For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെക്കാ, നോക്കിയും കണ്ടും നിന്നില്ലെങ്കില്‍........?

  By Staff
  |

  പ്രശസ്തമായ അഭിനയത്തറവാട്ടിലെ പുതിയ ആണ്‍തരിയാണ് ഈ കഥയിലെ നായകന്‍. അപ്പൂപ്പന്‍ കൊടികെട്ടിയ നടന്‍. അഭിനയ മികവില്‍ അമ്മയും മോശമല്ല. അമ്മാവനാണെങ്കിലോ, പല സീനുകളിലും സൂപ്പര്‍താരങ്ങളെ നിഷ്പ്രഭമാക്കുന്ന പ്രകടനങ്ങള്‍ക്കുടയവന്‍.

  അങ്ങനെയൊരു തറവാട്ടിലെ ഇളമുറത്തമ്പുരാന് ഗ്രാമ്യഭംഗിയുടെ ആസ്ഥാന എഴുത്തുകാരന്‍ നിവേദ്യം പോലൊരു ചിത്രം ഉളളം കൈയില്‍ വച്ച് കൈയില്‍ കൊടുത്തു. സംവിധായകനും എഴുത്തുകാരനുമായ പ്രതിഭ ചാനലുകള്‍ തോറും കയറിയിറങ്ങി മേന്മകള്‍ വെച്ചുകാച്ചിയിട്ടും പടം സാമാന്യം ഭേദപ്പെട്ട നിലയില്‍ തന്നെ പൊട്ടി.

  എന്നാല്‍ രണ്ടു പേര്‍ ശ്രദ്ധിക്കപ്പെട്ടു. കൊട്ടാരക്കര കോവിലകത്തെ ഇളമുറത്തമ്പുരാനായ നായകനും ക്ലാസു കട്ട് ചെയ്ത് പപ്പടം വിറ്റ പ്ലസ് ടുക്കാരി ഭാമത്തമ്പുരാട്ടിയും.

  ചിത്രം പൊളിഞ്ഞെങ്കിലും നായക കുമാരനെക്കുറിച്ച് വാരികകളായ വാരികകള്‍ വാഴ്ത്തിപ്പാടി. അപ്പൂപ്പന്റെയും അമ്മാവന്റെയും പിന്‍ഗാമിയായി വെളളിത്തര വാഴാന്‍ ഇതാ കൊട്ടാരക്കരയില്‍ നിന്നൊരു കോമള കുമാരന്‍ എന്നായിരുന്നു ആര്‍പ്പുവിളി.

  വിളി കേട്ടപ്പോള്‍ ചെക്കന്‍ കേറിയങ്ങ് വല്ലാതെ വലുതായി. അതറിയാതെയാണ് ജോണി ആന്റണി സൈക്കിള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെക്കനെ വിളിച്ചത്. തുറുപ്പു ഗുലാനും സിഐഡി മൂസയും സംവിധാനം ചെയ്ത ജോണിക്ക് മമ്മൂട്ടിയും ദിലീപും ഒന്നുമാലോചിക്കാതെ ഡേറ്റു നല്‍കും. പോരെങ്കില്‍ തിരക്കഥയെഴുതുന്നത് ക്ലാസ് മേറ്റിന്റെ രചയിതാവ് ജെയിംസ് ആല്‍ബെര്‍ട്ടും.

  മമ്മൂട്ടിയെയും ദിലീപിനെയും പോലാണോ കൊട്ടാരക്കരത്തറവാട്ടിലെ ഇളമുറക്കാരന്‍.. അങ്ങനെ ചുമ്മാ പോയി അഭിനയിക്കാനൊന്നും തറവാട്ടിലെ ചെക്കനെ കിട്ടില്ല.

  നിലയും വിലയും വിട്ട് ഒരു കളിയും വേണ്ട മോനേയെന്ന് അമ്മയും ഓതിക്കൊടുത്തു. പ്രതിഫലത്തിന്റെ കാര്യത്തിലാണെങ്കില്‍ കോംപ്രമൈസ് ഒട്ടും വേണ്ട. ഇത്തരി ജാഡയും പത്രാസുമൊക്കെ കാണിച്ചാലേ യുവ നായകന്മാര്‍ക്കൊരു വിലയുണ്ടാകൂ. നീയാ പ്രിഥ്വിരാജിലെ കണ്ടു പഠിക്കൂ എന്നൊരു ഉപദേശവും നല്‍കി, പുത്രവത്സലയായ അമ്മ.

  ചെക്കന്റെ പ്രതിഫലത്തുക കേള്‍ക്കുകയും ജാഡ നേരില്‍ കാണുകയും ചെയ്ത സൈക്കിളുകാര്‍ പകരം വേറെ ആളെത്തപ്പി ബൈക്കിന്റെ വേഗത്തില്‍ പറന്നു. ഏറെ വൈകാതെ അമ്മാവന്റെ ചെവിയില്‍ വിവരമെത്തി.

  അമ്മാവന്‍ നേരെ സ്വന്തം ചേച്ചിയെ വിളിച്ചു. മികച്ച അഭിനേത്രിയായിട്ടും വീട്ടിലിരിക്കുന്നതിന്റെ കാരണം നല്ല മലയാളത്തില്‍ ഓതിക്കൊടുത്തു. ഒപ്പം വന്നവരൊക്കെ ഒരു കരപറ്റിയിട്ടും, അവരേക്കാളൊക്കെ നന്നായി അഭിനയിക്കാനറിയാമായിരുന്നിട്ടും വീട്ടിലിരിക്കുന്നതെന്ത് എന്ന് നല്ല ഭാഷയില്‍ സഹോദരന്‍ ചോദിച്ചപ്പോള്‍ താരമാതാവിനും കാര്യങ്ങളുടെ കിടപ്പ് മനസിലായി.

  സിനിമാ രംഗത്ത് നില്‍ക്കാനാണ് മരുമകന്‍ ചെക്കന്റെ ആഗ്രഹമെങ്കില്‍ അല്‍പം വിനയവും മര്യാദയും വേണമെന്ന് ഇത്തിരി കടുപ്പിച്ചു തന്നെ അദ്ദേഹം പറഞ്ഞത്രേ!

  തുടക്കത്തിലേ പേരുദോഷം ഉണ്ടാക്കരുതെന്ന അമ്മാവന്റെ ഉപദേശം കേട്ടപാടെ ചെക്കന് കാര്യങ്ങള്‍ തിരിഞ്ഞു. പ്രതിഫലത്തില്‍ വിട്ടുവീഴ്ച ചെയ്തും ആരോടും തലക്കനം കാട്ടാതെയും എളിമയും കൃത്യനിഷ്ഠയും ജോലിയുടെ ഭാഗമാക്കിയും നിന്നാല്‍ സിനിമയില്‍ മേല്‍വിലാസമുണ്ടാക്കാമെന്നും അവസരങ്ങള്‍ ലഭിക്കുമെന്നും അമ്മാവന്‍ നല്ലവാക്കോതിക്കൊടുത്തു, അനന്തിരവന്റെ കാതില്‍.

  പ്രതിഫലമില്ലാതെയും സൈക്കിളോടിക്കാമെന്നായി പിന്നെ കക്ഷി. ‍മദ്യസേവയുടെ പേരില്‍ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളുടെ കഥ കൂടി അമ്മാവനില്‍ നിന്നും കേട്ടപ്പോള്‍ ചെക്കന്റെ തലയില്‍ ബള്‍ബ് മിന്നി.

  ഏതായാലും സൈക്കിളോടിക്കാന്‍ പയ്യന്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ട്. മാത്രവുമല്ല, നാലുഭാഷകളില്‍ നിര്‍‍മ്മിക്കുന്ന ഒരു തമിഴ് ചിത്രത്തിലെ നായകന്‍ വേഷവും കരഗതമായിട്ടുണ്ട്. ഒട്ടും നിരാശപ്പെടുത്താത്ത ഗ്ലാമര്‍ ചിത്രമാണത്രേ ഇത്. ഹോളിവുഡ് സുന്ദരിമാര്‍ക്കൊപ്പമാണ് ചെക്കന്‍ ഇവിടെ വിലസുന്നത്.

  അമ്പലവും പാട്ടുമായി ഗ്രാമീണതയുടെ ആചാര്യന്റെ പടത്തില്‍ അഭിനയിച്ചപ്പോള്‍ ഇപ്പാട്. അപ്പോള്‍ ഹോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം ആടിപ്പാടി തിരിച്ചെത്തുമ്പോള്‍ ഏതു പാടാവുമോ എന്തോ? ആലോചിച്ചിട്ട് പരദൂഷണന് ഒരെത്തും പിടിയും കിട്ടുന്നില്ല.

  ആരാണീ ചെക്കനെന്നും ടിയാന്റെ അമ്മയും അമ്മാവനും അപ്പൂപ്പനും ആരാണെന്നും പറയുന്നവര്‍ക്ക് കൊട്ടാരക്കര അമ്പലത്തില്‍ നേദിച്ച മനപ്പായസം സമ്മാനം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X