twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപമാനിച്ചെങ്കില്‍ കണക്കായിപ്പോയി....

    By പരദൂഷണന്‍
    |

    താര വിവാഹങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചെന്ന പരാതി സ്ഥിരം കേള്‍ക്കാറുളളതാണ്. താരങ്ങളുടെ വിവാഹചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. ഫോട്ടോയെടുക്കാനും കാര്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനും വലുതും ചെറുതുമായ എല്ലാ മാധ്യമങ്ങളും പ്രത്യേക പ്രതിനിധികളെ അയയ്ക്കും.

    ഒരു സാദാ സര്‍ക്കാര്‍ ജീവനക്കാരന്റെ മകളുടെ വിവാഹത്തിനു പോലും കാണും ആയിരത്തഞ്ഞൂറില്‍ കുറയാത്ത ജനം. താരവിവാഹത്തിലെ അതിഥികളുടെ കാര്യം പറയണോ? വീട്ടുകാരുടെയോ ബന്ധുക്കളുടെയോ കയ്യില്‍ നിന്നെന്നു വരില്ല കാര്യങ്ങള്‍. അവിടെ പത്രക്കാരെ വേണ്ട വിധത്തില്‍ പരിചരിക്കാനും അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനുമൊക്കെ എവിടെ സമയം?

    നടി ഗോപികയുടെ വിവാഹച്ചടങ്ങിനെക്കുറിച്ചുയര്‍ന്ന പരാതി കേട്ടില്ലേ. ക്ഷണിക്കപ്പെട്ടവരെ പളളിക്ക് പുറത്താക്കിയാണ് കല്യാണം നടത്തിയതെന്ന് ചിത്രഭൂമി വിലപിക്കുന്നു. ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടിയ മാധ്യമ കാമറാ സംഘത്തോട് സഹികെട്ട് ഗോപികയുടെ ബന്ധുക്കളാരോ പറഞ്ഞത്രേ, സിഡി ഞങ്ങളങ്ങ് എത്തിക്കാമെന്ന്.. സഹിക്കുമോ പത്രലോകം? എന്തൊരപമാനം.

    വിളിച്ചതും വിളിക്കാത്തതുമായി സകല കാമറാമോന്‍മാരും ചേര്‍ന്ന് വിവാഹം പകര്‍ത്താന്‍ നിന്നാലുളള അവസ്ഥയൊന്നാലോചിച്ചു നോക്കൂ. എല്ലാവര്‍ക്കും വേണ്ടി പോസ് ചെയ്യാന്‍ നില്‍ക്കുന്ന വധൂവരന്മാരുടെ കാര്യമോ? ഇത്തിരി സ്വൈര്യം തരൂവെന്ന് അവര്‍ കെഞ്ചിയെങ്കില്‍ അതിലെന്താണ് ചേട്ടാ, ഇത്ര അതിശയം?

    ഐശ്വര്യാറായിയുടെ കല്യാണത്തിനു പോലും ഇല്ലാതിരുന്ന സുരക്ഷാ ക്രമീകരണങ്ങളായിരുന്നുപോലും ഗോപികയുടെ കല്യാണത്തിന്. വിവരമില്ലാത്ത സ്വകാര്യ സുരക്ഷാ ഭടന്‍മാര്‍ പത്രക്കാരെ തടഞ്ഞുവെന്നും ചിത്രഭൂമി കരയുന്നു. ആത്മാഭിമാനമുളള പത്രക്കാര്‍ പലരും ഭക്ഷണം കഴിക്കാതെ മടങ്ങിയെന്നും വാരിക വെളിപ്പെടുത്തുന്നുണ്ട്.

    ഈ പരാതി എഴുതിപ്പിടിപ്പിച്ചതിന്റെ തൊട്ടടുത്ത പേജില്‍ ലജ്ജാവതിക്ക് മിന്നുകെട്ട് എന്ന പേരില്‍ ലേഖനവും വധൂവരന്മാരുടെ ഫോട്ടോയുമായി രണ്ടു പേജ്. ഗുഡ്‍ബൈ ഗോപിക എന്ന തലക്കെട്ടില്‍ അടുത്ത രണ്ടുപേജിലും ഗോപിക തന്നെ. സെന്റര്‍ സ്പ്രെഡായി ഗോപിക മോഡലായ പരസ്യവും.

    തങ്ങളുടെ വാണിജ്യാവശ്യത്തിനല്ലേ താരക്കല്യാണത്തിന് പത്രക്കാരുടെ ഈ കെട്ടിയെഴുന്നെളളത്ത്? വിളിച്ചവനും വിളിക്കാത്തവനും അവിടെ ഇടിച്ചു കയറി മാധ്യമങ്ങളുടെ വില കളഞ്ഞിട്ട് പിന്നെ കരയുന്നതെന്തിന്? ഗോപികയുടെ കല്യാണത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ സ്വന്തം വാരിക വഴി അച്ചടിച്ച് ലോകത്തെ കാണിക്കാന്‍ മാനവും മര്യാദയുമില്ലാതെ വലിഞ്ഞു കേറിച്ചെന്നാല്‍ സുരക്ഷാഭടന്മാരുടെ വീക്ക് കിട്ടിയെന്നിരിക്കും.

    വ്യക്തികളുടെ സ്വകാര്യതയിലേയ്ക്കുളള വലിഞ്ഞു കയറ്റം മാധ്യമസ്വാതന്ത്ര്യത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് ആരെല്ലാം പറയുന്നു. കേള്‍ക്കാന്‍ വയ്യല്ലോ ഒരുവനും. അപമാനിച്ചെങ്കില്‍ കണക്കായിപ്പോയി. ഹല്ല, പിന്നെ........

    ബന്ധപ്പെട്ട വാര്‍ത്തകള്‍


    ഗോപികയുടെ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X