ജയസൂര്യ ഏലസ് കെട്ടിയാല്‍ പൃഥ്വിക്ക് ഭാഗ്യം!
സിനിമയില്‍ അവസരം കിട്ടാനും സിനിമ വിജയിക്കാനുമൊക്കെ ജ്യോതിഷിമാരുടെ ഏത് നിര്‍ദേശവും അനുസരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ചിലരുണ്ട് സിനിമാരംഗത്ത്. സിനിമയില്‍ തന്റെ ഭാഗ്യം മറ്റു ചിലരുടെ സിനിമകളെ ആശ്രയിച്ചാണ് നില്‍ക്കുന്നതെങ്കില്‍ അവര്‍ക്ക് ഭാഗ്യം വരാന്‍ കൈയില്‍ ഏലസ് കെട്ടി നടക്കാനും മടിയില്ലാത്തവരെയും ഇക്കൂട്ടത്തില് കാണാം.
മലയാളത്തിലെ ഒരു യുവനടന്‍ മറ്റൊരു യുവനടന് ഭാഗ്യം വരാന്‍ കൈയില്‍ ഏലസും കെട്ടി നടക്കുന്നുണ്ടത്രെ. ഏലസ് ദേഹത്ത് വഹിക്കുന്നത് ജയസൂര്യയാണ്. പൃഥ്വിരാജിന് ഭാഗ്യം വരാനാണ് ജയസൂര്യ ഭാഗ്യയന്ത്രം ധരിച്ചിരിക്കുന്നത്.
നായകനെന്ന നിലയില്‍ ജയസൂര്യയുടെ കാര്യം പരുങ്ങലിലാണ് ഇപ്പോള്‍. നായകനായി അഭിനയിക്കാന്‍ അവസരം കിട്ടിയാലും സിനിമ വിജയിക്കുമെന്ന് യാതൊരുറപ്പുമില്ല. അതേ സമയം നായകവേഷത്തേക്കാള്‍ ചില ഉപനായകവേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. പൃഥ്വിരാജ് നായകനായ ക്ലാസ് മേറ്റ്സ് സൂപ്പര്‍ഹിറ്റായപ്പോള്‍ ചിത്രത്തിലെ ജയസൂര്യയുടെ ഉപനായകവേഷവും ശ്രദ്ധിക്കപ്പെട്ടു. എങ്കില്‍പ്പിന്നെ പൃഥ്വിരാജിന്റെ ഉപനായകനായി ശിഷ്ടകാലം കഴിഞ്ഞുകൂടുന്നതാണ് നായകനാവുന്നതേക്കാള്‍ നല്ലത് എന്നാണത്രെ ജയസൂര്യയുടെ ചിന്ത.
പൃഥ്വിരാജിന്റെ ചോക്ലേറ്റ്, കങ്കാരു എന്നീ ചിത്രങ്ങളിലൊക്കെ ജയസൂര്യക്ക് വേഷമുണ്ട്. ഈ സിനിമകള്‍ വിജയിച്ചാല്‍ ജയസൂര്യക്കും അത് ഗുണമാവും. പക്ഷേ സിനിമ വിജയിക്കണമെങ്കില്‍ നായകനെ ഭാഗ്യം അനുഗ്രഹിക്കണമല്ലോ. അപ്പോള്‍ പിന്നെ നായകന് ഭാഗ്യം വരാന്‍ വേണ്ടതൊക്കെ ചെയ്യുക തന്നെ. പൃഥ്വിരാജിന് ഭാഗ്യം വരാനായി ഒരു ജ്യോതിഷി നല്‍കിയ ഏലസും ദേഹത്ത് ധരിച്ച് നടക്കുകയാണത്രെ ജയസൂര്യ ഇപ്പോള്‍.


Click it and Unblock the Notifications