ജാസിക്കു ജയരാജിനെയും വേണ്ട
ജാസി ഗിഫ്ഫ്റ്റിന്റെ ഗാനങ്ങളില്ലായിരുന്നുവെങ്കില്‍ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിന്റെ ഗതി എന്താകുമായിരുന്നു? കാമ്പസ് കൗമാരങ്ങള്‍ ലജ്ജാവതി പാടി നടന്നില്ലായിരുന്നുവെങ്കില്‍ ഫോര്‍ ദി പീപ്പിള്‍ ശ്രദ്ധിക്കപ്പെടുമായിരുന്നോ?
ഈ ചോദ്യങ്ങളൊന്നും ഫോര്‍ ദി പീപ്പിളിന്റെ സംവിധായകന്‍ ജയരാജിന് ഇഷ്ടപ്പെടണമെന്നില്ല. ഒരു പ്രത്യേക സമയത്ത് തരംഗമായി മാറിയ ജാസി ഗിഫ്റ്റ് സംഗീതം (ഇന്ന് ലജ്ജാവതി കേട്ടാല്‍ മുമ്പ് ഈ ഗാനം ആസ്വദിച്ചിരുന്നവര്‍ ഓടി രക്ഷപ്പെടുമെന്നതു മറ്റൊരു കാര്യം) ഇല്ലായിരുന്നുവെങ്കില്‍ വട്ടപൂജ്യമാകുന്ന സിനിമയായിരുന്നു ഫോര്‍ ദി പീപ്പിള്‍. ജാസി ഗിഫ്റ്റിന്റെ സംഗീതം ഹിറ്റായതു കൊണ്ടു മാത്രം പടവും ഹിറ്റായി.
ചക്ക വീണു മുയലു ചത്തതു കണ്ട് ഇനിയും അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ജാസിയെയും കൂട്ടുപിടിച്ച് ജയരാജ് റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്നൊരു ചിത്രംതട്ടികൂട്ടിയത്. ഇത്തവണ ചക്ക മുയലിന്റെ അടുത്ത പോലും വന്നു വീണില്ല. ജാസിയുടെ സംഗീതം ഒട്ടുമേശിയതുമില്ല. അതോടെ ജാസിയെ ജയരാജിനു മതിയായി.
ഫോര്‍ ദി പീപ്പിളിന്റെ വിജയത്തിന്റെ മൊത്തം ക്രെഡിറ്റും ജാസിക്കു അവകാശപ്പെട്ടതാണെങ്കില്‍ റെയ്ന്‍ റെയ്നിന്റെ പരാജയത്തിന്റെ മുഴുവന്‍ പാപഭാരവും ജാസിയുടേതാണെന്ന ഭാവത്തിലായിരുന്നു പിന്നീട് ജയരാജ്. ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമെടുത്തപ്പോള്‍ ജാസിയെ അടുപ്പിച്ചതേയില്ല. റെയ്ന്‍ പോലെ ആ പടവും എട്ടുനിലയില്‍ പൊട്ടി. ഫോര്‍ ദി പീപ്പിളിന് മൂന്നാം ഭാഗം തട്ടിക്കൂട്ടിയപ്പോഴും ജയരാജ് ജാസിയെ വിളിച്ചില്ല.
പക്ഷേ അതിലൊന്നും ജാസിക്ക് നിരാശയില്ല. ജയരാജ് വിളിച്ചാലും മലയാളത്തിലേക്ക് ജാസി വരുമോയെന്ന് സംശയം. അത്രക്കു തിരക്കാണ് ജാസിക്ക് കന്നഡയിലും തെലുങ്കിലും. കന്നഡയില്‍ ജാസി ചെയ്ത പുതിയ ചിത്രത്തിലെ എട്ടു ഗാനങ്ങളും ഹിറ്റാണ്. പുതിയ ചിത്രങ്ങളുടെ തിരക്കിനിടയില്‍ ജയരാജിന്റെ ലോ ബജറ്റ് മുയലിനു മേല്‍ ചക്കയിടല്‍ അഭ്യാസത്തിനു വരാന്‍ ജാസിക്കെവിടെ സമയം...ജയരാജിനു ജാസിയെ വേണ്ടെങ്കില്‍ ജാസിക്കു ജയരാജിനെയും വേണ്ട.


Click it and Unblock the Notifications











