്കിക്കഴിഞ്ഞുവെന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുന്നതു മുമ്പു തന്നെ ആളുകള്‍ പറയുന്നത്. എങ്കില്‍ പിന്നെ പല തവണ അവാര്‍ഡ് കിട്ടിയിട്ടുള്ള മമ്മൂട്ടിക്കും മോഹന്‍ലാലിനും വീണ്ടും വീണ്ടും അവാര്‍ഡ് നേടിക്കൊടുക്കുന്ന ഈ ബ്ലെസ്സിയുടെ സിനിമയില്‍ അഭിനയിച്ചാല്‍ തനിക്കുമൊരു അവാര്‍ഡ് കിട്ടില്ലേ. ആ ചിന്തയില്‍ തന്നെ ഒരു അവാര്‍ഡിന്റെ മണം വരുന്നുണ്ട്.

    പക്ഷേ ഒരു പ്രശ്നമുണ്ട്. അടുത്ത സിനിമയില്‍ ബ്ലെസ്സി തന്നെ അഭിനയിപ്പിക്കണം. അങ്ങനെയൊരു സംസാരവും താനും ബ്ലെസ്സിയും തമ്മിലുണ്ടായിട്ടില്ല. എങ്കിലെന്ത്, ബ്ലെസ്സി തന്നെ അഭിനയിപ്പിക്കുന്നില്ലെങ്കില്‍ താന്‍ കയറി ബ്ലെസ്സിയുടെ സിനിമയില്‍ അഭിനയിക്കണം. അങ്ങനെയാണ് എത്ര ദിവസം വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ബ്ലെസ്സിക്ക് ഓപ്പണ്‍ കാള്‍ഷീറ്റ് നല്‍കിയത്.

    തന്റെ കാള്‍ഷീറ്റ് തേടി ഇവിടെ നിര്‍മാതാക്കളും സംവിധായകരും ക്യൂ നില്‍ക്കുന്നുണ്ട്. ഇനി കാള്‍ഷീറ്റ് കിട്ടികഴിഞ്ഞ നിര്‍മാതാക്കളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ കഥയും തിരക്കഥയുമൊന്നും ബോധിക്കാതെ താന്‍ കയറി അഭിനയിക്കാറില്ല. തനിക്കു വേണ്ടി സിനിമകളില്‍ തുടര്‍ച്ചയായി തിരക്കഥയും കഥയുമൊക്കെ എഴുതാന്‍ ഇവിടെ തിരക്കഥാകൃത്ത് ജോഡികളെ തന്നെ ജോലിക്കാരായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവരുടെ കൂടെയൊക്കെയിരുന്ന് ചര്‍ച്ച ചെയ്ത് കഥയും തിരക്കഥയും തനിക്കു തോന്നുന്നതു പോലെ മാറ്റുകയും മറിക്കുകയും ചെയ്യാറുമുണ്ട്. എന്നുവച്ച് ബ്ലെസ്സിയോട് താന്‍ കഥയും തിരക്കഥയും ചോദിക്കുമെന്ന് കരുതേണ്ട. സിനിമയുടെ ഏകദേശ കഥ പോലും തന്നോട് പറയണമെന്നില്ല. അഭിനയിക്കാന്‍ വിളിച്ചാല്‍ മാത്രം മതി. അതിനായി എത്ര ദിവസത്തെ ഡേറ്റ് വേണമെങ്കിലും എഴുതിയെടുത്തോളൂ. അതിനുവേണ്ടിയാണ് ബ്ലാക്ക് ചെക്ക് പോലെ ഓപ്പണ്‍ കോള്‍ഷീറ്റുകള്‍ തരുന്നത്. എല്ലാം ബ്ലെസ്സിക്കു തീരുമാനിക്കാം.

    ഓപ്പണ്‍ കാള്‍ഷീറ്റ് നല്‍കിയിട്ടും തനിക്കു പറ്റിയൊരു കഥ ആലോചിച്ചുനോക്കാമെന്ന് മാത്രമേ ബ്ലെസ്സി പറഞ്ഞിട്ടുള്ളൂ. ബ്ലെസ്സി ആലോചിച്ചുനോക്കുകയും കഥ കിട്ടുകയും ചെയ്താല്‍ മതിയായിരുന്നു. അതു മാത്രമാണ് ഇനി പ്രാര്‍ഥന. ബ്സെസ്സി കനിഞ്ഞാലേ ഇനിയെങ്കിലും ഒരു അവാര്‍ഡ് തനിക്കു കിനിഞ്ഞുകിട്ടൂ...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X