സുരേഷ് ഗോപി വായിച്ചറിയാന്‍....
വലിയ പാടുപെട്ടാണ് താങ്കള്‍ ഒരു സൂപ്പര്‍സ്റ്റാറായതെന്ന് അറിയാമല്ലോ. വേണ്ടുവോളം കയ്യിലിരുപ്പു കൊണ്ട് താങ്കള്‍ സിനിമയില്‍ നിന്നുതന്നെ പുറത്താവുന്ന ഘട്ടവും വന്നു.
താങ്കളുടെ സിനിമകള്‍ മുഴുവന്‍ വെടിവെപ്പും തെറിവിളിയുമായിരുന്നു അക്കാലത്ത്. കൊളളാവുന്ന കഥയോ തിരക്കഥയോ താങ്കളുടെ പല ചിത്രങ്ങളിലും ഇല്ലായിരുന്നു. ആക്ഷന്‍ കൊഴുപ്പിക്കാന്‍ താങ്കള്‍ മൂക്കിടിച്ചു ചതച്ച എക്സ്ട്രാ നടന്മാരുടെ ശാപം വേറെയും.
അപാരമായ ചങ്കൂറ്റമുളള തിരക്കഥാകൃത്താണ് രഞ്ജി പണിക്കര്‍. ചിത്രങ്ങളിലെ വാചകങ്ങളിലെ ചൂടു മുഴുവന്‍ കക്ഷിയുടെ സ്വഭാവത്തിലും കാണും. അതുകൊണ്ടാണല്ലോ ഏതാണ്ട് വീട്ടിലിരുപ്പും ഇടവേളകളില്‍ പരസ്യചിത്രങ്ങളുമായി നടന്ന താങ്കളെ നായകനാക്കി ഭരത് ചന്ദ്രന്‍ ഐപിഎസ് എടുത്തത്.
വീണ്ടും താങ്കള്‍ക്ക് തിരക്കായി. സൂപ്പര്‍താരമായി. ടെലിവിഷന്‍ ചാനലുകളില്‍ വന്നിരുന്ന് കരഞ്ഞ താങ്കളോട് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് സഹതാപമായി. ഭരത്ചന്ദ്രനും ടൈഗറും ചിന്താമണി കൊലക്കേസും സൂപ്പര്‍ഹിറ്റുകളായി.
എന്നാല്‍ ഡിറ്റക്ടീവും സ്മാര്‍ട്ട് സിറ്റിയും കണ്ട് ഞങ്ങള്‍ കരഞ്ഞു. ഷാജി കൈലാസിന്റെ ടൈം ആയിരുന്നു മറ്റൊരു പ്രതീക്ഷ. അതും പൊളിഞ്ഞു. ഇനി നാദിയ കൊല്ലപ്പെട്ട രാത്രിയിലാണ്. രാത്രി പൊളിഞ്ഞാല്‍ പകലും രക്ഷയില്ലെന്നറിയാമല്ലോ.
പഴശിരാജയില്‍ എടച്ചേനി കുങ്കനാകാന്‍ താങ്കളെ വിളിച്ചത് ഹരിഹരനായിരുന്നു. തിരക്കഥ എംടിയുടേയും. അഹങ്കാരം തലയ്ക്കു പിടിച്ച സമയമായതിനാല്‍ താങ്കളെ പഴശിരാജയും മമ്മൂട്ടിയെ എടച്ചേനി കുങ്കനുമാക്കിയാല്‍ അഭിനയിക്കാമെന്ന ധാര്‍ഷ്ട്യം പറഞ്ഞ് അവരെ മടക്കിയയച്ചു. താങ്കളേക്കാള്‍ തടിമിടുക്കും രാഷ്ട്രീയ സ്വാധീനവുമുളള തമിഴ് സൂപ്പര്‍ താരം ശരത് കുമാറാണ് ഇപ്പോള്‍എടച്ചേനി കുങ്കന്റെ വേഷത്തില്‍.
വിജയചിത്രങ്ങള്‍ തുടര്‍ക്കഥയായില്ലെങ്കില്‍ സൂപ്പര്‍താര പദവി വീണ്ടും കാണാമറയത്താകും. നാദിയ കൊല്ലപ്പെട്ട രാത്രിയിലും, ഇനിയിറങ്ങാന്‍ പോകുന്ന കിച്ചാമണി എംബിഎയും പൊളിഞ്ഞുപോയാല്‍ താങ്കളെ വച്ച് ഇനിയൊരു പ്രോജക്ടും ആരംഭിക്കില്ലെന്ന് രഹസ്യതീരുമാനമുളളതായി അറിയുന്നു.
വീണ്ടും വീട്ടിലിരിക്കേണ്ടി വരുമെന്ന് സാരം. ഒരിക്കല്‍ കാണിച്ച തന്റേടം കാണിക്കാന്‍ രഞ്ജി പണിക്കര്‍ എപ്പോഴും തയ്യാറാകണമെന്നില്ല.
സാക്ഷാല്‍ മമ്മൂട്ടിയാണ് കക്ഷിയുടെ അടുത്ത പടത്തിലെ നായകന്‍. അത് കാശുവാരിയാല്‍ പിന്നെ അതിയാന്റെ ചിത്രത്തില്‍ മമ്മൂട്ടി മാത്രമേ കാണൂവെന്ന് ആര്‍ക്കാണ് അറിയാത്തത്.
അതുകൊണ്ട് സൂക്ഷിച്ചും കണ്ടും പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുക. കുട്ടികളേയും ഭാര്യയെയും ഓര്‍ത്തെങ്കിലും. പ്ലീസ്..


Click it and Unblock the Notifications