സിനിമാരംഗത്തെ ചില കളികളുടെ പരസ്യം

By Staff

സിനിമാരംഗത്തെ ചില കളികളുടെ പരസ്യം

ഇതൊരു കള്ളച്ചൂതിന്റെ കഥ.
മലയാളികള്‍ കാത്തിരുന്ന കഥ!
മലയാളികള്‍ കൊതിച്ചിരുന്ന ഗാനങ്ങള്‍!
രവീന്ദ്ര സംഗീതത്തിന്റെ ആ മാസ്മരിക വസന്തകാലം വീണ്ടും!
കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചക്രം രണ്ടാംഘട്ട ചിത്രീകരണത്തിലേയ്ക്ക്.

പത്രത്തില്‍ ഈയിടെ വന്ന പരസ്യത്തിലെ വാചകങ്ങളാണ് ഇവ. ഈ വാചകങ്ങള്‍ക്കൊപ്പം മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രവും കൊടുത്തിരിക്കുന്നു. ഇടയ്ക്കു വെച്ചു നിലച്ചുപോയ ചക്രം എന്ന ചിത്രത്തിലെ വേഷത്തില്‍ ഇരുവരും. സംവിധായകന്‍ കമലിന്റെ പേരിനൊപ്പം തിരക്കഥാകൃത്തിന്റ സ്ഥാനത്ത് കൊടുത്തിരിക്കുന്നത് ലോഹിതദാസിന്റെ പേര്!

ചക്രം എന്ന പേരില്‍ ലോഹിതദാസ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് കോടതി സ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമാ രംഗത്തെ ചില കളികളുടെ പരസ്യം.

കമലിന്റെ ചക്രം ഷൂട്ടിംഗ് തുടങ്ങി മുടങ്ങിപ്പോയ എത്രയോ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നു മാത്രം എന്ന് ഏവരും കരുതിയിരുന്ന സമയത്താണ് ലോഹിതദാസ് തന്റെ ചക്രം തുടങ്ങിയത്. ആ ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുക വരെ ചെയ്ത സമയത്താണ് കോടതിയുടെ സ്റേ. കോടതിയുടെ സ്റേ വന്നപ്പോഴാണ് പഴയ ചക്രം രണ്ടാം ഘട്ട ചിത്രീകരണത്തിലേക്ക് എന്ന് പ്രഖ്യാപിച്ച് ഒരു പരസ്യം മോഹന്‍ലാലിന്റെയും ദിലീപിന്റെയും പടവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

യഥാര്‍ഥത്തില്‍ മോഹന്‍ലാലും ദിലീപും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കമല്‍ വീണ്ടും സംവിധാനം ചെയ്യുവാന്‍ ഒരുങ്ങുകയാണോ? അല്ലെങ്കില്‍ സിനിമാ ലോകത്തെ ചില കളികളെ പ്രേക്ഷകരെ നേരിട്ട് അറിയിക്കുന്ന ഒരു പരസ്യം മാത്രമോ ഇത്?

വെറുതെയല്ല ഒരു സിനിമ തുടങ്ങുന്നതിന് മുമ്പ് പൂജയും മന്ത്രോച്ചാരണവും ജപവുമൊക്കെയായി സിനിമാ നിര്‍മാതാക്കള്‍ പരമഭക്തന്മാരാവുന്നത്. ഒരു സിനിമ നിര്‍മിക്കുന്നതിനും റിലീസ് ചെയ്യുന്നതിനും ഇങ്ങനയൊക്കെ പുകിലുകള്‍ വന്നാല്‍ കഷ്ടത്തിലാവുന്നത് സിനിമയ്ക്ക് പണം മുടക്കുന്ന വിദ്വാനാണല്ലോ.

ഒരു സിനിമാക്കഥയോളം വഴിത്തിരിവുകളും നാടകീയതയും നിറഞ്ഞതാണ് ചക്രം എന്ന പേരില്‍ ചിത്രം നിര്‍മിക്കാനൊരുങ്ങിയതു മുതലുള്ള പ്രശ്നങ്ങളുടെ കഥ. നായകനും വില്ലനുമൊക്കെയായി സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും നടനുമൊക്കെ ആളുകളുടെ തരം പോലെയുള്ള വ്യാഖ്യാനങ്ങളില്‍ മാറിമറിഞ്ഞുവരുന്നു.

പല പ്രത്യേകതകളുമായാണ് ചക്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. ലോഹിതദാസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം. മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം. അങ്ങനെ ചില പുതുമകള്‍.

മോഹന്‍ലാല്‍ ഒരു ലോറി ഡ്രൈവറായും ദിലീപ് ലാലിന്റെ സഹായിയായും അഭിനയിക്കുന്ന ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചതിന് ശേഷമാണ് മുന്നോട്ടു പോവുകയായിരുന്ന സിനിമയുടെ ചക്രം ഇളകിത്തെറിക്കുന്നത്. അത് പിന്നീട് വീണ്ടും ഘടിപ്പിച്ച് വണ്ടി പഴയതു പോലെ മുന്നോട്ടുകൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആരൊക്കെയോ അതിന് എതിരുനിന്നു.

ചക്രംനിലച്ചു പോയതിന് പല കാരണങ്ങളും പറഞ്ഞുകേട്ടു. സംവിധായകനും തിരക്കഥാകൃത്തും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് അതിലൊരു കഥ. സ്ക്രിപ്റ്റ് മാറ്റിയെഴുതാന്‍ മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ തിരക്കഥാകൃത്ത് ചെവികൊണ്ടില്ലെന്ന് മറ്റൊരു കഥ. ഇതിലേത് കഥയാണ് ശരിയെന്ന് കേള്‍ക്കുന്നവരുടെ തരം പോലെ വ്യാഖ്യാനിച്ചുകൊള്ളുക. ചിത്രത്തിന്റെ ഗാനങ്ങളുടെ റെക്കോഡിംഗ് നേരത്തെ കഴിഞ്ഞിരുന്നതാണ്. അതെന്തു തന്നെയായാലും ചക്രം അങ്ങനെ നിലച്ചു.

കുറച്ചുകാലത്തിന് ശേഷമാണ് ലോഹിതദാസ് തന്നെ ചിത്രം സംവിധാനം ചെയ്യാന്‍ പോവുന്നുവെന്ന് കേട്ടത്. തിരക്കഥ പഴയതു തന്നെ. തിരക്കഥാകൃത്തും. മറ്റെല്ലാറ്റിനും മാറ്റം. നടീനടന്‍മാരായി പൃഥ്വിരാജ്, നൂലുണ്ട വിജീഷ്, മീരാ ജാസ്മിന്‍ എന്നിവര്‍ വന്നു.

ചിത്രം പൂര്‍ത്തിയാക്കി റിലീസ് ചെയ്യാനൊരുങ്ങുമ്പോഴാണ് കഥയിലെ മറ്റൊരു വഴിത്തിരിവ്. ഇത്തവണ പഴയ ചക്രത്തിന്റെ നിര്‍മാതാവായ ജോണി സാഗരികയാണ് കഥയില്‍ വഴിത്തിരിവുണ്ടാക്കിയത്. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് ജോണി സാഗരിക കോടതിയെ സമീപിക്കുകയും അതിന് അനുകൂലമായി കോടതി വിധി വരികയും ചെയ്തു. ഇപ്പോഴിതാ പുതിയ ചക്രത്തിന്റെ പരസ്യവും!

ജോണി സാഗരികയുടെ അനുവാദത്തോടെയാണ് താന്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതെന്നാണ് ലോഹിതദാസ് പറയുന്നത്. ലോഹി പറയുന്നത് ശരിയെങ്കില്‍ ജോണി അവസാന നിമിഷം ഇതു ചെയ്തതെന്തിന്?

ചക്രം മുടങ്ങിപ്പോയതു കാരണം തനിക്ക് നഷ്ടമായ ചക്രം ഒരു കോടിയോളം വരുമെന്നാണ് ജോണി സാഗരിക പറയുന്നത്. തനിക്കിത്രയും പണം നഷ്ടമായതിന് അവസാന നിമിഷം പകരം വീട്ടുകയായിരുന്നോ ജോണി? ഏതായാലും ചക്രത്തിന്റെ സിനിമയ്ക്കു പുറത്തെ ക്ലൈമാക്സിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X