For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസൂയയുടെ മഷി, അഹങ്കാരത്തിന്റെ പേന

By Staff
|

സര്‍ഗാത്മക സാഹിത്യത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ശ്രദ്ധിക്കപ്പെടാനുളള വഴി നിരൂപണമാണ്. കഥയും കവിതയും നോവലുമൊക്കെ എഴുതുന്നവനെ കൊന്നു കൊലവിളിക്കാം. വിവാദമുണ്ടാക്കാം. എഴുത്തുകാരന്റെ ചെലവില്‍ അവന്റെ തലയ്ക്കു മീതെ ആളായി നടക്കാം.

എന്നാല്‍ നിരൂപണവും അന്തസായി നടത്തുന്നവരുണ്ട്. കാലത്തിന്റെ മാറ്റവും സമകാലിക സാഹിത്യത്തിന്റെ പരിണാമഗതിയുമൊക്കെ ഒരു തപസ്യ പോലെ വായിച്ച്് സ്വായത്തമാക്കുന്നവര്‍.

അതികഠിനമായ സാഹിത്യ സപര്യയാല്‍ നിരൂപണശാഖയില്‍ സ്വന്തം ഇടമുറപ്പിച്ചവര്‍. അങ്ങനെയുളളവരും മലയാളസാഹിത്യത്തിലുണ്ട്.

എന്നാല്‍ നമ്മുടെ സിനിമാ ഗാനശാഖയില്‍ ഗൗരവമുളള ഒരു നിരൂപണത്തിന് വകയുണ്ടോ? സാമാന്യബുദ്ധിയുളളവര്‍ ഇല്ല എന്നു പറയും.

സിനിമാ ഗാനത്തിന് സാഹിത്യ ഗുണം വേണമത്രേ!

കാരണം, സിനിമാ ഗാനങ്ങള്‍ ആരും കാര്യമായി എടുക്കാറില്ല. കവിതയുടെയോ സാഹിത്യത്തിന്റെയോ മിന്നലാട്ടങ്ങള്‍ വല്ലപ്പോഴും പ്രകടിപ്പിക്കുമെന്നല്ലാതെ ഗൗരവമുളള സാഹിത്യാനുഭവം സിനിമാ ഗാനങ്ങള്‍ നല്‍കുമെന്ന് ആരും കരുതുന്നില്ല.

കേട്ടു കളയുന്നു. എന്നു മാത്രവുമല്ല, ഒരു ഗാനം രൂപപ്പെടുന്നതിന്റെ വഴിക്കണക്കുകള്‍ പ്രേക്ഷകന് കാണാപ്പാഠവുമാണ്.

ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന പ്രമേയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്ത കാലത്ത് രചിക്കപ്പെട്ട സിനിമാ ഗാനങ്ങള്‍ക്ക് സാഹിത്യഗുണമുണ്ടായിരുന്നു. കാരണം അത് എഴുതിയിരുന്നവര്‍ സാഹിത്യത്തില്‍ സ്വന്തം ഇടമുറപ്പിച്ചവരായിരുന്നു.

വയലാറും പി ഭാസ്കരനും ഒഎന്‍വിയും ശ്രീകുമാരന്‍തമ്പിയും യൂസഫലി കേച്ചേരിയുമൊക്കെ ആ പാത പിന്തുടര്‍ന്നവരാണ്. വെറും സിനിമാ പാട്ടെഴുത്തുകാര്‍ എന്നതല്ല മലയാളത്തില്‍ അവരുടെ വിലാസം.

ലക്ഷ്യം കച്ചവടം, കണ്ണ് ട്രെന്‍ഡില്‍

എന്നാല്‍ ഇന്നത്തെ സിനിമ തന്നെ തല്ലിക്കൂട്ടാണ്. യാഥാര്‍ത്ഥ്യവുമായോ ജീവിതവുമായോ പുലബന്ധം പോലുമില്ലാത്ത പ്രമേയങ്ങള്‍ സിനിമയാകുന്നു. കച്ചവടലാഭം മാത്രമാണ് ലക്ഷ്യം. ചേരുവകളും നടീനടന്മാരെയും നിശ്ചയിച്ചു കഴിഞ്ഞാണ് കഥയും തിരക്കഥയും ജനിക്കുന്നത്.

രണ്ട് ഇടി, നാല് പാട്ട്, അതില്‍ മൂന്നു നൃത്തം, ഒന്ന് ശോകം, നായകനില്‍ കാണികളുടെ സഹതാപമുണര്‍ത്താനും പിന്നീട് വീരസ്യവും മനസിലെ നന്മയും പ്രകാശിപ്പിക്കാനും ഇത്ര വീതം സീനുകള്‍ എന്നൊക്കെയാണ് മുന്‍ധാരണകള്‍.

ഇതിനൊപ്പിച്ചാണ് പലപ്പോഴും ഗാനരചയിതാക്കള്‍ക്ക് ഗാനങ്ങള്‍ ഒരുക്കേണ്ടി വരുന്നത്.

എഴുതുന്ന ഗാനം നിര്‍മ്മാതാവും സംവിധായകനും ഇഷ്ടപ്പെട്ടാലാണ് അത് സിനിമയില്‍ ഉള്‍പ്പെടുത്തുന്നത്. നിര്‍മ്മാതാവിന്റെ ലക്ഷ്യം ഓഡിയോ റൈറ്റില്‍ നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ്.

വിപണിയില്‍ വിജയിക്കണം എന്നല്ലാതെ ഗാനത്തിന്റെ സാഹിത്യഭംഗിയിലും ഭാഷാശുദ്ധിയിലും നിര്‍മ്മാതാവിന് നിര്‍ബന്ധമൊന്നുമില്ല. ടിവി ചാനലുകളില്‍ തുടര്‍ച്ചയായി കാണിച്ചാല്‍ തീയേറ്ററുകളില്‍ ആളു കയറണം. കോളജ് കാമ്പസുകളോ മറ്റോ ആണ് സിനിമയുടെ കഥാപരിസരമെങ്കില്‍ കൗമാരം ഇളകിത്തുളളുന്ന സംഗീതവും വരികളും വേണം.

കോടികള്‍ മുതലിറക്കുന്നവന്‍ ഭാഷയെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ഒരു കോടി വിപണിയില്‍ നിക്ഷേപിക്കുന്നവന്‍ രണ്ടു കോടി തിരികെ വരാനുളള വഴിയാണ് നോക്കുന്നത്.

ഇങ്ങനെയൊരുപാട് കടമ്പകള്‍ കടന്നാണ് ഒരു സിനിമാഗാനം പിറവിയെടുക്കുന്നത്.

പാട്ടു കേള്‍ക്കും, പിന്നെ മറക്കും

ഇത് അറിയാവുന്നവരാരും സിനിമാ ഗാനങ്ങളെ കാര്യമായി എടുക്കാറില്ല. ലജ്ജാവതിയായാലും രാക്കളിപ്പാട്ടായാലും ഒരു സാധാരണ മലയാളിക്ക് ഒരുപോലെയാണ്. അടുത്ത അടിപൊളി വരുമ്പോള്‍ അവന്‍ ആദ്യത്തെ അടിപൊളി മറക്കും.

തങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നവ കാലാതിവര്‍ത്തിയായ അടിപൊളിയാണെന്ന് ഗാന രചയിതാവോ സംഗീതസംവിധായകനോ ഒന്നും അവകാശപ്പെടാറില്ല, സാധാരണ നിലയില്‍. അങ്ങനെ ഭാവിക്കുന്നവര്‍ കണ്ടേക്കാം. എന്നാല്‍ പാട്ടുകേള്‍ക്കുന്നവന് അത് ബാധകമല്ല.

അടുത്ത പാട്ടെത്തുമ്പോള്‍ അവന്‍ ആദ്യത്തേത് മറക്കും. സിനിമാ നിര്‍മ്മാതാക്കളും അത്രയേ ആഗ്രഹിക്കുന്നുമുളളൂ.

ഇത്രയും പരത്തിയെഴുതാന്‍ കാരണം സിനിമാ മംഗളത്തില്‍ ടി പി ശാസ്തമംഗലത്തിന്റെ സിനിമാ ഗാന നിരൂപണക്കസര്‍ത്തുകളാണ്.

എന്തും എഴുതാന്‍ ശാസ്തമംഗലത്തിനും അത് അച്ചടിക്കാന്‍ സിനിമാ മംഗളത്തിനും അവകാശമുണ്ട്. ആ അവകാശം തന്നെയാണ് മലയാളത്തിലെ സിനിമാ ഗാനരചയിതാക്കളും ഉപയോഗിക്കുന്നത്.

അസൂയയില്‍ നുരയുന്ന വാചാലത

അസൂയയുടെ മഷിയില്‍ മുക്കി അദ്ദേഹം ഗിരീഷ് പുത്തഞ്ചേരിയെയും വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയെയുമൊക്കെ നിരൂപിക്കുകയാണ്. പണ്ടെന്നോ ഗാന രചനയില്‍ ഒരു കൈനോക്കി ക്ലച്ചു പിടിക്കാത്തതിന്റെ ചൊരുക്കാണ് ശാസ്തമംഗലത്തിന്റേതെന്ന് ഗിരീഷ് പുത്തഞ്ചേരി ഒരിക്കലോ മറ്റോ പറഞ്ഞിട്ടുമുണ്ട്.

മലയാള ഭാഷയുടെയും ഗാനാസ്വാദകരുടെയും വക്കാലത്തുമായാണ് അദ്ദേഹം പലപ്പോഴും രംഗത്തു വരാറുളളത്. എന്നാല്‍ ഭാഷാ പണ്ഡിതരോ ആസ്വാദകരോ ഇദ്ദേഹത്തിന് എന്തെങ്കിലും പരിഗണന നല്‍കുന്നതായി തെളിവൊന്നുമില്ല.

വ്യക്തിവൈരാഗ്യം നുരകുത്തിയൊഴുകുന്ന ശൈലിയില്‍ അദ്ദേഹം തളളിപ്പറഞ്ഞ എല്ലാ ഗാനങ്ങളും ആസ്വാദകര്‍ നെഞ്ചേറ്റി ലാളിച്ചിട്ടുണ്ട്. ഫോര്‍ ദ പീപ്പിളിലെ ലജ്ജാവതിയും ചന്ദ്രലേഖയിലെ ഒന്നാം വട്ടം കണ്ടപ്പോഴുമൊക്കെ തീരെച്ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

കെ ജയകുമാറിന്റെ ഗതികേട്

രാക്കിളിപ്പാട്ട് എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ശാരികേ എന്ന ഗാനം രചിച്ചത് കെ ജയകുമാര്‍ ഐഎഎസ്സാണ്. ഖലീല്‍ ജിബ്രാന്റെ കൃതികള്‍ പരിഭാഷപ്പെടുത്തിയ സാഹിത്യ സ്നേഹി. അദ്ദേഹത്തിന് സൗജന്യമായി ശാസ്തമംഗലം ഒരു ഉപദേശം നല്‍കുന്നുണ്ട്, ഈ ലക്കം സിനിമാ മംഗളത്തില്‍.

നന്നായി ശ്രദ്ധിച്ചാല്‍ കെ ജയകുമാറിന് ഭേദപ്പെട്ട സിനിമാ ഗാനങ്ങള്‍ എഴുതാനാവുമത്രേ! ഏതോ ജന്മത്തില്‍ ചെയ്ത കഠിനപാപത്തിന്റെ ഫലം തന്നെ ഇത്. കെ. ജയകുമാറിനെ ശാസ്തമംഗലം പാട്ടെഴുതാന്‍ പഠിപ്പിക്കുക.

അടുത്ത ഗാന രചന നടത്തും മുമ്പ് ജയകുമാര്‍ ഐഎഎസ് ടി പി ശാസ്തമംഗലത്തിന്റെ വീട്ടില്‍ ഗാനരചനാ ട്യൂഷന് പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. നല്ല പാട്ടുകള്‍ എഴുതി ശാസ്തമംഗലത്തിന്റെ അഭിനന്ദനം നേടണമെന്ന് അദ്ദേഹത്തിനും ആഗ്രഹം കാണില്ലേ, ഐഎഎസുകാരനാണെങ്കിലും.

ആരാണ് ശാസ്തമംഗലം?

ആസ്വാദനത്തിന്റെ സഹായത്തിന് ശാസ്തമംഗലത്തിന്റെ വിധി തീര്‍പ്പുകളെ ആശ്രയിക്കേണ്ടി വരും വിധം ഗതികെട്ടു പോയവരല്ല മലയാളികള്‍.

ഇഷ്ടമുളളത് കേള്‍ക്കാനും ആസ്വദിക്കാനും ആരുടെയും ഓശാരവും ഇവിടെയാര്‍ക്കും വേണ്ട. കസെറ്റു വില്‍പനയെയോ ഓഡിയോ റൈറ്റിനെയോ ദോഷകരമായി ബാധിക്കാവുന്ന വാഗ്ശക്തിയോ ആധികാരികതയോ ടി പി ശാസ്തമംഗലത്തിനില്ല.

അടുത്ത ചിത്രത്തിന് പാട്ടെഴുതാന്‍ ആരെ ക്ഷണിക്കണമെന്ന് തീരുമാനമെടുക്കുമ്പോള്‍ സിനിമാ മംഗളം മറിച്ചു നോക്കി ഇദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ നിര്‍മ്മാതാവ് ശ്രദ്ധിക്കാറുമില്ല. ഗാനത്തിന്റെ ചര്‍ച്ച നടക്കുമ്പോള്‍ ശാസ്തമംഗലത്തെക്കൂടി പങ്കെടുപ്പിക്കാറില്ല.

എന്താണ് അദ്ദേഹത്തിന്റെ സംഭാവന?

മലയാള ഭാഷയിലോ കവിതയിലോ മറ്റു സാഹിത്യ രൂപങ്ങളിലോ ഓര്‍മ്മിക്കപ്പെടാവുന്നതൊന്നും ശാസ്തമംഗലം സംഭാവന ചെയ്തിട്ടില്ല.

നാട്ടിലോ മറുനാട്ടിലോ ഇറങ്ങുന്ന പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സാധാരണ പുസ്തക റിവ്യൂ പോലും കൊളളാവുന്ന വാരികയില്‍ അച്ചടിച്ചു വരും വിധം എഴുതാന്‍ കഴിവും സാഹിത്യസ്വാധീനവുമുളളവനുമാണ് താനെന്ന് അദ്ദേഹം ഇനിയും തെളിയിച്ചിട്ടില്ല.

കുറെക്കാലം വയലാറിന്റെയും പി ഭാസ്കരന്റെയും ഗാനങ്ങളെ തലങ്ങും വിലങ്ങും പോസ്റുമാര്‍ട്ടം ചെയ്ത് സിനിമാ വാരികകളില്‍ അച്ചടിപ്പിച്ചു. ഒരു നിര്‍മ്മാതാവും തിരിഞ്ഞു നോക്കിയില്ല. ഒരു നിര്‍മ്മാതാവിനും വേണ്ട ശാസ്തമംഗലത്തിന്റെ ഗാന സങ്കല്‍പവും രചനാ ശാസ്ത്രവും.

പറഞ്ഞു വരുന്നത് ഇതാണ്.

ഇങ്ങനെയുളളവര്‍ക്ക് ചുളുവില്‍ പ്രശസ്തി നേടാനുളള വഴി കൈതപ്രത്തിനെയും ഗിരീഷ് പുത്തഞ്ചേരിയെയും ചീത്ത പറയുക എന്നുളളതാണ്.

ഏതെങ്കിലും തരത്തില്‍ തനിക്കും പ്രശസ്തി വേണം. എന്നാല്‍ ഗൗരവമുളളതൊന്നും എഴുതാനുളള കോപ്പ് കൈയിലില്ല. പിന്നെ മിടുക്കന്മാരാരും എതിരാളികളായി വരാത്ത ഒരു മേഖല ടിയാന്‍ തിരഞ്ഞെടുത്തു. സിനിമാ ഗാനങ്ങളിലെ സാഹിത്യം.

ഗോളിയില്ലാത്ത ഗോള്‍പോസ്റുകള്‍

ഒരുവിധം പുസ്തക പരിചയവും വായനാശീലവുമുളളവരാരും ഈ വഴി വരില്ല. അവര്‍ ഗാര്‍സിയ മാര്‍ക്വിസിന്റെയും മറ്റുമൊക്കെ പുറകെ പോകും. അപ്പോള്‍ പിന്നെ തലയില്‍ ആള്‍ത്താമസമുളളവരുമായി മത്സരിക്കേണ്ടി വരില്ലല്ലോ. നാം തന്നെ രാജാവ്.

ചിലതൊക്കെ തുറന്നടിക്കണമെന്ന് ആരൊക്കെയോ അദ്ദേഹത്തിനെ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടത്രേ. മലയാള ഭാഷയുടെ കാവലാളായി ടി പി ശാസ്തമംഗലത്തെ അവരോധിക്കുന്ന ആ സഹൃദയന്മാര്‍ ആരാണാവോ?

സ്വന്തമായി ഒന്നും എഴുതാതെ, മറ്റുളളവര്‍ എഴുതിയതിനെ ഉപജീവിച്ച് സാഹിത്യനായകന്‍ ആയി വിലസിയ അമ്മാവന്റെ പാരമ്പര്യം കുടുംബത്തില്‍ ആരെങ്കിലും പിന്തുടരണമല്ലോ.

സാഹിത്യത്തിന്റെ ഉച്ചാടനവും ഭാഷയുടെ നിലനില്‍പുമാണ് താങ്കളുടെ പ്രശ്നമെങ്കില്‍, ഭാഷാപോഷിണിയും കലാകൗമുദിയുമൊക്കെ പുതിയ കവികളെ പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ കവിതകളെ ഒന്നു നിരൂപണം ചെയ്യൂ സാര്‍, കഴിവുണ്ടെങ്കില്‍. കാണട്ടെ. അങ്ങയുടെ സാഹിത്യ ശേഷി. . .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more