വിഘ്നേശിന് വേണ്ടി നഷ്ടപ്പെടുത്തിയത് വലിയ അവസരങ്ങൾ; അല്ലു അർജുന് നടിയോട് ഇപ്പോഴും ദേഷ്യം?
പുഷ്പയുടെ വിജയത്തിന് ശേഷം പാൻ ഇന്ത്യൻ പ്രശസ്തി നേടിയിരിക്കുകയാണ് അല്ലു അർജുൻ. താരമൂല്യം കുതിച്ചുയർന്ന അല്ലു അർജുന്റെ പ്രതിഫലവും കോടികളാണ്. മറ്റ് തെലുങ്ക് താരങ്ങളേക്കാൾ അല്ലു അർജുനോട് മലയാളികൾക്ക് പ്രത്യേക മമതയുണ്ട്. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകൾ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. മല്ലു അർജുൻ എന്ന് ആരാധകർ നടനെ സ്നേഹ പൂർവം വിളിക്കാറുണ്ട്. അല്ലു അർജുന്റെ സിനിമകളിൽ നായികയാകാൻ ആഗ്രഹിക്കുന്ന നടിമാരും ഏറെയാണ്.
മറ്റ് സൂപ്പർതാരങ്ങളുടെ സിനിമളിലേക്കാളും അല്ലുവിന്റെ സിനിമിയിൽ നായികമാർക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. അല്ലുവിന്റെ സിനിമകളിൽ നായികയായി വന്ന് ജനപ്രീതി നേടിയ നടിമാർ ഏറെയാണ്. ഒട്ടുമിക്ക മുൻനിര നായികമാർക്കൊപ്പവും അല്ലു അഭിനയിച്ചിട്ടുണ്ട്. അതേസമയം തെന്നിന്ത്യൻ താരറാണി നയൻതാരയും അല്ലു അർജുനും ഇതുവരെയും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

ഇതിന് കാരണമെന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നയൻതാരയെ നായികയാക്കാൻ അല്ലു അർജുൻ താൽപര്യപ്പെടുന്നില്ല. ഇതിന് കാരണം മുമ്പ് നടന്ന ഒരു സംഭവമാണ്. 2016 ൽ സൈമ പുരസ്കാര വേദിയിൽ നടന്ന കാര്യങ്ങൾ അല്ലു അർജുന് നീരസമുണ്ടാക്കിയിട്ടുണ്ട്. ആ വർഷം മികച്ച നടിക്കുള്ള സൈമ പുരസ്കാരം ലഭിച്ചത് നയൻതാരയ്ക്കാണ്. പുരസ്കാരം നൽകാൻ വേദിയിലെത്തിയത് അല്ലു അർജുനാണ്. അല്ലു അർജനിൽ നിന്നും പുരസ്കാരം വാങ്ങാൻ നയൻതാര തയ്യാറായില്ല.
സംവിധായകൻ വിഘ്നേശ് ശിവനിൽ നിന്നും പുരസ്കാരം വാങ്ങാനാണ് താനാഗ്രഹിക്കുന്നതെന്ന് നടി വേദിയിൽ വെച്ച് പറഞ്ഞു. അല്ലു അർജുൻ ചിരിച്ച് കൊണ്ട് ഇതിന് സമ്മതിക്കുകയും ചെയ്തു. വിഘ്നേശ് വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരം നൽകി. വേദിയിൽ ഇതെല്ലാം കണ്ടുകൊണ്ട് അല്ലു അർജുന് നിൽക്കേണ്ടി വന്നു. അന്ന് അല്ലു അർജുന്റെ ആരാധകരിൽ നിന്നും കടുത്ത വിമർശനമാണ് നയൻതാരയ്ക്ക് നേരിടേണ്ടി വന്നത്. നാനും റൗഡി താൻ എന്ന സിനിമയ്ക്കാണ് നയൻതാരയ്ക്ക് പുരസ്കാരം ലഭിച്ചത്.

ഈ സിനിമ സംവിധാനം ചെയ്തത് വിഘ്നേശ് ശിവനാണ്. അന്ന് വിഘ്നേശും നയൻതാരയും പ്രണയത്തിലാണ്. ഇക്കാരണങ്ങളാലാണ് നടി വിഘ്നേശിൽ നിന്നും പുരസ്കാരം വാങ്ങിയത്. നയൻതാരയുടെ പ്രവൃത്തിയിൽ നീരസം തോന്നിയ അല്ലു അർജുൻ പിന്നീട് നടിയുടെ കൂടെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചെന്നാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലെ റിപ്പോർട്ട്. അതേസമയം ഇവർ തമ്മിൽ ഇപ്പോഴും അസ്വാരസ്യമുണ്ടോയെന്ന് വ്യക്തമല്ല. തെലുങ്ക് സിനിമാ ലോകത്ത് നയൻതാര ഇപ്പോൾ സജീവമല്ല.
ഒരു കാലത്ത് നടി ടോളിവുഡിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ സൂപ്പർതാര പദവി ലഭിച്ച ശേഷം നടി ചെയ്ത തെലുങ്ക് സിനിമകൾ കുറവാണ്. ചിരഞ്ജീവി, നന്ദമൂരി ബാലയ്യ തുടങ്ങിയ മുതിർന്ന താരങ്ങൾക്കാെപ്പമാണ് നയൻതാര അവസാനമായി തെലുങ്ക് സിനിമകൾ ചെയ്തത്. ഗോഡ്ഫാദർ ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ.
ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായെത്തിയത്. അതേസമയം പ്രഭാസും നയൻതാരയും ഒരുമിച്ചെത്തുന്ന കണ്ണപ്പ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 16 വർഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications