For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍താരങ്ങളും കുഴപ്പക്കാരത്രേ!

  By പരദൂഷണന്‍
  |

  സൂപ്പര്‍താരങ്ങളെക്കുറിച്ചുമുണ്ട് കമലിന് പരാതി. തന്റെ മനസിലുളള കഥാപാത്രങ്ങള്‍ക്ക് വേഷം പകരാന്‍ അവരാരെയും കിട്ടുന്നില്ല എന്നാണ് കമല്‍ പറയുന്നത്. അത്ര ശരിയാണോ ഈ പറയുന്നത്? പ്രതിഫലത്തിന്റെ കാര്യം പോലും നോക്കാതെ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ മമ്മൂട്ടി ഇങ്ങനെയുളള എത്ര ചിത്രങ്ങളിലാണ് അഭിനയിച്ചത്?

  കയ്യൊപ്പ്, കറുത്ത പക്ഷികള്‍, ഇപ്പോഴിതാ കഥ പറയുമ്പോള്‍. മികച്ച കഥാപാത്രങ്ങള്‍ക്കു വേണ്ടി സമയം കളയാന്‍ ഇവര്‍ തയ്യാറല്ല എന്നു പറഞ്ഞാല്‍ അതത്ര ശരിയാണോ? ഒരു സീരിയല്‍ നിലവാരം പോലുമില്ലാത്ത രാപ്പകല്‍ എന്ന മമ്മൂട്ടി ചിത്രമെടുത്തതും കമല്‍ തന്നെയല്ലേ? അറുവഷളന്‍ സെന്റിമെന്റ്സ് കുത്തിനിറച്ച ഈ ചിത്രത്തെ തീയേറ്ററില്‍ കാണികള്‍ തളളിക്കളഞ്ഞതിനും കാരണം മമ്മൂട്ടിയാണോ?

  ചില നടിമാരെക്കുറിച്ചുളള കമലിന്റെ പരാതി കേട്ടാല്‍ ചിരിക്കുകയേ നിര്‍വാഹമുളളൂ. കറുത്ത പക്ഷികള്‍ എന്ന തന്റെ ചിത്രത്തില്‍ പ്രതിഫലം കുറഞ്ഞു പോയതു കൊണ്ടാണത്രേ മീരാ ജാസ്മിന്‍ അഭിനയിക്കാതിരുന്നത്. ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി പത്മപ്രിയ ആ വേഷം ചെയ്തുവെന്നും മൂന്നര ലക്ഷം രൂപ അവാര്‍ഡിനത്തില്‍ പത്മപ്രിയയ്ക്ക് കിട്ടിയെന്നുമൊക്കെയാണ് കമല്‍ വെച്ചു കാച്ചിയത്.

  ഒന്നു ചോദിക്കാതിരിക്കാന്‍ വയ്യ. ഏത് ചിത്രത്തില്‍ എത്ര പ്രതിഫലത്തിന് അഭിനയിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ കമലേ. കമല്‍ പറയുന്നതൊക്കെ മറ്റുളളവര്‍ അനുസരിക്കണമെന്നൊക്കെ ശഠിക്കുന്നത് ഒരു കടന്ന കൈയല്ലേ. പെരുമഴക്കാലത്തിലും സ്വപ്നക്കൂടിലുമൊക്കെ മീര അഭിനയിച്ചില്ലേ.

  മലയാളത്തിലിപ്പോള്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണത്രേ മീരാ ജാസ്മിന്‍. രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങളിലൊക്കെ രൂപ പതിനഞ്ചു ലക്ഷമാണ് ഈ പെങ്കൊച്ച് പ്രതിഫലം വാങ്ങുന്നതെന്നും കേട്ടിരുന്നു. സ്വന്തം പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങാന്‍ തന്റേടമുളള നിലയിലേയ്ക്ക് നമ്മുടെ നടിമാരിലൊരുവള്‍ മാറുന്നത് അഭിമാനകരമായ കാര്യമല്ലേ. പ്രതിഫലത്തിന്റെ കാര്യത്തില്‍ കടുംപിടിത്തവും മറ്റുമൊക്കെ പണ്ടു പണ്ടേ ആണുങ്ങളുടെ കുത്തകയായിരുന്നു. നടിമാരെന്നാല്‍ കൊടുക്കുന്ന കാശും വാങ്ങി സ്ഥലം വിടണമെന്നൊരു മുന്‍വിധി. പുതിയ കാലത്ത് അതൊക്കെ ഒന്നു മാറേണ്ടേ. ഇല്ലെങ്കില്‍ പിന്നെ എന്തു സ്ത്രീ ശാക്തീകരണം?

  പറഞ്ഞു വരുന്നത് ഇത്രയേ ഉളളൂ. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടവും സൗകര്യവുമുളള കാര്യങ്ങള്‍ ചെയ്യട്ടെന്നേ. മമ്മൂട്ടി, തന്റെ സൂപ്പര്‍സ്റ്റാര്‍ ഇമേജും വെച്ച് ഒരു കഥയും തല്ലിക്കൂട്ടി ഭീഷണിയും ഗുണ്ടായിസവും ഉപയോഗിച്ച് അത് കമലിനെക്കൊണ്ട് സംവിധാനം ചെയ്യാന്‍ ശ്രമിച്ചാല്‍ നമുക്ക് പ്രതിഷേധിക്കാം. പ്രതികരിക്കാം. അല്ലാതെ കമല്‍ കൊണ്ടുവന്ന വേഷം മമ്മൂട്ടി നിരസിച്ചു, മീരാ ജാസ്മിന്‍ നിരസിച്ചു, അടൂരിന് വിദേശ ഫണ്ടു കിട്ടുന്നു എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുന്നത് അത്ര ശരിയല്ല.

  കാര്യങ്ങള്‍ അറിയാവുന്ന പ്രേക്ഷകര്‍ തന്നെയാണ് കമലേ കേരളത്തിലുളളത്. ഒരുപാട് തരികിടയൊന്നും അവിടെ ചെലവാകില്ല. നരസിംഹം സൂപ്പര്‍ഹിറ്റാക്കിയ ലാലിന്റെ ആരാധകര്‍ തന്നെയാണ് അലിഭായി പൊട്ടിച്ച് കൈയില്‍ കൊടുത്തത്. ചിന്താവിഷ്ടയായ ശ്യാമളയും ഉദയനാണ് താരവും കണ്ടവര്‍ തന്നെയാണ് ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡത്തെ മൂന്നുവാരം തികയും മുമ്പ് കൂവിയോടിച്ചത്. എന്തിനേറെ നിറം നെഞ്ചിലേറ്റിയവര്‍ തന്നെയല്ലേ, ഗോളിനെ അടിച്ചു ദൂരെയെറിഞ്ഞത്.

  പണം കൊടുത്ത് പടം കാണുന്നവനറിയാം. ഏത് വിജയിക്കണം, ഏത് ഏഴു നിലയില്‍ പൊട്ടിക്കണമെന്ന്. കൊളളാവുന്ന ചിത്രങ്ങളെടുത്ത് മിടുക്കു തെളിയിക്കുക. മറ്റുളളവരെ അവരുടെ വഴിക്ക് വിടുക. യേത്.............

  മുന്‍പേജില്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X