അജിത്തിനും ശാലിനിക്കുമിടയില്‍ വസുന്ധര?!
അജിത്തിനും ശാലിനിക്കുമിടയില്‍ വസുന്ധര?!
തമിഴ് സിനിമയിലെ സൂപ്പര്‍താരമായ അജിത്തും ശാലിനിയും തമ്മിലുള്ള വിവാഹം നടന്നത് ഏറെ കൊട്ടിഘോഷങ്ങളുടെ അകമ്പടിയോടെയാണ്. തമിഴില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ തന്നെ അജിത്തുമായി പ്രണയത്തിലായ ശാലിനി വിവാഹത്തോടെ അഭിനയം നിര്‍ത്തി. സിനിമാരംഗത്തെ ഈ ഗ്ലാമര്‍ വിവാഹത്തിന്റെ പുതുമകള്‍ മങ്ങും മുമ്പേ ഇതാ ഇരുവര്‍ക്കുമിടയില്‍ കല്ലുകടി ഉണ്ടാക്കാന്‍ ഒരു നടി നുഴഞ്ഞുകയറിയിരിക്കുന്നു. മറ്റാരുമല്ല സിറ്റിസണില്‍ നായികയായി അഭിനയിച്ച, അജിത്തിനൊപ്പം ഒട്ടിച്ചേര്‍ന്ന് ആടിക്കുഴഞ്ഞ് ചുവടുകള്‍ വെച്ച ഷക്കലക്ക ബേബി. അതെ നമ്മുടെ ഗായികനടി വസുന്ധരാദാസ് തന്നെ.
സിറ്റിസണില്‍ വസുന്ധരയുമായി അജിത്ത് ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച ഗാനരംഗം ക്യാമറക്കു പിന്നില്‍ സംവിധായകന്‍ കട്ട് പറഞ്ഞതോടെ അവസാനിച്ചില്ല എന്നാണ് തമിഴ്സിനിമാ രംഗത്തെ സംസാരം. ഗായികനടിയുമായുള്ള ബന്ധത്തെക്കുറിച്ച് കേട്ടപാതി കേള്‍ക്കാത്ത പാതി ശാലിനി അജിത്തിന്റെ വീട്ടില്‍ നിന്ന് പെട്ടിയുമായിറങ്ങിയത്രെ. നേരെ അച്ഛന്റെയടുത്തേക്ക് വിട്ടെങ്കിലും ഇപ്പോള്‍ എല്ലാം പൊറുത്ത് ശാലിനി കണവന്റെ അടുത്തേക്ക് തിരിച്ചെത്തിയെന്നാണ് നിറം പിടിപ്പിച്ചതോ നിറമൊട്ടുമില്ലാത്തതോ ആയ കഥ.
വിവാഹ ജീവിതം നയിക്കുമ്പോള്‍ തന്നെ ഒന്നിച്ച് അഭിനയിക്കുന്ന നടികളുമായി നടന്മാര്‍ക്ക് ബന്ധമുണ്ടാവാറുള്ളത് സിനിമാ രംഗത്ത് ഒരു പുതുമയല്ല. ചിലപ്പോള്‍ അത് വിവാഹജീവിതത്തിന്റെ തകര്‍ച്ച വരെ എത്താറുമുണ്ട്. നല്ലൊരു ഉദാഹരണത്തിന് എങ്ങും പോകേണ്ട. തമിഴ് സിനിമയിലെ സര്‍വകലാവല്ലഭന്‍ തന്നെ മികച്ച മാതൃക. നടി വാണിയുമായുള്ള ദാമ്പത്യത്തിനിടയിലാണ് കമലഹാസന്‍ ഇപ്പോഴത്തെ ഭാര്യ സരികയെ പ്രണയിച്ചത്. വാണി ഗണപതിയുമായുള്ള ദാമ്പത്യം തകരാന്‍ അധികകാലം വേണ്ടിവന്നില്ല. സരികയെ വിവാഹം ചെയ്ത് സസന്തോഷം ഇപ്പോള്‍ കമലഹാസന്‍ ജീവിക്കുന്നു. വാണിയാകട്ടെ ഇപ്പോഴും അവിവാഹിത!
ഒരു ചിത്രത്തില്‍ നാല് കഥാപാത്രങ്ങളെ അവതരിപ്പിച്ച കമലഹാസനെ വെല്ലുവിളിച്ചുകൊണ്ട് സിറ്റിസണില്‍ ആറ് മുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ട അജിത് പക്ഷേ വ്യക്തിജീവിതത്തില്‍ കമലഹാസനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ലത്രെ. താനും ശാലിനിയും തമ്മില്‍ അടിച്ചുപിരിയാന്‍ ചില അസൂയാലുക്കള്‍ കെട്ടിച്ചമച്ച കഥയാണിതെന്നാണ് അജിത് പറയുന്നത്. ദൈവം തനിക്ക് നല്‍കിയ വിലപിടിച്ച സമ്മാനമായ ഷാലുവിനെ വഞ്ചിച്ച് ഒരു വേലിയും താന്‍ ചാടില്ലെന്നാണ് അദ്ദേഹം പറയുന്നത്. അത് വസുന്ധരവേലിയാണെങ്കില്‍ പോലും ചാട്ടത്തിന് തന്നെ കിട്ടുമോ എന്നാണ് അജിത്തിന്റെ കൂരമ്പ് പോലെയുള്ള ചോദ്യം.
ഭാര്യക്കുമുണ്ട് തൊടുത്തുവിടാന്‍ കുറിക്കുകൊള്ളുന്ന ഒരു ശരം. ശാലിനി എന്ന് അറിയപ്പെടുന്നതിനേക്കാള്‍ ശ്രീമതി അജിത്കുമാര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന താന്‍ ഇത്തരം നുണകള്‍ കേട്ട് പെട്ടിയുമായി അഛന്റെ വീട്ടിലേക്ക് പോകുമെന്ന് തോന്നുന്നുണ്ടോ എന്നാണ് ശാലിനി ചോദിക്കുന്നത്; തീര്‍ത്തും വികാരാധീനയായി.
പോകില്ലായിരിക്കാം. പക്ഷേ സിറ്റിസണിലെ മാദക ഗാനരംഗം കണ്ട പ്രേക്ഷകരും ഷക്കലക്ക ബേബിയുടെയും യുവസൂപ്പര്‍താരത്തിന്റെയും പ്രണയകഥ കേട്ട് ആകെ വികാരാധീനരായിരിക്കുന്നു. സിനിമ എന്നത് സത്യവും നുണയും വേര്‍തിരിക്കാനാവാത്ത ഒരു വിചിത്രലോകമാണ് എന്ന് അവര്‍ക്കറിയാഞ്ഞിട്ടല്ല. പക്ഷേ വികാരാധീനരാവാന്‍ സത്യം തന്നെ കേള്‍ക്കണമെന്നുണ്ടോ സര്‍?


Click it and Unblock the Notifications