'ഭാര്യയാകുന്നത് പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടി'! പിന്നാലെ പരാതി; കോടികൾ മുടക്കിയ ജൂനിയർ എൻടിആറിന്റെ വിവാഹം
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരമായ ജൂനിയർ എൻടിആറിന് ഇന്ന് ഇന്ത്യയൊട്ടുക്കും ആരാധകരുണ്ട്. ആരാധകർ ആഘോഷിക്കുന്ന താരമാണെങ്കിലും വ്യക്തി ജീവിതത്തിലെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ ജൂനിയർ എൻടിആർ ശ്രമിക്കുന്നു. ലക്ഷ്മി പ്രാനതി എന്നാണ് ജൂനിയർ എൻടിആറുടെ ഭാര്യയുടെ പേര്. 2011 മെയ് അഞ്ചിനായിരുന്നു വിവാഹം. 2014 ൽ മൂത്ത മകൻ അഭയ് രാം ജനിച്ചു. 2018 ൽ ഇളയ മകൻ ഭാർഗവ് രാമും. ഭാര്യയാണ് തന്റെ കുടുംബ ജീവിതത്തെ മനോഹരമാക്കുന്നതെന്നാണ് ജൂനിയർ എൻടിആർ പറയാറുള്ളത്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണിത്.
2011 ലെ താര വിവാഹം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 100 കോടി രൂപയാണ് വിവാഹത്തിന് ചെലവിട്ടത്. സിനിമാ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖരലെല്ലാം പങ്കെടുത്ത വിവാഹം. ഒരു കോടി രൂപയുടെ സാരിയാണ് പ്രനതി വിവാഹത്തിന് ധരിച്ചത്. പതിനെട്ട് കോടി രൂപയാണ് വിവാഹമണ്ഡപത്തിന് ചെലവിട്ടത്. 2000 സെലിബ്രിറ്റി അതിഥികൾ, 12000 ആരാധകർ എന്നിവർ പങ്കെടുത്ത വിവാഹം ഉത്സവ പ്രതീതിയുണ്ടാക്കി.

ജൂനിയർ എൻടിആറും പ്രനതിയും തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ട്. 28 വയസിലാണ് ജൂനിയർ എൻടിആർ വിവാഹം ചെയ്യുന്നത്. അന്ന് പ്രനതിയുടെ പ്രായം 19. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ വിവാദമുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യിക്കുന്നതിൽ അന്ന് പരാതി വന്നു.
വിജയവാഡ സ്വദേശിയായ സിങ്കലുരു ശാന്തി പ്രസാദ് എന്ന ലോയറാണ് കേസ് കൊടുത്തത്. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്താണ് ലക്ഷ്മി പ്രനതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 17 വയസുകാരിയെയാണ് വിവാഹം ചെയ്യിക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രനതിക്ക് 18 വയസ് പൂർത്തിയാകുമെന്നാണ് അന്ന് പ്രനതിയുടെ കുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.


പ്രായപൂർത്തിയായ ശേഷം പ്രനതിയുടെ വിവാഹം നടന്നു. മറ്റ് താരപത്നിമാരെ പോലെ പ്രനതിയെ ലെെം ലെെറ്റിൽ അധികം കാണാറില്ല. തെലുങ്ക് സിനിമാ, രാഷ്ട്രീയ ലോകത്തെ പ്രബലരാണ് എൻടിആർ കുടുംബം. അന്തരിച്ച എൻടിരാമ റാവുവിന്റെ കൊച്ചുമകനാണ് ജൂനിയർ എൻടിആർ. പിതാവിന്റെ പേര് നന്ദമൂരി ഹരികൃഷ്ണ. ശാലിനി നന്ദമൂരി എന്നാണ് അമ്മയുടെ പേര്.
നന്ദമൂരി ഹരികൃഷ്ണയുടെ രണ്ടാമത്തെ ഭാര്യയാണ് ശാലിനി നന്ദമൂരി. ഈ ബന്ധത്തെ വീട്ടുകാർ അംഗീകരിച്ചില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എൻടിആർ കുടുംബം ജൂനിയർ എൻടിആറിനെ മാറ്റി നിർത്തുന്നു എന്ന വിമർശനം ഒരു കാലത്ത് ശക്തമായിരുന്നു. എന്നാൽ എൻടിആറിന്റെ പിന്മുറക്കാരനായി പിൽക്കാലത്ത് ജനം വാഴ്ത്തിയത് ജൂനിയർ എൻടിആറിനെയാണ്. തെലുങ്ക് സിനിമാ ലോകത്ത് വൻ ജനപ്രീതിയുള്ള ജൂനിയർ എൻടിആർ ആർആർആർ എന്ന സിനിമയുടെ വിജയത്തോടെയാണ് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്നത്. ഇന്ന് ഒരു ജൂനിയർ എൻടിആർ ചിത്രം പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയൊട്ടുക്കും ചർച്ചയാകുന്നു.
അതേസമയം ഒടുവിൽ പുറത്തിറങ്ങിയ ദേവരയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വാർ 2 ആണ് ജൂനിയർ എൻടിആറിന്റെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ഹൃത്വിക് റോഷനൊപ്പമാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ജൂനിയർ എൻടിആറിന്റെ ആദ്യ ഹിന്ദി സിനിമയുമാണിത്. വില്ലനായാണ് വാർ 2 വിൽ ജൂനിയർ എൻടിആർ എത്തുന്നത്. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











