നിര്‍മാതാവിന് ബുദ്ധിയുദിച്ചാല്‍....
നിര്‍മാതാക്കളെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത ചില സംവിധായകരുണ്ട്. നിര്‍മാതാവ് കുത്തുപാളയെടുത്താലും തനിക്ക് തോന്നുന്നതു പോലെയൊക്കെ സിനിമ പിടിക്കണമെന്ന് ചിന്തിക്കുന്നവരാണ് അവര്‍.
നമ്മുടെ മാക്ട ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ അഞ്ചാറ് പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതാണ്. നിലവാരമില്ലാത്ത ഗ്രാഫിക്സ് വേലകള്‍ കുത്തിനിറിച്ച് ഇതാ ഹോളിവുഡിനെ വെല്ലുന്ന സിനിമയെന്നും പറഞ്ഞ് അതിശയന്‍ എന്ന ചിത്രം പുറത്തിറക്കിയപ്പോള്‍ നിര്‍മാതാവിന്റെ കോടികളാണ് വെള്ളത്തിലായത്. നാലോ അഞ്ചോ കോടി രൂപ പോയാലും ഏശാത്ത ബിസിനസ് ശൃംഖലയുടെ ഉടമയാണ് നിര്‍മാതാവ് എന്നതു കൊണ്ട് അദ്ദേഹം വേറെ സിനിമ പിടിച്ച് ആ നഷ്ടം നികത്താന്‍ നോക്കുകയാണ്.
പക്ഷേ സെക്രട്ടറി വീരന്‍ ഈയിടെ പിടിച്ച സിനിമ ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്റെ നിര്‍മാതാവ് പാവം ഒരു നിഷ്കളങ്കനായിരുന്നു. ആ 'ലോ ബജറ്റ്' പടത്തിന് നിര്‍മാതാവിന് ചെലവായത് രണ്ടര-മൂന്ന് കോടി രൂപയാണ്. പ്രേക്ഷകര്‍ നിര്‍മാതാവിനെ പോലെ അത്ര നിഷ്കളങ്കരല്ലാത്തതു കൊണ്ട് അദ്ദേഹത്തിന് മുതല്‍ മുടക്കിയതിന്റെ പകുതി പോലും തിരിച്ചുപിടിക്കാനായില്ല.
സിനിമാ നിര്‍മാണമെന്നത് ഒരു തരം ചൂതാട്ടമാണല്ലോ. ഒരു സിനിമയില്‍ കുറെ പണം പോയാലും അടുത്ത സിനിമയില്‍ ലാഭം സഹിതം തിരിച്ചിപിടിക്കാമെന്നൊരു ചിന്ത നിര്‍മാതാവിനെ എപ്പോഴും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ബോളിവുഡില്‍ നിന്ന് സാക്ഷാല്‍ അമിതാഭ് ബച്ചനെ കൊണ്ടുവന്ന് നമുക്ക് സിനിമ മെഗാഹിറ്റാക്കാം, ബിഗ് ബി അഭിനയിക്കുന്നതു കൊണ്ട് ഹിന്ദിയില്‍ പോലും ഡബ്ബ് ചെയ്ത് പണം വാരാമെന്നൊക്കെ സംവിധായകന്‍ (മമ്മൂട്ടിയോ മോഹന്‍ലാലോ ഈ സംവിധായപ്രതിഭയുടെ സിനിമക്ക് ഡേറ്റ് കൊടുക്കില്ല) പറഞ്ഞതോടെ നിര്‍മാതാവ് വീണ്ടും പ്രലോഭിതനായി.
അങ്ങനെ ബിഗ് ബിയെ കാണാന്‍ മധ്യസ്ഥനൊപ്പം പോകുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. കണ്ടീഷന്‍സ് കേള്‍ക്കുന്നു. പോയതു പോലെ തിരിച്ചുവരുന്നു. ബിഗ് ബി വരുമോയെന്നൊന്നും ഇദ്ദേഹം വ്യക്തമായി പറയുന്നില്ല. അടുത്ത ദിവസം തന്നെ സിനിമയുടെ പൂജ പ്രഖ്യാപിക്കുന്നു.
ഇതിനിടയൊണ് നിര്‍മാതാവിന് ബോധോദയമുണ്ടായത്. ഇങ്ങേരെ നമ്പിയാല്‍ തന്റെ ഗതി പരഗതിയാകുമെന്ന തോന്നലുണ്ടായതോടെ പൂജയുടെ തലേന്ന് നിര്‍മാതാവ് മുങ്ങി. പൂജയ്ക്കു വിളിച്ചവരൊക്കെയെത്തി. നിര്‍മാതാവിന് അറ്റാക്ക് വന്ന് ആസ്പത്രിയിലാണ്, അതിനാല്‍ പൂജ റദ്ദാക്കി എന്ന് പറഞ്ഞ് എല്ലാവരെയും മടക്കി അയച്ചു. തക്ക സമയത്ത് ബുദ്ധി തോന്നിപ്പിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് ഇപ്പോള്‍ നിര്‍മാതാവ്.


Click it and Unblock the Notifications