നടന്‍ സിമ്പുവിനെ വിവാഹം കഴിക്കുന്നത് തെലുങ്ക് നടന്റെ മകള്‍! ഏറെ ഗോസിപ്പുകള്‍ക്കൊടുവില്‍ നടന്‍ വിവാഹിതനാവുന്നു?
തമിഴില്‍ നായകനായി നിറഞ്ഞുനില്‍ക്കുന്ന നടന്‍ സിമ്പുവിന്റെ വിവാഹത്തെ പറ്റി നിരവധി ഗോസിപ്പുകളാണ് വരാറുള്ളത്. ചില പ്രമുഖ നടിമാരുമായി നടന് പ്രണയം ഉണ്ടായിരുന്നതായി പലപ്പോഴും കഥകള്‍ പ്രചരിച്ചിരുന്നു. ഇവരില്‍ ആരും നടന്റെ ജീവിതപങ്കാളിയായി വന്നില്ലെന്നത് ആരാധകരെയും നിരാശപ്പെടുത്തി.
വിവാഹപ്രായം കഴിഞ്ഞിട്ടും സിമ്പു വിവാഹം കഴിക്കാത്തതില്‍ വീട്ടുകാരും വിഷമത്തിലാണെന്ന് തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. അടുത്തിടെയായി സിമ്പു ഉടന്‍ വിവാഹിതനായേക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്റെ മകളുമായി സിമ്പുവിന്റെ വിവാഹം നടക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് സിമ്പുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് സിലംബരശന്‍ എന്ന സിമ്പു. 2002ല്‍ പുറത്തിറങ്ങിയ കാതല്‍ വിഷ്ണുമില്ലൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനാവുന്നത്. അതിനുശേഷം നിരവധി വിജയചിത്രങ്ങള്‍ നല്‍കിയ സിമ്പു ഇടയ്ക്ക് നിരവധി വിവാദങ്ങളിലും നിറഞ്ഞ് നിന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി തുടരുകയാണിപ്പോഴും.
സിനിമയില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയെങ്കിലും 40 വയസ്സായിട്ടും നടന്‍ അവിവാഹിതനായി തുടരുകയാണ്. ഇതുകൊണ്ട് തന്നെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടന്റെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുന്നത് പതവാണ്. ശ്രീലങ്കയില്‍ നിന്നുള്ള പെണ്‍കുട്ടിയെ സിമ്പു വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് വാര്‍ത്തകളില്‍ വന്നത്.
നേരത്തെ നടി നയന്‍താരയുമായി സിമ്പു പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. അതിന് മുന്‍പ് നടി തൃഷയുടെ പേരിനൊപ്പം ചേര്‍ത്ത് സിമ്പുവിനെ പറ്റി കഥകള്‍ പ്രചരിച്ചു. അതിന് പിന്നാലെയാണ് നടി ഹന്‍സികയും സിമ്പുവും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. ആ പ്രണയവും വിവാഹം വരെ നീണ്ടുനിന്നില്ല.
അടുത്തിടെ തെലുങ്ക് നടി നിതി അഗര്‍വാളും ചിമ്പുവും ഡേറ്റിംഗിലാണെന്നും വിവാഹിതരായേക്കുമെന്നും സൂചനയുണ്ടായിരുന്നു. അത് വെറും കിംവദന്തിയായി അവസാനിച്ചു. പിന്നാലെ നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിവാഹിതനാകുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ മറ്റൊരാളുമായി വരലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചതോടെ അതും വ്യാജമാണെന്ന് തെളിഞ്ഞു.

ഈ സാഹചര്യത്തില് സിമ്പുവിന്റെ വിവാഹം ഉടന് നടത്തണമെന്നാണ് സിമ്പുവിന്റെ പിതാവ് ഡി.രാജേന്ദറിന്റെ ആഗ്രഹം. അതനുസരിച്ച് തെലുങ്ക് സിനിമയിലെ പ്രമുഖ നടന്റെ മകളെയാണ് സിമ്പു വിവാഹം കഴിക്കാന്‍ പോകുന്നതെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പറയപ്പെടുന്നു. ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
പെണ്‍കൂട്ടി ആരാണെന്നോ ആരുടെ മകളാണെന്നോ തുടങ്ങി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല. എന്നിരുന്നാലും വിവാഹക്കാര്യം ഉടനെ പുറത്ത് വിടുമെന്ന് തന്നെയാണ് സൂചന. എത്രയും വേഗം സിമ്പു കുടുംബജീവിതത്തിലേക്ക് പ്രവേശിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകരും.
ദേശിങ്കു പെരിയസാമി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് സിമ്പു അഭിനയിക്കുന്നത്. അതുപോലെ മണിരത്‌നത്തിന്റെ തഗ് ലൈഫ് എന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം പ്രധാനപ്പെട്ടൊരു റോളില്‍ നടന്‍ അഭിനയിക്കുന്നുണ്ട്. രാജ്കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications