മലര്‍ന്നു കിടന്നു തുപ്പരുത്

By Staff

"മലയാളമിപ്പോള്‍ നാല്പതു കഴിഞ്ഞ സൂപ്പര്‍സ്റ്റാറുകളുടെ പിന്നാലെയാണ്. ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ കഥ പറയണമെങ്കിലും ഇവര്‍ തന്നെ അഭിനയിക്കണം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പിന്നെ പൃഥ്വിരാജ്. തീര്‍ന്നു മലയാളത്തിലെ നായകനിര."

പറയുന്നത് ജയറാമാണ്. സൂപ്പര്‍സ്റ്റാറുകളുടെ കൂട്ടത്തില്‍ തന്റെ പേര് കൂടി പറയാന്‍ ജയറാം മറന്നുപോയതാണോ? മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എണ്ണം അഞ്ചായെടുത്താല്‍ അതില്‍ ഒരാള്‍ ജയറാമാണെന്ന് ഇപ്പോഴും മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അമ്മ നിര്‍‍മിക്കുന്ന ട്വന്റി ട്വന്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ദിലീപിനും ഒപ്പം തുല്യപ്രാധാന്യമുള്ള വേഷം ജയറാമിന് നല്‍കിയിരിക്കുന്നത് ഈ പരിഗണനയുടെ അടിസ്ഥാനത്തിലാണ്.

തന്നെ ഇനിയും സൂപ്പര്‍സ്റ്റാര്‍ എന്നു വിളിക്കുന്നതില്‍ കഴമ്പില്ലെന്ന് ജയറാമിന് തന്നെ തോന്നിക്കാണണം. സ്വയം തിരിച്ചറിവ് വളരെ നല്ലതു തന്നെ. പക്ഷേ ഇപ്പോഴും നായകനായി ജയറാം മലയാളത്തില്‍ അഭിനയിക്കുന്നുണ്ട്. ജയറാമിന് എത്രയാണാവോ പ്രായം? പാര്‍ത്ഥന്‍ കണ്ട പരലോകത്തിലും നോവലിലുമൊക്കെ അഭിനയിക്കുന്ന ജയറാം എന്ന നായകന്റെയും പ്രായം നാല്പതിനു മുകളില്‍ തന്നെയല്ലേ? പക്ഷേ സിനിമകളൊന്നും വിജയിക്കുന്നില്ലെന്ന് മാത്രം. അപ്പോള്‍ വിജയിക്കുന്ന സിനിമകളിലെ നായകന് നാല്പതിന് മുകളില്‍ പ്രായമുള്ളതാണ് പ്രശ്നം. ഇതു കേള്‍ക്കുമ്പോള്‍ ഒന്നേ ജയറാമിനോട് പറയാനുള്ളൂ, മലര്‍ന്നു കിടന്നു തുപ്പരുത്.

നായകന്‍മാരുടെ കൂട്ടത്തില്‍ ജയറാം തന്റെ പേര് ഒഴിവാക്കുകയും പൃഥ്വിരാജിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന് പ്രായം മുപ്പത് പോലുമായിട്ടില്ലെന്നാണ് അറിവ്. കോളജ് വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ഏതെങ്കിലുമൊരു സിനിമയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മമ്മൂട്ടിയോ സുരേഷ് ഗോപിയോ മോഹന്‍ലാലോ നായകനായി കണ്ടിട്ടില്ല. അതേ സമയം ഇരുപത്തഞ്ച് വയസ് മാത്രം പ്രായമുള്ള പൃഥ്വിരാജ് കോളജ് കാമ്പസിന്റെ കഥ പറയുന്ന രണ്ട് സിനിമകളില്‍ നായകനാവുകയും രണ്ടും സൂപ്പര്‍ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമയെ വിമര്‍ശിക്കുന്നത് നല്ലതു തന്നെ. അങ്ങനെയെങ്കിലും മലയാള സിനിമ നന്നാവുന്നുണ്ടെങ്കില്‍ വളരെ നല്ലത്. പക്ഷേ വിമര്‍ശനം നടത്തുന്നവര്‍ സ്വന്തം കാര്യം കൂടി ആലോചിക്കേണ്ടതല്ലേ..പഴയതു പോലെ തന്റെ സിനിമകളും വിജയിക്കുന്നുണ്ടെങ്കില്‍ മലയാള സിനിമയിലെ മുന്‍നിര നടന്മാ‍ര്‍ നാല്പതു കടന്നവരാണെന്ന കാര്യം ഓര്‍ക്കാനെങ്കിലും ഈ നാല്പത് കടന്ന നായകന്‍ ഇങ്ങനെ തയ്യാറാവുമായിരുന്നോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X