'അജിത്ത് വിവാഹാലോചനയുമായി നടിയുടെ വീട്ടിൽ ചെന്നപ്പോൾ അവർ നിരസിച്ചു, ആ ഇഷ്ടം അവിടെ ഇല്ലാതെയായി'; രംഗനാഥൻ!
തമിഴ് സിനിമയിലെ ജെന്റിൽമാൻ ലേബലുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് നടൻ അജിത്ത് കുമാർ. ഒരു വിവാദത്തിലും തലയിടാതെയാണ് തന്റെ കരിയറും കുടുംബജീവിതവും അജിത്ത് നയിക്കുന്നത്. അജിത്തിനെ പോലൊരു ഭർത്താവിനെ സ്വപ്നം കാണുന്ന യുവതികൾ നിരവധിയാണ്.
വിവാഹം നടന്ന് 23 വർഷത്തോട് അടുത്തെങ്കിലും അന്നും ഇന്നും ഭാര്യ ശാലിനിയോടുള്ള അജിത്തിന്റെ പ്രണയത്തിന് കുറവുകൾ സംഭവിച്ചിട്ടില്ല. മാതൃകാദമ്പതികളുടെ ലിസ്റ്റെടുത്താൻ അതിൽ ആദ്യം ഉൾപ്പെടാൻ പോകുന്ന പേരും അജിത്തിന്റെയും ശാലിനിയുടെയുമായിരിക്കും.
അജിത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധകർക്ക് അധികം അറിവില്ല. സ്റ്റാർഡം തലയിൽ ചുമന്ന് നടക്കാത്ത ഒരാളാണ് അജിത്ത്. ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ പിന്നെ അതേ കുറിച്ചുള്ള ചിന്തകളെല്ലാം ഉപേക്ഷിച്ച് തനിക്ക് പ്രിയപ്പെട്ട ബൈക്കിൽ യാത്രയ്ക്ക് ഇറങ്ങും അജിത്ത്. തന്റെ സിനിമയുടെ പ്രമോഷനായി ഒരിക്കൽ പോലും രംഗത്ത് ഇറങ്ങിയിട്ടില്ലാത്ത നടൻ കൂടിയാണ് അജിത്ത്.

ഗൃഹനാഥനായിട്ടും തന്റെ പാഷൻ പിന്തുടരാൻ അജിത്തിനെ സഹായിക്കുന്നത് ഭാര്യ ശാലിനിയുടെ അകമഴിഞ്ഞ് സപ്പോർട്ടാണ്. സിനിമയിൽ നിന്നും തനിക്ക് ലഭിച്ച നിധിയായിട്ടാണ് അജിത്ത് ശാലിനിയെ കാണുന്നത്. 2000ലാണ് ശാലിനിയെ അജിത്ത് വിവാഹം ചെയ്തത്. അമർക്കളം എന്ന സിനിമയിൽ ശാലിനിക്കൊപ്പം അഭിനയിച്ചശേഷമാണ് അജിത്തിന് പ്രണയം മൊട്ടിടുന്നതും ശാലിനിയോട് ഇക്കാര്യം പറയുന്നതും.
പിന്നീട് രണ്ട് കുടുംബങ്ങളും ബന്ധത്തെ പിന്തുണച്ചതോടെ അജിത്തും ശാലിനിയും ഒന്നിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു. ശാലിനിക്ക് മുമ്പും അജിത്തിന് പ്രണയങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടി ഹീര രാജഗോപാലുമായി അജിത്ത് പ്രണയത്തിലായിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഏറെയും പ്രചരിച്ചത്.
എന്നാൽ ഹീരയുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം ഒരു പ്രണയം കൂടി അജിത്തിന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും അതും ഇല്ലാതെയായതോടെയാണ് അജിത്ത് ശാലിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ നിരൂപകൻ ബയിൽവാൻ രംഗനാഥൻ. 'ഹീരയുമായുള്ള പ്രണയ ബന്ധം തകർന്നതിന് ശേഷം അജിത്ത് മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു.'
'1996ൽ പുറത്തിറങ്ങിയ വന്മതി എന്ന ചിത്രത്തിലെ നായിക സ്വാതിയായിരുന്നു അജിത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടി. ഒരു ഘട്ടത്തിൽ സ്വാതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി അജിത്ത് സ്വാതിയുടെ കുടുംബത്തെ സമീപിച്ചു.'

'പക്ഷെ നടിയുടെ കുടുംബത്തിന് ആ ബന്ധത്തോട് യോജിക്കാൻ കഴിയാതെ പോയതോടെ അജിത്ത് ആ പ്രണയം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ്', ബയിൽവാൻ രംഗനാഥൻ പറയുന്നത്. നിർണ്ണയം എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി എത്തി മലയാളികളുടെ ഹൃദയം കവർന്ന നടിയായിരുന്നു അജിത്തിന്റെ ആദ്യ പ്രണയിനി ഹീര രാജഗോപാൽ.
ഹീരയുമായി തീവ്രപ്രണയത്തിലായിരുന്നു അജിത്ത്. ഹീരയെ വിവാഹം കഴിക്കണമെന്ന് അജിത്ത് ആഗ്രഹിച്ചിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വെച്ചാണ് താരങ്ങൾ പ്രണയത്തിലായത്. സെറ്റിലിരുന്ന് തന്നെ അജിത്ത് ഹീരയ്ക്ക് പ്രണയലേഖനങ്ങള്‍ എഴുതിയിരുന്നുവെന്നുമാണ് അന്ന് പ്രചരിച്ചിരുന്ന കഥകൾ.
ആരോടൊപ്പം അജിത്തിനെ ജോഡി ചേർത്ത് നോക്കിയാലും അവർക്ക് ആർക്കും ശാലിനിക്കൊപ്പം എത്താൻ കഴിയില്ലെന്നും അജിത്തിന് പറ്റിയ ജോഡി ശാലിനിയാണെന്നുമാണ് ആരാധകർ കുറിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. അജിത്തുമായുള്ള വിവാഹത്തോടെയാണ് ശാലിനി അഭിനയം ഉപേക്ഷിച്ചത്. ഇപ്പോൾ നല്ലൊരു കുടുംബിനിയാണ് ശാലിനി.
അടുത്തിടെയാണ് ശാലിനി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നത്. ശാലിനിയും സമൂഹമാധ്യമങ്ങളിൽ ആക്ടീവായതോടെ അജിത്തിന്റെ വിശേഷങ്ങൾ ആരാധകർക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കുന്നുണ്ട്. തുനിവാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അജിത്ത് സിനിമ. വിടാമുയർച്ചിയാണ് അണിയറയിൽ ഒരുങ്ങുന്ന സിനിമ.


Click it and Unblock the Notifications