ആനയില്ലാത്തവനെന്ത് സൂപ്പര്‍താരം?

By Staff

മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ഉയരം എനിക്കുണ്ട്. അവര്‍ തലകുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എനിക്ക് ചെയ്യാനാവും- ഈ വാചകങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇതാരാണ് പറഞ്ഞതെന്ന ആകാംക്ഷ ആരിലുമുണരും.

ഇങ്ങനെ തട്ടിവിട്ടിരിക്കുന്നത് അമിതാഭ് ബച്ചനൊന്നുമല്ല. ഒന്നിനു പിറകെ ഒന്നായി തന്റെ സിനിമകളുടെ പരാജയം ആഘോഷിക്കുന്ന മലയാളത്തിലെ ഒരു നടന്‍ തന്നെയാണ്- ജയറാം. സൂപ്പര്‍താരങ്ങളേക്കാളും വലിയ പ്ലസ് പോയിന്റുകളുണ്ടായിട്ടും കരിയറില്‍ തിരിച്ചടി നേരിടുന്ന ഹതഭാഗ്യനാണ് താനെന്നാണ് ഇദ്ദേഹം പറഞ്ഞുവരുന്നത്.

മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ഉയരമുണ്ടായിട്ടും അവര്‍ തലകുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയിട്ടും എന്തുകൊണ്ടാണാവോ ബോക്സോഫീസില്‍ അദ്ദേഹത്തിന്റെ പടങ്ങള്‍ നനഞ്ഞ പടക്കങ്ങളുടെ ഉജ്വലപ്രകടനം കാഴ്ചവയ്ക്കുന്നത്?

മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ഉയരമുള്ളതുകൊണ്ട് ഒരാള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളേക്കാളും വലിയ താരമാവുമോ? മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും മാത്രമല്ല, ഈ പറഞ്ഞ ഉയരത്തില്‍ ഞെളിയുന്ന നടനേക്കാളും എന്തിന് സാക്ഷാല്‍ അമിതാഭ് ബച്ചനേക്കാളും ഉയരമുള്ള ഒരു നടനുണ്ട് മലയാളത്തില്‍- ബാബു ആന്റണി. ഏതാണ്ട് ജയറാമിന്റെ സിനിമാജീവിതത്തിലെ അത്രയും വര്‍ഷങ്ങളായി ബാബു ആന്റണിയും സിനിമയിലുണ്ട്. എന്നിട്ടും ബാബു ആന്റണിയെന്താണ് സൂപ്പര്‍താരമാവാത്തത്?

പിന്നെ നമ്മുടെ ഉയരക്കാരന്‍ പറയുന്നത് അദ്ദേഹത്തിന് മമ്മൂട്ടിക്കും മോഹന്‍ലാലിനും തലകുത്തി നിന്നാല്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യാമെന്നാണ്. നമുക്ക് അറിയാവുന്നിടത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യാത്ത രണ്ട് കാര്യങ്ങള്‍ ജയറാം ചെയ്യാറുണ്ട്- മിമിക്രിയും ചെണ്ടകൊട്ടും. ഈ രണ്ട് കാര്യങ്ങളും മമ്മൂട്ടിയും മോഹന്‍ലാലും തലകുത്തി നിന്ന് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ഇതുവരെ അറിവായിട്ടില്ല.

മിമിക്രിയും ചെണ്ടകൊട്ടും അറിയാവുന്നതു കൊണ്ട് താനാണ് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും കേമന്‍ എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? ഏതായാലും ഇത് രണ്ടും അറിയാവുന്നതു കൊണ്ട് ഒരാള്‍ സിനിമയില്‍ സൂപ്പര്‍താരങ്ങളേക്കാള്‍ സൂപ്പറാവണമെന്നില്ല. ഈ രണ്ട് മേഖലയിലും സൂപ്പര്‍താരമാവാമെന്ന് മാത്രം.

ജയറാമിനേക്കാള്‍ നന്നായി മിമിക്രി ചെയ്യുന്നയാളാണ് കോട്ടയം നസീര്‍. മിമിക്രിയുടെ വിവിധ സാധ്യതകളില്‍ കോട്ടയം നസീറിനോളം പ്രാഗത്ഭ്യം തെളിയിച്ച മറ്റൊരു മലയാളിയില്ലെന്നു പറയാം. മമ്മൂട്ടിക്കും മോഹന്‍ലാലിനും തലകുത്തി നിന്നാലും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് കോട്ടയം നസീര്‍ ചെയ്യുന്നത്. ഏതാനും സിനിമകളിലും അഭിനയിച്ചുണ്ട്. എന്നിട്ടും കോട്ടയം നസീറെന്താണ് സൂപ്പര്‍താരമാവാത്തത്?

അടുത്ത ഇനം ചെണ്ടകൊട്ട്. ജയറാം ഗുരുവായൂര്‍ ഏകാദശിക്കും മറ്റും ചെണ്ട കൊട്ടുന്നത് പത്രങ്ങളില്‍ വാര്‍ത്ത കണ്ടിട്ടുണ്ട്. ചെണ്ടകൊട്ടില്‍ കേരളത്തില്‍ ഇന്നുള്ളവരില്‍ ഏറ്റവും പ്രഗത്ഭനാണല്ലോ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. അദ്ദേഹം വാനപ്രസ്ഥം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. ജയറാമിനേക്കാള്‍ വലിയ ചെണ്ടകൊട്ടുകാരനായിട്ടും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്താണ് സിനിമയില്‍ സൂപ്പര്‍താരമാവാതെ പോയത്?

മട്ടനൂര്‍ ശങ്കരന്‍കുട്ടി ചെണ്ടകൊട്ടിലെ സൂപ്പര്‍താരമാണ്. കോട്ടയം നസീര്‍ മിമിക്രി രംഗത്തെയും. ഈ രണ്ട് കലകളും ഇത്തിരി അറിയാമെന്നുവച്ച് ഒരാള്‍ക്ക് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും സൂപ്പറാവാന്‍ കഴിയുമോ? നല്ല പൊക്കമുള്ളതു കൊണ്ടോ, തനിക്ക് മിമിക്രി അറിയാമെന്ന് സിനിമയില്‍ തന്നെ ഇടയ്ക്കിടെ കാണിച്ചതു കൊണ്ടോ, ചെണ്ടകൊട്ടുപഠം പത്രത്തില്‍ അടിച്ചുവന്നതു കൊണ്ടോ ഒരാള്‍ സിനിമയില്‍ വലിയനാവണമെന്നില്ല.

ഇനി മമ്മൂട്ടിക്കും മോഹന്‍ലാലിനുമില്ലാത്ത ഒരു സവിശേഷത കൂടി ജയറാമിനുണ്ട്- ആനക്കമ്പം. അദ്ദേഹത്തിന് സ്വന്തമായി ഒന്നോ രണ്ടോ ആനകളുമുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ആനയുള്ളതായി പറഞ്ഞുകേട്ടിട്ടില്ല. ആനയില്ലാത്തവനെന്ത് സൂപ്പര്‍താരമെന്ന് അദ്ദേഹം ചോദിക്കുമോ ആവോ....

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X