ആമിറിന്റെ മഹാഭാരതത്തില്‍ പ്രഭാസും? ചിത്രത്തില്‍ അര്‍ജുനനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!
ബോളിവുഡില്‍ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ആമിര്‍ ഖാന്‍. എതു തരം കഥാപാത്രമായാലും തന്റെ അഭിനയ മികവ് കൊണ്ട് മികവുറ്റതാക്കാറുളള താരം കൂടിയാണ് അദ്ദേഹം. അടുത്തിടെയായിരുന്നു മഹാഭാരത കഥയെക്കുറിച്ചുളള ആമിറിന്റെ സ്വപ്‌ന ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്.
മോഹന്‍ലാലിന്റെ രണ്ടാമൂഴം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ആമിറിന്റെ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും വന്നിരുന്നത്. ആമിറിന്റെ ആരാധകരെല്ലാം തന്നെ വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ആയിരം കോടി മുതല്‍ മുടക്കില്‍ തന്നെയാണ് ചിത്രവും നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ബാഹുബലിയിലൂടെ ശ്രദ്ധ നേടിയ പ്രഭാസും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ആമിറിന്റെ മഹാഭാരതം
വിഎ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ബോളിവുഡില്‍ മറ്റൊരു മഹാഭാരത കഥ കൂടി അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ആയിരം കോടി ബ്ഡ്ജറ്റില്‍ തന്നെയായിരുന്നു മോഹന്‍ലാലിന്റെ രണ്ടാമൂഴവും പ്രഖ്യാപിച്ചിരുന്നത്. മുന്‍പ് എയര്‍പോര്‍ട്ടില്‍ വെച്ച് കൈയില്‍ മഹാഭാരതവുമായി നില്‍ക്കുന്ന ആമിര്‍ ഖാന്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ തിരക്കഥയാണ് ആമിറിന്റെ കൈയിലുളളത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

ദ്രൗപതിയായി ദീപിക
ചിത്രത്തില്‍ ആമിറിന്റെ നായികയായി ദീപിക പദുകോണ്‍ എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹാഭാരത കഥയില്‍ ദ്രൗപതിയായിട്ടാകും ദീപിക എത്തുകായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായിട്ടാകും നിര്‍മ്മിക്കുക. സിനിമയ്ക്കു വേണ്ടി വിവിധ സ്ഥലങ്ങളിലായി പോയി ആമിര്‍ ഗവേഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അര്‍ജുനനായി പ്രഭാസ്
ചിത്രത്തില്‍ അര്‍ജുനനായി വേഷമിടാന്‍ ആമീര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ബാഹുബലിയ്ക്ക് ലഭിച്ച സ്വീകാര്യത കാരണമാണ് ചിത്രത്തിലേക്ക് പ്രഭാസിനെ പരിഗണിച്ചതെന്നും അറിയുന്നു. ദേശീയ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ആമിറിനൊപ്പം പ്രഭാസ് എത്തുകയാണെങ്കില്‍ തെന്നിന്ത്യയിലും മികച്ച സ്വീകാര്യതയാകും ചിത്രത്തിന് ലഭിക്കുക.

ചിത്രത്തിന്റെ നിര്‍മ്മാണം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി ചേര്‍ന്നാണ് ആമിര്‍ മഹാഭാരത നിര്‍മ്മിക്കുന്നതെന്നാണ് അറിയുന്നത്. റിലയന്‍സിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവാന്‍ ഒരു ചൈനീസ് കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ആമിര്‍ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ചൈനയില്‍ ലഭിക്കാറുളളത്. ദംഗല്‍,പികെ,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ആമിര്‍ ചിത്രങ്ങളെല്ലാം തന്നെ വലിയ കളക്ഷനായിരുന്നു ചൈനയില്‍ നിന്നും നേടിയിരുന്നത്.

പുതുമുഖങ്ങള്‍ക്കും പ്രാധാന്യം
പുതുമുഖങ്ങളായിരിക്കും ആമിറിന്റെ മഹാഭാരത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുകായെന്നും അറിയുന്നു. രാജ്യമൊട്ടാകെയുളള കഴിവുളള പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഒരു കാസ്റ്റിംഗ് കോള്‍ പരിപാടി ആമിര്‍ സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്. അധിക ബജറ്റ് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.


Click it and Unblock the Notifications