twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേനോന്‍ ചേട്ടന്റെ ഓരോ തമാശകളേ...........

    By പരദൂഷണന്‍
    |

    പല ചിത്രങ്ങളും പലപ്പോഴും തീയേറ്റര്‍ എഡിറ്റിംഗിന് വിധേയമാകാറുണ്ട്. പ്രേക്ഷകന്‍ സിനിമയോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഏറ്റവും നന്നായി മനസിലാകുന്നത് തീയേറ്റര്‍ ഉടമകള്‍ക്കാണ്. ഓടിക്കൊണ്ടിരിക്കുന്ന സിനിമയില്‍ ഏത് ഭാഗങ്ങളാണ് കാണിക്ക് പ്രിയപ്പെട്ടതെന്നും ഏത് ഭാഗത്താണ് അവന്‍ കൂവുന്നതെന്നും അവര്‍ക്ക് തൊട്ടറിയാം.

    ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ ആവര്‍ത്തിച്ച് കാണിക്കാനുളള വകുപ്പ് തീയേറ്ററുകാര്‍ക്ക് ഇല്ലാത്തതിനാല്‍ മറ്റു ഭാഗങ്ങള്‍ അവര്‍ വെട്ടിക്കളയുന്നു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ അവസാനത്തെ പാട്ടുണ്ടല്ലോ, ഏതോ നിദ്രതന്‍ പൊന്‍മണി വീണയില്‍ എന്ന ഗാനം. സിനിമ റിലീസ് ചെയ്ത് കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തീയേറ്ററില്‍ നിന്നും ഈ പാട്ട് അപ്രത്യക്ഷമായി.

    ബോറടിയുടെ കൊടുമുടിയിലിരുന്ന് നരകിച്ച പ്രേക്ഷകന് തീയേറ്ററുകാരുടെ വക സമാശ്വാസമായിരുന്നു ഈ കട്ട്. എങ്ങനെയെങ്കിലും സിനിമ തീര്‍ന്നു കിട്ടാനായി ഇരുട്ടത്തിരുന്ന് നെടുവീര്‍പ്പിട്ടിരിക്കുന്ന പ്രേക്ഷകരെ തീയേറ്റര്‍ ഉടമകള്‍ എങ്ങനെ കണ്ടില്ലെന്ന് വെയ്ക്കും? അടുത്ത പടത്തിനും ഇവരൊക്കെയല്ലേ ഇരച്ചു കയറി പണമെറിയേണ്ടത്?

    തീയേറ്ററിനുളളില്‍ ബോറടിച്ച പ്രേക്ഷകന്റെ കൂട്ടമരണം ഒഴിവാക്കാന്‍ വഴിയൊന്നേയുണ്ടായിരുന്നുളളൂ. പാട്ട് വെട്ടിമാറ്റുക. പൊന്‍മുട്ടയിടുന്ന പ്രേക്ഷകരെ രക്ഷിക്കുക.

    പ്രേക്ഷകര്‍ക്കും ലാഭം, തീയേറ്ററുകാര്‍ക്ക് അത്രയും നേരത്തെ വൈദ്യുതിയും ലാഭം. പാട്ടുണ്ടായാലും ഇല്ലെങ്കിലും ആ പടം എത്രദൂരം ഓടുമെന്ന് തീയേറ്ററുകാര്‍ക്കറിയാം. പിന്നെന്തിന് വിലയേറിയ വൈദ്യുതി പാഴാക്കണമെന്ന് അവര്‍ക്കു തോന്നിയാല്‍ ആരെ കുറ്റം പറയും.

    മേനോന്റെ ചിത്രം വെട്ടിയോ തിരുത്തിയോ എന്നൊന്നും പരദൂഷണന് അറിയില്ല. വെട്ടിയിട്ടുണ്ടെങ്കില്‍ അതിന് മതിയായ കാരണം മേല്‍പറഞ്ഞതായിരിക്കുമെന്ന് കരുതാന്‍ മേനോനെപ്പോലെ സകലകലാ വല്ലഭനൊന്നും ആകേണ്ട കാര്യമില്ല. വല്ലപ്പോഴും തീയേറ്ററില്‍ പോയി സിനിമ കാണുന്ന അനുഭവം തന്നെ ധാരാളം.

    മായാവി, ചോക്ക്ലേറ്റ്, ഛോട്ടാ മുംബെ പോലുളള ഹിറ്റ് ചിത്രങ്ങള്‍ വിതരണത്തിനെടുത്ത വൈശാഖാ മൂവീസ്, മേനോന്റെ ജയസൂര്യച്ചിത്രത്തോട് എന്തിനിങ്ങനെയൊരു കൊടുംചതി കാണിക്കണം? സിനിമ പരാജയപ്പെട്ടതിന്റെ കാരണമറിയാന്‍ ചിത്രം കണ്ടുനോക്കിയാല്‍ ആര്‍ക്കുമറിയാമെന്നാണ് നിര്‍മ്മാതാവ് അനൂപിന്റെ കൊളളിവെച്ച വര്‍ത്തമാനം.

    ഭയങ്കര സംഭവമെന്നൊക്കെ കൊട്ടിഗ്ഘോഷിച്ചാണ് ആള്‍ക്കാരോട് മേനോന്‍ ദേ ഇങ്ങോട്ട് നോക്കിയേ എന്നു പറഞ്ഞത്. അത്യുജ്ജ്വലമായ രാഷ്ട്രീയ സിനിമയെന്നായിരുന്നു വായ്‍പാട്ട്. രണ്ടര മണിക്കൂര്‍ നീളുന്ന പീതാംബരക്കുറുപ്പിന്റെ പ്രസംഗം ഇതിനെക്കാള്‍ എത്രയോ ആസ്വാദ്യമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കില്‍, പിന്നെ വിതരണക്കാരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ മേനോനേ.....

    കാട്ടിലെ തടി തേവരുടെ ആന എന്ന പഴയൊരു ചിത്രത്തിന്റെ വികലമായ അനുകരണമാണ് ഈ ചിത്രമെന്ന് പരദൂഷണന്‍ ആരോപിക്കുന്നില്ല. കാണികളില്‍ ചിലര്‍ അങ്ങനെ അടക്കം പറയുന്നുണ്ടെങ്കിലും.

    കൃഷ്ണാ ഗോപാല കൃഷ്ണയാണ് മേനോന്റെ ഇതിനു മുമ്പത്തെ അവസാന ചിത്രം. അതിറങ്ങിയത് അഞ്ചു കൊല്ലം മുമ്പാണ്. അഞ്ചു കൊല്ലം തനിക്ക് റീ ചാര്‍ജിന്റെ വേളയായിരുന്നുവെന്നും ഈ കാലത്തൊന്നും തന്നെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും മേനോന്‍ വീമ്പടിച്ചിരുന്നു. തന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന ചിത്രവുമായിട്ടാണ് വരവെന്നാണ് ധ്വനി.

    പതിനാറും പതിനേഴും പേരെ വെച്ച് ഷോ നടത്തേണ്ട ഗതികേട് തീയേറ്ററുകാര്‍ക്ക് വന്നപ്പോഴാണ് അത്ഭുതത്തിന്റെ ആഴം നിര്‍മ്മാതാവും വിതരണക്കാരുമൊക്കെ നേരെ അറിഞ്ഞത്. തല്ലിപ്പൊളി കഥയും സീരിയല്‍ നിലവാരം പോലുമില്ലാത്ത തിരക്കഥയും മിമിക്സ് പരേഡ് സംവിധായകര്‍ പോലും നാണിച്ചു ചൂളുന്ന സംവിധാനവും കണ്ട പ്രേക്ഷകര്‍ ചിത്രത്തെ കാലില്‍ തൂക്കിയെടുത്ത് നിലത്തടിച്ചു കൊന്നു.

    തിരക്കഥയുമെഴുതി സംവിധാനവും ചെയ്ത മേനോന് പിന്നെയും മുറുമുറുപ്പ് ബാക്കി. വിതരണക്കാരാണു പോലും വില്ലന്മാര്‍.

    മുന്‍പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    ദേ ഇങ്ങോട്ടു നോക്കിയേ ഫോട്ടോ ഗ്യാലറി

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X