»   » ജീവിതത്തിലും സീരിയലിലും ഗര്‍ഭിണി; നായിക മുങ്ങി

ജീവിതത്തിലും സീരിയലിലും ഗര്‍ഭിണി; നായിക മുങ്ങി

Posted By:
Subscribe to Filmibeat Malayalam

മെഗാപരമ്പരകളിലെ സ്ത്രീരത്‌നങ്ങള്‍ പെടുന്നനെ അപ്രത്യക്ഷമാവുന്നത് മലയാള സീരിയല്‍ ചരിത്രത്തില്‍ പുതിയ സംഭവമൊന്നുമല്ല. കണ്ണീര്‍ക്കഥകളിലെ നടിമാര്‍ ഉടക്കിയാല്‍ അവര്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ കൊല്ലുന്നതിന് പോലും മടിയില്ലാത്തവരാണ് നമ്മുടെ സീരിയില്‍ സംവിധായകര്‍.

എന്നാലിപ്പോള്‍ മലയാളത്തിലെ ഒരു ജനപ്രിയ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ അതിലും ഗുരുതരമായൊരു പ്രതിസന്ധിയിലാണ് അകപ്പെട്ടിരിയ്ക്കുന്നത്. സീരിയയിലും ജീവിതത്തിലും നടി ഒരേസമയം ഗര്‍ഭിണിയായതാണ് സീരിയലിന്റെ സംവിധായകനെ കുഴപ്പിയ്ക്കുന്നത്.

രണ്ടിലും പ്രസവം ഒരേസമയത്താക്കി പ്രശ്‌നം പരിഹരിയ്ക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ സീരിയലില്‍ പ്രത്യക്ഷപ്പെടേണ്ട നേരത്ത് നടി പ്രസവരക്ഷയിലായത് സീരിയലുകാരെ വെള്ളം കുടിപ്പിയ്ക്കുകയാണ്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നായ കുങ്കുമപ്പൂവിനാണ് ഇങ്ങനെയൊരു അധോഗതി വന്നിരിയ്ക്കുന്നത്. പ്രസവരക്ഷയിലായ നടിയെ കാണിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി പത്തൊമ്പതാമത്തെ അടവും പയറ്റുകയാണ് സംവിധായകന്‍. സീരിയലില്‍ അമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അശ്വതിയാണ് കഴിഞ്ഞ കുറച്ചുനാളുകളായി കഥ നടക്കുന്ന വീടിനുള്ളില്‍ ഒളിവില്‍ കഴിയുന്നത്. അമലയെന്ന കഥാപാത്രം എല്ലാവരോടും പിണങ്ങി സദാസമയം മുറിയ്ക്കുള്ളില്‍ അടച്ചിരിയ്ക്കുകയാണെന്നും കുളിയ്ക്കുകയാണെന്നുമൊക്കെയാണ് സീരിയല്‍ കാണുന്ന ആര്‍ക്കും തോന്നുക.

അടുത്തിടെ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരുതമാശയായിരുന്നു ഒരിയ്ക്കലും പ്രസവിയ്ക്കാത്ത ജീവിയേതെന്ന ചോദ്യം. ഒരു മലയാളം സീരിയലിലെ സ്ത്രീ കഥാപാത്രമാണിതിന്റെ ഉത്തരം. സീരിയലില്‍ ഗര്‍ഭിണിയായി പത്ത് മാസം പിന്നിട്ടിട്ടും കഥാപാത്രം പ്രസവിയ്ക്കാത്തതില്‍ അരിശം പൂണ്ട ഏതോ വിരുതനായിരുന്നു ഈ തമാശച്ചോദ്യം ഉന്നയിച്ചത്.

എന്നാല്‍ കുങ്കുമപ്പൂവിലെ അമല നിത്യഗര്‍ഭിണിയായി തുടരാതെ പ്രസവിയ്ക്കുക തന്നെ ചെയ്തു. സീരിയലില്‍ കുഞ്ഞിനെ ഇടയ്ക്കിടെ കാണിയ്ക്കുന്നുണ്ടെങ്കിലും അമ്മ കഥാപാത്രം അണിയറയില്‍ തന്നെ തുടരുകയാണ്. സ്വന്തം വീട്ടുകാരുമായി കടുത്ത അകല്‍ച്ചയില്‍ കഴിയുന്ന അമല അവരുടെ മുമ്പില്‍ ഒരിയ്ക്കലും പ്രത്യക്ഷപ്പെടാറില്ല.

അമല കുളിമുറിയിലാണ്, വീട്ടുകാര്‍ വരുമ്പോള്‍ മുറിയില്‍ കയറി കതകടച്ചു, ഉറങ്ങുകയാണ്, അമലയുടെ അമ്മായിയമ്മയായി തകര്‍ക്കുന്ന കലാരഞ്ജിനിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകൡലൂടെയാണ് വീട്ടില്‍ അമല ഒളിച്ചുകഴിയുന്നുണ്ടെന്ന കാര്യം പ്രേക്ഷകര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്.

സീരിയലിനൊപ്പം ജീവിതത്തിലും ഗര്‍ഭിണിയായ അശ്വതി പ്രസവം കഴിഞ്ഞ് വിശ്രമത്തിലാണെന്നും അവര്‍ തിരിച്ചെത്തുന്നതോടെ അമലയും ഒളിവു ജീവിതം അവസാനിപ്പിച്ച് മുറിയ്ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങുമെന്നുമാണ് കേള്‍ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X