അമല പോളിന്റെ വിവാഹ മോചനം, തൃഷയുടെ മുടങ്ങിയ വിവാഹം; രണ്ടിലും ഉയർന്നു കേട്ടത് ധനുഷിന്റെ പേര്
തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടൻമാരിലൊരാളാണ് ധനുഷ്. രജനീകാന്തിന്റെ മരുമകൻ കൂടിയായ ധനുഷ് ഒട്ടനവധി മികച്ച സിനിമകൾ തമിഴിൽ ചെയ്തിട്ടുണ്ട്. വേല ഇല്ലാ പട്ടധാരി, അസുരൻ, ആടുകളം തുടങ്ങിയ ചിത്രങ്ങളിൽ നടന്റെ അവിസ്മരണീയ പ്രകടനമായിരുന്നു കാണാനായത്. ആടുകളത്തിലെയും അസുരനിലെയും പ്രകടനത്തിന് ദേശീയ പുരസ്കാരവും ധനുഷിന് ലഭിച്ചു. പ്രൊഫഷണൽ ജീവിതത്തിൽ മുന്നേറുന്ന ധനുഷിന്റെ വ്യക്തിജീവിതം മിക്കപ്പോഴും വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞതാണ്. അടുത്തിടെ ഭാര്യ ഐശ്വര്യയുമായി അകന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

നടിമാരുടെ ഒപ്പം ചേർത്തും ധനുഷിന്റെ പേര് ഇടയ്ക്കിടെ ഉയർന്നു കേൾക്കാറുണ്ട്. നടിമാരായ അമല പോൾ, തൃഷ എന്നിവരുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ധനുഷിന്റെ പേരും ഉയർന്ന് കേട്ടത്. എന്നാൽ ഇതേ പറ്റിയൊന്നും ധനുഷ് ഇതുവരെ സംസാരിച്ചിട്ടില്ല.
2017 ൽ സംവിധായകൻ എഎൽ വിജയുമായുള്ള വിവാഹ ബന്ധം അമല പോൾ വേർപെടുത്തിയതിന് പിന്നാലെയാണ് അമലപോൾ-ധനുഷ് ഗോസിപ്പുകൾ പ്രചരിച്ചത്. ധനുഷും അമലയും പ്രണയത്തിലാണെന്ന് വരെ പ്രചരണങ്ങളുണ്ടായിരുന്നു. വിജയുടെ പിതാവ് എഎൽ അഴകപ്പൻ ഇതിനിടെ നടത്തിയ ചില വിവാദ പ്രസ്താവനകളും ഈ ഗോസിപ്പിന് ആക്കം കൂട്ടി.

വിശ്വാസമാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഇത് പോയതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്നുമായിരുന്നു എഎൽ വിജയ്യുടെ പ്രതികരണം. അമലയുടെ കരിയർ നിർത്താൻ താനോ കുടുംബമോ പറഞ്ഞിട്ടില്ലെന്നും സംവിധായകൻ കൂട്ടുച്ചേർത്തു. 2017 ൽ അമലയുമായുള്ള ബന്ധം അവസാനിപ്പിച്ച എഎൽ വിജയ് രണ്ട് വർഷത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം ധനുഷുമായി ചേർത്തുള്ള പ്രചരണങ്ങൾ തെറ്റാണെന്നും ധനുഷ് തന്റെ സുഹൃത്താണെന്നുമായിരുന്നു അമല പോൾ നേരത്തെ പറഞ്ഞത്.

അമല പോളിന് പുറമെ നടി തൃഷയുമായി ബന്ധപ്പെട്ടും ധനുഷിന്റെ പേര് ഒരുവേള ഉയർന്ന് കേട്ടിരുന്നു. 2015 ലാണ് നിശ്ചയം കഴിഞ്ഞ തന്റെ വിവാഹം വേണ്ടെന്ന് വെച്ച കാര്യം തൃഷ അറിയിച്ചത്. ബിസിനസ്കാരൻ വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ നിശ്ചയത്തിന് ശേഷം പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. ഒത്തുപോവാനില്ലെന്ന് വ്യക്തമായതിനാൽ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് ഇരുപക്ഷവും വ്യക്തമാക്കിയത്.

വിവാഹ നിശ്ചയത്തിന്റെ അന്നും വരുണും തൃഷയും തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണ് അന്ന് പുറത്തു വന്ന വിവരം. ധനുഷിന്റെ പേരും ഈ സംഭവങ്ങൾക്കിടെ ഉയർന്നു കേട്ടു. തൃഷ സിനിമാ അഭിനയം തുടരുന്നതിനോട് വരുണിനോ വരുണിന്റെ കുടുംബത്തിനോ താൽപര്യമില്ലായിരുന്നു. ഇതിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് നിശ്ചയം നടത്താമെന്ന് തീരുമാനിച്ചത്. നിശ്ചയത്തിന് സിനിമയിലെ തന്റെ സുഹൃത്തുക്കളെ ക്ഷണിച്ച തൃഷ ധനുഷിനെയും ക്ഷണിച്ചിരുന്നു. വരുണിന് തീരെ ഇഷ്ടമില്ലാത്ത വ്യക്തിയായിരുന്നു ധനുഷ്.
Recommended Video

ധനുഷിന്റെ സാന്നിധ്യം സംബന്ധിച്ച് വരുണും തൃഷയും തമ്മിൽ വാഗ്വാദമുണ്ടായി എന്ന് നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ഒരു അതിഥി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ട് വന്നിരുന്നു. സിനിമാ മേഖല പൂർണമായും വിടാൻ പറ്റില്ലെന്ന് തൃഷ വ്യക്തമാക്കിയതോടെയാണ് വരുണുമായുള്ള വിവാഹം പിൻവലിച്ചതെന്നാണ് അന്ന് പുറത്തു വന്ന റിപ്പോർട്ട്.


Click it and Unblock the Notifications