പ്രണയദിനത്തില് കാമുകന് രാഖിയുടെ മര്ദ്ദനം
വാലന്റൈന് ദിനത്തില് പ്രണയോപഹാരവുമായെത്തി കാമുകന് അഭിഷേക് വാസ്തിയ്ക്ക് ബോളിവുഡ് മാദക റാണി രാഖി സാവന്തിന്റെ വക മര്ദ്ദനവും ശകാര വര്ഷവും.
മൂന്നുദിവസം മുന്പ് ഉണ്ടായ ശണ്ഠയുടെ തുടര്ച്ചയായാണത്രേ രാഖി സമ്മാനവുമായി എത്തിയ അഭിഷേകിനെ മര്ദ്ദിയ്ക്കുകയും ശകാരിയ്ക്കുകയും ചെയ്തത്. മൂന്നുദിവസം മുന്പ് ഒഷിവാരയിലുള്ള ഫ്ലാറ്റില് വച്ച് അസഭ്യം പറഞ്ഞതിനെത്തുടര്ന്നാണ് രാഖി അഭിഷേകിനെ പുറത്താക്കിയത്.
ഇതിന് മാപ്പുപറയാനും ബന്ധം പുതുക്കാനും വേണ്ടിയുമാണ് അഭിഷേക് പ്രണയദിനത്തില് വീണ്ടും രാഖിയുടെ ഫ്ലാറ്റില് എത്തിയത്. തെറ്റിപ്പിരിഞ്ഞ് തന്നെ ഫ്ലാറ്റില് നിന്നും പുറത്താക്കി കാര്യം നാട്ടില് പാട്ടായതിനാല് പുനസമാഗമവും വാര്ത്തയാക്കിക്കളയാമെന്ന് കരുതി മാധ്യമപ്രവര്ത്തകരെയും കൂട്ടിയായിരുന്നുവത്രേ അഭിഷേക് എത്തിയത്.
എല്ലാവരും കാണ്കെ അഭിഷേകിന് കിട്ടിയതാകട്ടെ ശകാരവര്ഷവും മര്ദ്ദനവും. ആദ്യം മാധ്യമസംഘത്തെയും അഭിഷേകിനെയും കണ്ട് രാഖി സ്തംഭിച്ചു. പിന്നീട് അഭിഷേക് കുറ്റമേറ്റു പറഞ്ഞപ്പോള് രോഷം തുള്ളിയ രാഖി ടിവി ക്യാമറകള്ക്കുമുന്നില് വച്ചുതന്നെ കാമുകനെ തലങ്ങും വിലങ്ങും തല്ലി.
അപ്പോള് അഭിഷേക് മുട്ടുകുത്തിയിരുന്ന് മാപ്പപേക്ഷിച്ചു. എന്നാല് ഇതുകണ്ടിട്ടൊന്നും രാഖിയുടെ മനസ്സലിഞ്ഞില്ല. അഭിഷേകിനെ പിടിച്ച് പുറത്താക്കാന് അവര് ജോലിക്കാര്ക്ക് നിര്ദ്ദേശം നല് കി. എന്നാല് അവരത് ചെയ്യാന് മടിച്ചു.
തുടര്ന്ന് അല്പമൊന്ന് തണുത്ത രാഖി മറാത്തിയില് മാപ്പു പറയാനും ഇനി ഇത്തരം പ്രവര്ത്തികള് ആവര്ത്തിക്കില്ലെന്ന് അമ്മയുടെ പേരില് സത്യം ചെയ്യാനും രാഖി അഭിഷേകിനോട് ആവശ്യപ്പെട്ടു. സഹികെട്ട അഭിഷേക് ഇതിനും തയ്യാറായതോടെയാണ് രാഖിയ്ക്ക് സമനില തിരിച്ചുകിട്ടിയത്.


Click it and Unblock the Notifications











