For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബഹുമുഖപ്രതിഭയുടെ സങ്കടങ്ങള്‍

  By പരദൂഷണന്‍
  |

  സിനിമയില്‍ കടന്നു വന്ന കാലത്ത് നാം ബഹുമുഖ പ്രതിഭയായിരുന്നു. കോളെജ് അധ്യാപകന്റെ ലേബലില്‍ ഭൂലോക അലന്പിന്റെ ഉസ്താദായി നാം തിരശീലയില്‍ നിറഞ്ഞാടി. തിരക്കഥയും സംഭാഷണവും രചിക്കാന്‍ നമുക്ക് രണ്ടു മിനിട്ടും മൂന്നു സെക്കന്റും മതിയെന്ന അവസ്ഥയില്‍ അധിപന്‍ പോലൊരു ചിത്രം മലയാളത്തില്‍ സംഭവിച്ചു.

  എച്ചൂസ് മീ എന്നോ, കാക്ക തൂറിയെന്നോ പറയാന്‍ കോളെജ് അധ്യാപകന്റെ പൂര്‍വജന്മം നമുക്ക് തടസമായതേയില്ല. ഫലം പുട്ടിന് തേങ്ങയെന്ന പോലെ, കഞ്ഞിക്ക് ഉപ്പെന്ന പോലെ, ഷക്കീലച്ചിത്രങ്ങളില്‍ രേഷ്മയുടെ ബിറ്റെന്ന പോലെ ഇറങ്ങിയതും ഇറങ്ങാത്തതുമായ എല്ലാ ചിത്രത്തിലും നാമുണ്ടായി.

  കോമഡിയായിരുന്നു നമ്മുടെ തട്ടകം. നായകന്റെ അസിസ്റ്റന്റായും നാം കുറെ വിലസി. കുട്ടേട്ടനില്‍ മെഗാതാരത്തിന്റെ സില്‍ബന്ധിയാകുന്ന അതേ ലാഘവത്തോടെ ബട്ടര്‍ഫ്ലൈസില്‍ ലാലേട്ടന്റെയും ശിങ്കിടിയായി. നമ്മെ ഇടിച്ചും തൊഴിച്ചും അവര്‍ തിളങ്ങി. അവരുടെ ഇടിയും ചവിട്ടും ആട്ടും തുപ്പുമേറ്റ് നാമും അഭിനയിച്ചു.

  പല നായകരില്‍ ഒരാളായും നാം കുറെ പയറ്റി. മമ്മൂട്ടി, പെട്ടി, കുട്ടി എന്നതു പോലെ ഒരു ഫോര്‍മുല അന്നുമുണ്ടായിരുന്നു. നമ്മളും സിദ്ധിഖും മുകേഷും സായി കുമാറുമൊക്കെ ചേര്‍ന്നൊരു തരികിട കന്പിനി. ഗീതാ വിജയന്‍, സുചിത്ര തുടങ്ങിയ ഉപഗ്രഹങ്ങളും എല്ലാ ചിത്രങ്ങളിലും ഉണ്ടായിരുന്നു.

  പിന്നീടാണ് നമ്മള്‍ നായകനായത്. ലോറി കയറിയ പാട്ടയുടെ ചേലുളള മുഖം നായകന് ചേരുമോ എന്ന് അസൂയാലുക്കള്‍ ചോദിച്ചു. ആവാമെന്ന് ഉത്തരം പറ‍ഞ്ഞു. പൊന്നാരന്തോട്ടത്തെ രാജാവായും സ്ഥലത്തെ പ്രധാന പയ്യന്‍സായും ഒരുപോലെ വിലസി.

  പക്ഷെ, എവിടെയാണെന്നറിഞ്ഞില്ല. നമുക്ക് പിഴച്ചു പോയി. ലാലേട്ടന്റെ ശിങ്കിടിയായി ഒന്നാമനില്‍ അവതരിച്ചെങ്കിലും ജനം കൂവിയോടിച്ചു. പഴയ ഡയലോഗും തമാശയുമൊന്നും ഏല്‍ക്കുന്നില്ല. കു‍ഞ്ചാക്കോ ബോബന്റെ കൂടെയും ഉപനായകനായി ആടിയെങ്കിലും എന്തോ ഒരു ക്ലച്ച് പിടിക്കായ്ക.

  പിന്നീടാണ് സീരിയലില്‍ ഒരു കൈ നോക്കിയത്. വീണ്ടും ചില കുടുംബ ചിത്രങ്ങള്‍ എന്ന പേരില്‍ ഏഷ്യാനെറ്റില്‍ സംഗതി സൂപ്പര്‍ ഹിറ്റായി മുന്നേറിയതാണ്. സീരിയലിന്റെ കഥയുടെ അവകാശത്തിന്റെ പേരില്‍ സംവിധായകനുമായി ഉടക്കിയപ്പോള്‍ നാം പുറത്ത്. നമുക്ക് പകരം നായകനായ ചേട്ടന് ദൈവം ആയുസു നല്‍കിയില്ല. എപ്പിസോഡ് മൂന്നെണ്ണിയപ്പോഴേയ്ക്കും ഇഷ്ടന്‍ പരലോകം പൂകി. ദൈവം എപ്പോഴും നമ്മോടൊപ്പം.

  സംവിധായകനോട് പകരം വീട്ടാന്‍ പുതിയ ഐഡിയ തലയില്‍ ഉദിച്ചിട്ടുണ്ട്. വീണ്ടും ചില കുടുംബ ചിത്രങ്ങളുടെ രണ്ടാം ഭാഗം നമ്മുടെ സംവിധാനത്തില്‍ പുറത്തിറക്കുക. എച്ചൂസ് മി പറയുന്നതു പോലെ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പറ‍ഞ്ഞാല്‍ സംവിധാനമായില്ലേ ചേട്ടാ. പണിയറിയാവുന്ന ഒരു സഹനെ മറ്റേ ഗാംഗില്‍ നിന്നും ചൂണ്ടിയിട്ടുമുണ്ട്.

  ഐഡിയ ഉണ്ടെങ്കില്‍ ജീവിതം തന്നെ മാറി മറിയുമെന്നാണ് പരസ്യവാചകം. പിന്നെ സീരിയലിന്റെ കഥ മറിക്കാനാണോ പാടും പടുതിയും.

  അതും കഴി‍ഞ്ഞ് രാഷ്ട്രീയത്തിലിറങ്ങാനാണ് പദ്ധതി. ഗാന്ധിസവും കമ്മ്യൂണിസവും കൂട്ടി യോജിപ്പിക്കണം. സിപിഎമ്മിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് ബിജെപിയുടെ കൊടി പിടിപ്പിച്ചാല്‍ എങ്ങനെയിരിക്കും. അമ്മാതിരിയൊരു പാര്‍ട്ടിയാണ് നമ്മുടെ ലക്ഷ്യം.

  വെഞ്ഞാറമൂടുകാരന്‍ സുരാജും ബിജുക്കുട്ടനുമൊക്കെ വന്ന് നമ്മുടെ കഞ്ഞികുടി മുട്ടിച്ചു. അതുകൊണ്ട് ഇനി നേരെ രാഷ്ട്രീയത്തിലേയ്ക്ക്. പാര്‍ട്ടി ഏതായാലും സീറ്റു മതിയെന്നാണ് പ്രത്യയശാസ്ത്രം. കേള്‍ക്കുന്നുണ്ടോ ആരെങ്കിലും?

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X