സൂപ്പര്‍സ്റ്റാര്‍ മെലിഞ്ഞെന്നുവച്ച്...
ഒരു തിരിച്ചുവരവിന് വല്ലാത്ത മോഹമുണ്ട്. പക്ഷേ എന്തുചെയ്യാം ഒരാഴ്ച തികച്ചോടാതെ ഹോള്ഡോവര്‍ ആവുന്ന തരത്തിലാണ് പുറത്തിറങ്ങുന്ന തന്റെ ഓരോ സിനിമയുടെയും ബോക്സോഫീസ് പ്രകടനം. എന്നിട്ടും അമ്മ ഇപ്പോഴും തന്നെ കൈവിട്ടിട്ടില്ല. അതുമാത്രമാണ് ഒരാശ്വാസം.
വിശാലമായ അര്‍ത്ഥത്തില്‍ അഞ്ച് സൂപ്പര്‍താരങ്ങളില്‍ ഒരാളായി അമ്മ ഇപ്പോഴും തന്നെ വാഴിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അമ്മയുടെ തടിയൊന്ന് കൊഴുപ്പിക്കാന്‍ അഞ്ച് സൂപ്പറുകളെ വച്ചൊരു പടം പിടിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലൊരാളായി തനിക്കും ഒരു കഥാപാത്ര കുപ്പായം തുന്നിത്തന്നത്. എല്ലാം അമ്മയുടെ കൃപ!
ക്ലാസ് മേറ്റ്സും ചോക്ലേറ്റും പോലുള്ള സൂപ്പര്‍ഹിറ്റുകളുമായി പുതുതായി വലിഞ്ഞുകയറിവന്ന ചില പയ്യന്‍സൊക്കെ ബോക്സോഫീസ് കിടുക്കുമ്പോഴും ആളുകള്‍ക്ക് സിനിമയുടെ പേര് ഓര്‍ത്തുവയ്ക്കാന്‍ പറ്റാത്ത വിധം വേഗത്തില്‍ തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമാവുന്ന അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, കനകസിംഹാസനം തുടങ്ങിയ സിനിമകളില്‍ നായകനായ താന്‍ തന്നെയാണ് ഇപ്പോഴും മലയാളത്തിലെ അഞ്ച് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍! ആന മെലിഞ്ഞെന്നുവച്ച് തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ. അമ്മ ചിലരോടെല്ലാം ചിറ്റമ്മ നയം സ്വീകരിക്കുന്നത് തന്റെ ഭാഗ്യം.
പക്ഷേ അമ്മയ്ക്കു മാത്രമേ ഈ സ്നേഹമുള്ളൂ. മലയാളത്തിലെ അഞ്ചാമത്തെ സൂപ്പര്‍സ്റ്റാറായിട്ടും പ്രഗത്ഭ സംവിധായകരൊന്നും മാനിക്കുന്നതേയില്ല. സിനിമയില്‍ ഇപ്പോഴും തന്റെ സാന്നിധ്യമുണ്ടെന്ന് അറിയിക്കാന്‍ ഈസ്റ്റ് കോസ്റ്റ് വിജയന് പാട്ടെഴുത്തും താരപരിപാടി സംഘടിപ്പിക്കലും നിര്‍ത്തി സിനിമാ സംവിധാനമേറ്റെടുക്കേണ്ടി വന്നു.
പുതിയൊരു സിനിമ കൂടി തേടിയെത്തിയിട്ടുണ്ട്- പാര്‍ത്ഥന്‍ കണ്ട പരലോകം. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ശനിദശ ഫീല് ചെയ്യുന്നുണ്ടോ?. അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രമുണ്ടാക്കിയ സംവിധായകനാണ്. എന്താണാവോ അര്‍ജുനനോടും അര്‍ജുനന്റെ പര്യായങ്ങളോടും ഈ സംവിധായകനിത്ര ഇഷ്ടം? അതു പോട്ടെ, പേരെന്തായാലും സിനിമ കിട്ടിയാല്‍ മതി. സിനിമ വിജയിച്ചാലെന്ത്, വിജയിച്ചില്ലെങ്കിലെന്ത് തനിക്കും സിനിമ ചെയ്യണമെന്ന മട്ടില്‍ മാസത്തില്‍ ഓരോ സിനിമ എന്ന വീതം പടച്ചുവിടുന്ന മലയാളത്തിലെ ഒരു പ്രഗത്ഭ സംവിധായകനെ മാതൃകയാക്കുന്നതാണ് ഇപ്പോഴത്തെ ദശയ്ക്ക് നല്ലത്. സിനിമ ഓടിയാലെന്ത്, ഇല്ലെങ്കിലെന്ത് അഭിനയിക്കാന്‍ തനിക്കും സിനിമ കിട്ടുന്നുണ്ടെന്ന് പറയാമല്ലോ.. അതുതന്നെ ഭാഗ്യം...


Click it and Unblock the Notifications











