അനിരുദ്ധും കാവ്യ മാരനും വിവാഹിതരാവുന്നു; റിപ്പോർട്ടുകൾക്ക് പിന്നിലെ സത്യമെന്ത്?
അനിരുദ്ധ് രവിചന്ദർ ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. തന്റെ ഇരുപത്തൊന്നാം തമിഴ് സിനിമയിൽ 3 എന്ന തമിഴ് ചിത്രത്തിലെ 'വൈ ദിസ് കൊലവെറി' എന്ന പാട്ടിലൂടെ തന്റെ സിനിമ കരിയർ തുടങ്ങിയ അനിരുദ്ധ്, ഇന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകയരിൽ ഒരാളാണ്. എന്നാൽ, പ്രശസ്ത മ്യൂസിഷ്യൻ ഇന്ന് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത് ബിസിനസ്സുകാരിയായ കാവ്യ മാരനുമായുള്ള വിവാഹ വാർത്തകളിലൂടെയാണ്.
അനിരുദ്ധും കാവ്യ മാരനും വിവാഹിതരാവുന്നു?
ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, അനിരുദ്ധ് രവിചന്ദർ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. പ്രശസ്ത ബിസിനസ്സ് വുമണും, സൺ ടീവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ടീം ഉടമയുമായ കാവ്യ മാരനാണ് പ്രശസ്ത സംഗീത സംവിധായകന്റെ വധു എന്നാണ് അറിയാൻ കഴിയുന്നത്. ഇരുവരുടെയും വിവാഹം ഉറപ്പിച്ചു എന്ന തരത്തിലുള്ള സ്ഥിരീകരിക്കാത്ത റൂമറുകൾ, റെഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. തമിഴ് നാട്ടിലെ പ്രശസ്ത ബിസിനസ്സ് മാഗ്നറ്റും, സൺ ഗ്രൂപ്പ് ചെയർമാനുമായ, സിനിമ നിർമ്മാതാവുമായ കലാനിധി മാരന്റെയും, കാവേരി മാരന്റെയും മകളാണ് കാവ്യ.

ഇതിന് മുൻപ് പല തവണ അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, പ്രശസ്ത സംഗീത സംവിധായകനും, ഐ.പി.എൽ ടീം ഉടമയും ഒരിക്കൽ പോലും ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. മുൻപ് അനിരുദ്ധിന്റെ ടീം ഈ വാർത്തകൾ നിഷേധിച്ച് മുന്നോട്ട് വന്നെങ്കിലും, ഇരുവരെയും ഒന്നിച്ചു പലയിടത്തും ആരാധകർ കണ്ടതോടെ ആ അവകാശവാദവും ഇല്ലാതായി. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, അനിരുദ്ധിന്റേയും കാവ്യ മാരന്റെയും വിവാഹ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
അനിരുദ്ധും സൺ പിക്‌ച്ചേസും തമ്മിലുള്ള ബന്ധം
കാവ്യ മാരന്റെ പിതാവും, തമിഴ് നാട്ടിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയലിസ്റ്റുകളിൽ ഒരാളുമായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ പിക്‌ചേഴ്‌സുമായി അടുത്ത ബന്ധമാണ് അനിരുദ്ധ് രവിചന്ദറിന് ഉള്ളത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനറുകളിൽ ഒന്നായ സൺ പിക്‌ചേഴ്‌സ് നിർമ്മിച്ചിട്ടുള്ള ഒരുപാട് വലിയ പ്രോജക്ടുകളുടെ ഭാഗമായിരുന്നു സൗത്ത് ഇന്ത്യയുടെ റോക്‌സ്‌റ്റാർ എന്നറിയപ്പെടുന്ന മ്യൂസിഷ്യൻ. ജയിലർ എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് കലാനിധി മാരൻ അനിരുദ്ധിന് ആഡംബര കാർ സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു.

2019ൽ ഇറങ്ങിയ രജനികാന്ത് ചിത്രം 'പേട്ട'യാണ് അനിരുദ്ധ് രവിചന്ദർ സൺ പിക്ച്ചേഴ്സിനൊപ്പം കൈകോർത്ത ആദ്യ പ്രൊജക്റ്റ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ആക്ഷൻ പടത്തിനായി അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും, വലിയ തരംഗം സൃഷ്ടിച്ചു. പിന്നീട് ബീസ്റ്റ്, തിരുച്ചിട്രമ്പലം, ജയിലർ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയും, കലാനിധി മാരന്റെ പ്രൊഡക്ഷൻ ബാനറുമായി അനിരുദ്ധ് ഒന്നിച്ചു. ഈ ചിത്രങ്ങളുടെയെല്ലാം പാട്ടുകളും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സംഗീത പ്രേമികൾ വലിയ രീതിയിൽ സ്വീകരിച്ചിരുന്നു.
ഇതിന് പുറമെ, സൺ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന കൂലി, ജയിലർ 2 എന്നീ രണ്ടു പ്രൊജെക്ടുകൾക്കും സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ തന്നെയാണ്. തന്റെ അടുത്ത ബന്ധു കൂടിയായ തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജിനികാന്തുമായി അനിരുദ്ധ് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ രണ്ടു ചിത്രങ്ങൾക്കും ഉണ്ട്. രജനികാന്തിന്റെ ഭാര്യയായ ലത രജനികാന്തിന്റെ അനിയത്തിയുടെ മകനാണ് അനിരുദ്ധ്. പ്രശസ്ത സംഗീത സംവിധായകന്റെ ആദ്യ പ്രൊജക്റ്റ് ആയ 3 സംവിധാനം ചെയ്തത് സൂപ്പർസ്റ്റാറിന്റെ മൂത്ത മകളും, അനിരുദ്ധിന്റെ സഹോദരിയുമായ ഐശ്വര്യ രജനികാന്ത് ആണ്.


Click it and Unblock the Notifications











