For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചരിത്രത്തില്‍ കയറാന്‍ ചെലവെത്ര?

  By Staff
  |

  ഏതോ ഒരു നിര്‍മ്മാതാവിന്റെ കോടികള്‍ വെളളത്തിലിറക്കാന്‍ നമ്മുടെ സൂപ്പര്‍ സംവിധായകനും മാക്ടയുടെ അധികാരിയും അണ്ഡകടാഹത്തിലെ ഏറ്റവും വലിയ സിനിമാ പ്രതിഭയുമായ വിനയന്‍ സാര്‍ നിശ്ചയിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ തന്നെ ആശയങ്ങള്‍ക്ക് പണ്ടും ഒരു കുറവുമില്ല സംവിധായക പ്രതിഭയ്ക്ക്. ഏതു ചിത്രം എട്ടുനിലയില്‍ പൊട്ടിയാലും പിന്നെയും നിര്‍മ്മാതാക്കള്‍ പ്രതിഭയ്ക്കു പിന്നില്‍ ക്യൂ നില്‍ക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.

  ഭാഷ മലയാളവും നാടു കേരളവുമായതു കൊണ്ടാണ് ടിയാന്‍ വിനയന്‍ എന്ന് ഒതുങ്ങിപ്പോയത്. ഇതേ ഗ്രഹനിലയും ജനനത്തീയതിയും തലവരയുമായി ഹോളിവുഡില്‍ പിറന്ന ആള്‍ അവിടെ സ്പീല്‍ബെര്‍ഗ് എന്നാണ് അറിയപ്പെടുന്നത്.

  സാക്ഷാല്‍ അമിതാബ് ബച്ചനെ മലയാളത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നമ്മുടെ സ്പീല്‍ബെര്‍ഗ്. ലോകത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന ഖ്യാതി നേടിയ ദാദാസാഹിബ് എന്ന മമ്മൂട്ടിച്ചിത്രം ഹിന്ദിയില്‍ ബച്ചനെ വെച്ച് റീമേക്ക് ചെയ്യുന്നെന്ന വാര്‍ത്ത കേട്ടിരുന്നു കുറെ നാളുകള്‍ക്ക് മുമ്പ്.

  എന്തിന് ഹിന്ദിയില്‍, ബച്ചന്‍ സാഹിബിനെ മലയാളത്തില്‍ അവതരിപ്പിച്ചാലെന്ത് എന്ന ഐഡിയ പിന്നീടാണ് വിനയന്റെ തലയില്‍ കത്തിയത്. പിന്നെ ആലോചന ആ വഴി പോയി.

  അപ്പോഴാണറിയുന്നത്. മലയാളത്തില്‍ കടന്നു കിട്ടാന്‍ ബച്ചനും കാത്തിരിക്കുകയായിരുന്നു! കഴിയുമെങ്കില്‍ വിനയന്റെ ചിത്രത്തില്‍ തന്നെ നായകനാകണമെന്നായിരുന്നു ബച്ചന്റെയും മോഹം. ടിയാന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന ആദ്യചിത്രം കണ്ടപ്പോള്‍ തന്നെ ബച്ചന്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. മലയാളത്തില്‍ അഭിനയിക്കുന്നെങ്കില്‍ അത് വിനയന്‍ ചിത്രത്തിലായിരിക്കണം.

  ഹിന്ദിയിലെ സൂപ്പര്‍താരമല്ലേ, വിനയന്റെ പിന്നാലെ ചാന്‍സ് ചോദിച്ചു നടക്കുന്നത് മോശമല്ലേ എന്നൊക്കെ കരുതി ബച്ചന്‍ തന്റെ ആഗ്രഹം മനസിലടക്കി.

  ജഗദീശ്വരന്‍ ഒന്നു തീരുമാനിച്ചാല്‍ മറിച്ചു ചെയ്യാന്‍ മനുഷ്യനാര്! രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും വിനയനായി ബച്ചന്റെ മുന്നിലെത്തി. മുന്‍പിന്‍ നോക്കാതെ സമ്മതവും മൂളി. ചാന്‍സ് ഷാരൂഖ് ഖാനെങ്ങാനും അടിച്ചെടുത്താലോ എന്ന് ഈ വയസുകാലത്തും ബച്ചനു പേടിയുണ്ട്. സ്പില്‍ബെര്‍ഗ് വിളിക്കാത്ത വിഷമവും വിനയന്റെ ക്ഷണത്തോടെ ബച്ചന്‍ മറന്നു.

  ഏഴു കോടി പ്രതിഫലം പറ്റുന്ന കമലഹാസനെ താങ്ങാന്‍ കെല്‍പില്ലാത്ത മലയാളം അതിന്റെ പതിന്മടങ്ങ് കോടികള്‍ വിലയുളള ബച്ചനെ എങ്ങനെ താങ്ങുമെന്ന് വിനയന് ചിന്തിക്കേണ്ട കാര്യമില്ലല്ലോ? ചരിത്രത്തില്‍ കയറാനിരിക്കുന്നവര്‍ ചെറിയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടരുത്.

  ലൊക്കേഷനില്‍ ബച്ചനുണ്ടെങ്കില്‍ നിര്‍മ്മാതാവിന് ബഹു സന്തോഷമായിരിക്കും. റോഡില്‍ ഗട്ടറോ മറ്റോ ഉണ്ടെങ്കില്‍ ഹെലിക്കോപ്റ്ററിലേ ബച്ചന്‍ യാത്ര ചെയ്യൂ. നടുവിന് അസാരം പ്രശ്നമുളളതു കൊണ്ടാണ്. കുളിക്കുന്നത് മിനറല്‍ വാട്ടറിലാണ്. ഏറ്റവും വിദഗ്ധനായ ഡോക്ടറിന്റെ സേവനം 24 മണിക്കൂറും കിട്ടുന്ന ആംബുലന്‍സ് അകമ്പടി വേണം ബച്ചന് ലൊക്കേഷനില്‍.

  സ്വകാര്യ ബോര്‍ഡി ഗാര്‍ഡ് അടക്കം പന്ത്രണ്ടു പേരടങ്ങുന്ന സുരക്ഷാ സംവിധാനം എപ്പോഴും കൂടെയുണ്ടാകും. വസ്ത്രങ്ങളുടെയും ഭക്ഷണത്തിന്റെയും കാര്യങ്ങള്‍ വേറെ. ഒരുവിധമുളള ഹോട്ടലുകളൊന്നും ബച്ചനെ താങ്ങില്ല.

  ഒരു പ്രതിഫലവും വേണ്ടാതെയാണെങ്കിലും മലയാളം പോലൊരു ഭാഷയില്‍ പതിനഞ്ചു ദിവസം അഭിനയിക്കാന്‍ തയ്യാറായാല്‍ ബച്ചന്റെ ചെലവ് എന്തായിരിക്കും?

  ചരിത്രത്തില്‍ കയറാന്‍ നില്‍ക്കുന്ന ആള്‍ക്ക് ഇതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ? യേത്.....

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X