നാല് മാസത്തെ അടുപ്പം, ആദ്യ ഭാര്യയുമായി പിരിയാൻ കാരണം; റീന എന്റെ ജീവിതത്തിലെ തെറ്റല്ല: ആമിർ ഖാൻ
ബോളിവുഡിൽ പെർഫെക്ഷനിസ്റ്റ് ആയി അറിയപ്പെടുന്ന ആമിർ ഖാൻ വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ടിട്ടുണ്ട്. രണ്ട് വിവാഹ ബന്ധങ്ങളാണ് ആമിറിന്റെ ജീവിത്തിലുണ്ടായത്. മുൻ ഭാര്യമാർ ഇന്നും ആമിറുമായി സൗഹൃദം വെക്കുന്നു, ഭാര്യ-ഭർത്താവ് എന്ന ബന്ധം മാറിയെങ്കിലും ഇപ്പോഴും ഒരു കുടുംബമായി നിൽക്കാൻ ആമിർ ആഗ്രഹിക്കുന്നു. റീന ദത്ത എന്നാണ് അമിറിന്റെ ആദ്യ ഭാര്യയുടെ പേര്. രണ്ടാമത്തെ ഭാര്യ കിരൺ റാവു.
ആമിറും റീനയ്ക്കും ഇറ ഖാൻ, ജുനെെദ് ഖാൻ എന്നീ രണ്ട് മക്കളാണുള്ളത്. 1986 ലായിരുന്നു വിവാഹം. 2002 ൽ ആമിറും റീനയും വേർപിരിഞ്ഞു. വേർപിരിയലിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആമിർ ഖാനിപ്പോൾ. വിവാഹത്തിന് മുമ്പ് നാല് മാസത്തെ അടുപ്പമേ തനിക്ക് റീനയുമായി ഉണ്ടായിരുന്നുള്ളൂയെന്ന് ആമിർ പറയുന്നു. ഞങ്ങൾക്ക് പരസ്പരം നാല് മാസത്തെ പരിചയമേയുള്ളൂ. ആ നാല് മാസവും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുമില്ല. എന്നാൽ ഒരുപാട് സ്നേഹവും അടുപ്പവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം ചെയ്തതെന്ന് ആമിർ ഖാൻ പറയുന്നു.

അതേസമയം വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ വിവാഹം പോലെ വലിയൊരു തീരുമാനം ആലോചിച്ച് എടുക്കണ്ടതായിരുന്നെന്നും ആമിർ തുറന്ന് സമ്മതിക്കുന്നു. യുവത്വത്തിന്റെ പാഷനിൽ പല കാര്യങ്ങളും നമ്മൾ മനസിലാക്കില്ല. എന്നാൽ റീനയ്ക്കൊപ്പം വളരെ മനോഹരമായ ജീവിതമായിരുന്നു. റീന തന്റെ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നെന്നല്ല ഞാൻ പറയുന്നത്. റീന എനിക്ക് അമൂല്യമാണ്. ഒരു തരത്തിൽ ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്. വളരെ ചെറുപ്പമായിരുന്ന ഞങ്ങൾ വിവാഹം ചെയ്തു. റീനയ്ക്കും എനിക്കും പരസ്പരം ഒരുപാട് ബഹുമാനമുണ്ട്. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവുമുണ്ട്.
വിവാഹം തെറ്റായിരുന്നെന്ന് ഒരു തരത്തിൽ ഞാൻ പറയും. നാല് മാസത്തിനുള്ളിൽ ഒരാളെ വിവാഹം ചെയ്തു. അത് പോലെ വലിയൊരു തീരുമാനം പെട്ടെന്ന് എടുത്തു. അങ്ങനെ ഒരുപാട് സംഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാൽ എവിടെയൊക്കെയോ അത് ശരിയായ തീരുമാനമായി വരും. തെറ്റുകൾ പറ്റും. അതിൽ നിന്ന് പഠിക്കുമെന്നും ആമിർ ഖാൻ ചൂണ്ടിക്കാട്ടി.

ആമിറിന്റെയും റീന ദത്തയുടെയും മകൻ ജുനെെദ് ഖാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. മഹാരാജ്, ലവ് യപ എന്നിവയാണ് ഇതുവരെ റിലീസ് ചെയ്ത് ജുനെെദ് ഖാന്റെ സിനിമകൾ. ജുനെെദിന്റെ സഹോദരി ഇറ ഖാൻ 2024 ൽ വിവാഹിതയായി. വിവാഹത്തിന് ആമിർ ഖാനും റീന ദത്തയും ഒന്നിച്ച് നിന്ന് ചടങ്ങുകളിൽ പങ്കെടുത്തത് ജനശ്രദ്ധ നേടി. കിരൺ റാവുവും വിവാഹത്തിനെത്തിയിരുന്നു.
താനും ആമിറും റീന ദത്തയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെ കിരൺ റാവുവും സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു ഹൗസിംഗ് സൊസെെറ്റിയിലാണ് കഴിയുന്നത്. അമ്മായിയമ്മ മുകളിലത്തെ നിലയിൽ. റീനയും ആമിറിന്റെ കസിൻ നുസത്തും അടുത്ത്. വിവാഹ മോചനം നേടിയത് കൊണ്ട് നഷ്ടപ്പെട്ട് പോകരുതാത്ത ബന്ധങ്ങളുണ്ട്. ആമിറും താനും നല്ല രീതിയിലാണ് പിരിഞ്ഞത്.
ദമ്പതികളല്ലെങ്കിലും ഇപ്പോഴും ഒരു കുടുംബമാണെന്ന് കിരൺ റാവു വ്യക്തമാക്കി. ആസാദ് റാവു എന്നാണ് ആമിറിനും കിരൺ റാവുവിനും പിറന്ന മകളുടെ പേര്. 2005ൽ വിവാഹിതരായ ആമിറും കിരണും 2021 ലാണ് വേർപിരിഞ്ഞത്. ആമിർ ഖാൻ ഇപ്പോൾ മറ്റൊരു പ്രണയ ബന്ധത്തിലാണ്. ഗൗരി സ്പ്രാറ്റ് എന്നാണ് പങ്കാളിയുടെ പേര്. ആകസ്മികമായി തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നയാളാണ് ഗൗരിയെന്ന് ആമിർ ഖാൻ പറയുന്നു.


Click it and Unblock the Notifications











