രഞ്ജിത്ത് : ലഹരിയുടെ ആറാം തമ്പുരാന്‍...?
തിരക്കഥയില്‍ സ്വന്തമായൊരു വഴി വെട്ടിത്തെളിച്ചയാളാണ് രഞ്ജിത്ത്. ആദ്യചിത്രമായ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ മുതല്‍ കയ്യൊപ്പുവരെയുളള ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനൊരു വ്യത്യസ്തത അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ ഒരു പക്ഷേ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട തിരക്കഥാകൃത്തും രഞ്ജിത്ത് തന്നെയായിരിക്കും.
കാമിനിമാര്‍ക്കിടയില്‍ ഒരുവശം ചരിഞ്ഞുളള കൊഞ്ചിക്കുഴയലും ചമ്മലും തമാശയുമായി നടന്ന മോഹന്‍ലാലിനെ മീശപിരിപ്പിച്ച് അമാനുഷികനാക്കിയെന്നാണ് പുളളിയുടെ പേരിലുളള ഏറ്റവും വലിയ കുറ്റം. പിന്നെ സിനിമകളില്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന സവര്‍ണ ഹൈന്ദവതയുടെ ചിഹ്നങ്ങളും.
(രഞ്ജിത്തിന്റെ നായകന്മാരുടെ ജാതി കാണുന്നവര്‍ക്ക് ബോധ്യപ്പെടണമെന്ന് അദ്ദേഹത്തിന് പൊതുവെ നിര്‍ബന്ധമാണ്. നരസിംഹത്തിലെയും പ്രജാപതിയിലെയും രണ്ടു രംഗങ്ങള്‍ ക്ലാസിക് തെളിവുകളാണ്. ഒരു കിണ്ടിയ്ക്കും തുളസിത്തറയ്ക്കും അപ്പുറമുളള ചില സംഗതികള്‍ രഞ്ജിത്തിന്റെ ചിത്രങ്ങളിലുണ്ട്).
പിന്നെ മദ്യപാനത്തിന് നല്‍കുന്ന ആദര്‍ശ പരിവേഷമാണ്. രഞ്ജിത്തിന്റെ തലവരി മാറ്റിയെടുത്ത ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്‍ നാടന്‍വാറ്റില്‍ കരിക്കിന്‍വെളളം ചേര്‍ത്ത് ആഘോഷത്തോടെ വെളളമടിക്കുന്ന ഒട്ടേറെ സീനുകളുണ്ട്.
നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ വെളളമടിയില്‍ നീലകണ്ഠനു പഠിച്ചതില്‍ പിന്നെ തെങ്ങിന്‍മണ്ടകളില്‍ കരിക്കും തേങ്ങയും അപൂര്‍വ വസ്തുവായി.
ദേവാസുരത്തിന്റെ രണ്ടാംഭാഗത്തില്‍ അച്ഛന്‍ മോഹന്‍ലാലും മകന്‍ മോഹന്‍ലാലും ഒരുമിച്ച് വെളളമടിക്കുന്ന രംഗങ്ങളും ചാരുത ചോരാതെ ചിത്രീകരിച്ചിട്ടുണ്ട്. ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിക്കുന്നതു തന്നെ വെളളമടിയെക്കുറിച്ച് വാചാലായിട്ടാണ്.
ഒരുകുപ്പിയുടെ കഴുത്തു പൊട്ടിച്ച് വെളളമടി തുടങ്ങി നാലാം പെഗില്‍ ഐസ് ക്യൂബു വീഴുമ്പോള്‍ സര്‍വ പ്രശ്നവും പരിഹരിച്ച് താനെത്തുമെന്നാണ് നായകന്‍ പറയുന്നത്. ചന്ദ്രോത്സവത്തില്‍ വെളളമടിച്ചാണ് ഉത്സവം. അഥവാ എല്ലാ ഉത്സവവും വെളളമടിയാണ്.
വൈകിട്ടെന്താ പരിപാടിയെന്ന് ധൈര്യമായി മോഹന്‍ലാലിന് ചോദിക്കാമെന്ന സാഹചര്യം ഒരുക്കിയതിനു പിന്നില്‍ രഞ്ജിത്തിന്റെ തിരക്കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പങ്കുണ്ട്.


Click it and Unblock the Notifications











