ഈ മോള്‍ ആളു കൊളളാമല്ലോ!
അച്ഛന്റെ ചങ്കു വെട്ടിക്കീറി അതില്‍ ഉപ്പും മുളകും തേച്ചിട്ട് ഒരു മകള്‍ പറയുന്നത് കേട്ടില്ലേ. തന്റെയും കാമുകന്റെയും ഒളിച്ചോട്ടക്കഥ അച്ഛന്‍ സിനിമയാക്കണമെന്ന്, നായികയായി താനും നായകനായി ഭര്‍ത്താവും അഭിനയിക്കാമെന്ന്.
തെലുങ്ക് സിനിമയിലെ മുടിചൂടാമന്നന്‍ ചിരഞ്ജീവിയുടെ മകള്‍ ശ്രീജയാണ് വിചിത്രമായ ഈ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന മകള്‍. ശ്രീജയും കാമുകന്‍ സിരീഷ് ഭരദ്വാജും തമ്മിലുളള പ്രണയവും ഒളിച്ചോട്ടവും തെലുങ്കു ചാനലുകള്‍ ലൈവായി കാണിച്ച വിവാഹവുമൊക്കെ ചേരുമ്പോള്‍ തട്ടുപൊളിപ്പന്‍ തെലുങ്കു സിനിമയുടെ കഥയാവുമെന്ന് ഉറപ്പ്.
അമ്പത്തിമൂന്നുകാരനായ ചിരഞ്ജീവിയുടെ നായികമാരില്‍ പലര്‍ക്കും ശ്രീജയുടെ പ്രായമില്ല. അഭിനയിക്കുന്ന രംഗങ്ങളാകട്ടെ ഏറെയും അശ്ലീലത്തിന്റെ ചുവയുളളതും. തെലുങ്കും തമിഴും മലയാളവും മേനികാട്ടി വെട്ടിപ്പിടിച്ച രംഭയെ തന്റെ ആദ്യചിത്രത്തില്‍ ചിരഞ്ജീവി സ്വയം മറന്നു ചുംബിച്ച വാര്‍ത്ത അക്കാലത്തെ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ വിഭവമായിരുന്നു.
വെളളിത്തരയിലെ പ്രണയലോലന്‍ പക്ഷേ വീട്ടിലെ ക്രൂരനായ പിതാവായിരുന്നു. കിളുന്തു പെണ്‍കുരുന്നുകളെ കാമുകിമാരാക്കി സ്ക്രീനില്‍ ചുറ്റിയോട്ടവും ചുംബനവും കെട്ടിമറിയലും ആവോളം നടത്തി കൗമാരവും യൗവനവും നുകര്‍ന്നു രസിച്ച ചിരഞ്ജീവിയ്ക്ക് മകളുടെ പ്രണയം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ശ്രീജയുടെ അമ്മയും ഇക്കാര്യത്തില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു. മകളെ വീട്ടുതടങ്കലിലിട്ട് ചിരഞ്ജീവി ആടിപ്പാടാന്‍ പോകുമ്പോള്‍ അമ്മ മകള്‍ക്ക് കാവലിരുന്നു.
ഹൈദരാബാദില്‍ നിന്നും ഒളിച്ചോടിയ ശ്രീജയും സിരീഷും സെക്കന്തരാബാദിലെ ആര്യസമാജത്തിലെത്തിയാണ് വിവാഹിതരായത്. ചില തെലുങ്കു ചാനലുകളില്‍ കല്യാണം ലൈവായി സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി. ഒളിച്ചോടിയ മകളുടെ വിവാഹം തല്‍സമയം ടിവിയില്‍ കാണാനുളള ഭാഗ്യം അവളുടെ മാതാപിതാക്കള്‍ക്കുണ്ടായി.
കല്യാണം കഴിഞ്ഞ് അല്‍പ സമയത്തിനകം ദമ്പതികള്‍ ദില്ലിയിലേയ്ക്ക് പറന്നു. ദില്ലി ഹൈക്കോടതിയില്‍ കേസും നല്‍കി. ദമ്പതികള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കോടതി ഉത്തരവും നല്‍കി.
തന്റെ പ്രണയവും ഒളിച്ചോട്ടവും അച്ഛന്‍ സിനിമയാക്കണമെന്നാണ് ശ്രീജ ഇപ്പോള്‍ പറയുന്നത്. ചിരഞ്ജീവിയുടെ മകന്‍ രാമ ചന്ദ്ര തേജ ചിരുത എന്ന ചിത്രത്തിലൂടെ നായക പദവിയില്‍ അരങ്ങേറിയിരുന്നു. ചേട്ടനെ സിനിമയില്‍ പ്രതിഷ്ഠിച്ച അച്ഛന്‍ തനിക്കും ഭര്‍ത്താവിനും കൂടി ഒരവസരം നല്‍കണമെന്നാണ് ശ്രീജ ആവശ്യപ്പെടുന്നത്.
കഥ തേടി എങ്ങും പോവുകയും വേണ്ട. ബമ്പര്‍ ഹിറ്റ് തെലുങ്ക് സിനിമയ്ക്കു വേണ്ട മസാലകളെല്ലാം തന്റെ ജീവിതത്തില്‍ തന്നെയുണ്ടെന്ന് ശ്രീജ പറയുന്നു.
ശ്രീജയുടെ കാമുകന്‍ കം ഭര്‍ത്താവ് സിരീഷിന്റെ കയ്യിലിരുപ്പ് അത്ര ശരിയല്ലെന്നാണ് റിപ്പോര്‍ട്ട്. എഞ്ചിനീയറിംഗില്‍ മാത്രമല്ല പയ്യന് ബിരുദം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, കളള പാസ് പോര്‍ട്ട് കൈവശം വെയ്ക്കല്‍ എന്നിങ്ങനെ ചില്ലറ കേസുകള്‍ സിരിഷിന്റെ പേരിലുണ്ട്.
ഇതൊക്കെ തന്റെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്നാണ് ശ്രീജ ഉറച്ചു വിശ്വസിക്കുന്നത്. സൗഭാഗ്യങ്ങളും കോടികളുടെ സമ്പത്തും ഉപേക്ഷിച്ച് സിരീഷിനൊപ്പം ഒളിച്ചോടിയതു തന്നെ ആ പ്രേമത്തിലുളള കറയറ്റ വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. കയ്യിലഞ്ചു കാശില്ലാത്ത ശ്രീജയെ സിരീഷ് ചതിക്കുമോ?
കുഞ്ഞൊന്നു പിറക്കുമ്പോള്‍ ഭാര്യാബന്ധുക്കളുടെ പിണക്കം മാറുമെന്ന് ഏത് കാമുകനെയും പോലെ സിരീഷും വിശ്വസിക്കുന്നുണ്ടാവും. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത കോടികളാണല്ലോ ഒരു പിണക്കത്തിന്റെ കയ്യാലയ്ക്കപ്പുറത്ത് കിടക്കുന്നത്.


Click it and Unblock the Notifications