നയൻതാരയുടെ ബൗൺസേർസിന്റെ ചെലവുമെടുക്കണം; നിർമാതാവിന് ലക്ഷങ്ങൾ ചെലവ്; അവസരം കുറയുന്നെന്ന് അന്തനൻ
കരിയറിൽ നയൻതാരയുടെ പോക്ക് ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉള്ളപ്പോഴും ഇതെല്ലാം അവഗണിച്ച് മുന്നോട്ട് നീങ്ങുകയാണ് നയൻതാര. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരിയറിൽ പക്ഷെ നടിക്ക് മോശം സമയമാണ്. ചെയ്യുന്ന സിനിമകളെല്ലാം പരാജയപ്പെടുന്നു. ജവാന്റെ വിജയം മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം നൽകിയത്. ഒടുവിൽ റിലീസ് ചെയ്ത ടെസ്റ്റ് പ്രേക്ഷകരെ നിരാശപ്പെടുത്തി. എന്തുകൊണ്ടാണ് നയൻതാരയെ ഇന്ന് തമിഴിലെ സൂപ്പർതാരങ്ങൾക്കൊപ്പം കാണാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്.
അജിത്ത്, രജിനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്ത നടിയാണ് നയൻതാര. എന്നാൽ ഇന്ന് ഇവർക്കൊപ്പം നയൻതാരയെ കാണാറേയില്ല. നയൻതാരയുടെ സ്ഥാനത്തേക്ക് ഇന്ന് തൃഷ എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ വർഷം തൃഷയുടെ സിനിമകൾ ഒന്നിന് പിറകെ ഒന്നായി റിലീസ് ചെയ്തു. വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകളിൽ നായകൻ അജിത്ത്. തഗ് ലെെഫിൽ കമൽ ഹാസനും ചിമ്പുവിനുമൊപ്പം.

തൃഷയ്ക്ക് വലിയ പ്രൊജക്ടുകൾ തുടരെ ലഭിക്കുമ്പോൾ നയൻതാരയ്ക്ക് തമിഴിൽ സൂപ്പർതാര സിനിമകളൊന്നുമില്ല. നയൻതാരയുടെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. നയൻതാരയുടെ കടുത്ത നിബന്ധനകളാണ് കരിയറിന് വിനയാകുന്നതെന്നും ഇത് തൃഷയ്ക്ക് ഗുണം ചെയ്യുന്നെന്നും ഇദ്ദേഹം പറയുന്നു. പ്രെെം9 തമിഴ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
നയൻതാരയെ കൊണ്ടുനടക്കുക ബുദ്ധിമുട്ടാണെന്ന് എല്ലാവർക്കും അറിയാം. കൂടെ പത്ത് പതിനഞ്ച് ബൗൺസേർസ് ഉണ്ടാകും. സഹായികൾ എന്ന് പറഞ്ഞ് ഏഴെട്ട് പേർ വരുന്നു. അവരുടെയെല്ലാം ബിൽ. എല്ലാം കൂടി ഒരു ദിവസം 20-40 ലക്ഷം രൂപയാകും. ഇതിൽ ഇൻഡസ്ട്രിക്ക് നീരസമുണ്ട്. അപ്പോൾ അതേ സ്റ്റേജിലുള്ള തൃഷയെ കാസ്റ്റ് ചെയ്യുന്നു. അപ്പോൾ ഈ പ്രശ്നങ്ങളൊന്നും ഇല്ല. ഇങ്ങനെയാെരു സാഹചര്യം വന്നതിൽ നിർമാതാക്കളുടെ ഭാഗത്തും തെറ്റുണ്ട്. കാരണം ഇവരുടെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നയൻതാരയെ എതിർത്ത നിർമാതാവുണ്ടെന്നും അന്തനൻ പറയുന്നു.

ആർബി ചൗധരി എന്ന നിർമാതാവ് ജീവയെയും നയൻതാരയെയും വെച്ച് ഈ എന്ന സിനിമ നിർമിച്ചു. ആ സമയത്ത് നയൻതാര ഒരു പ്രണയബന്ധത്തിലാണ്. ഷൂട്ടിംഗ് സെറ്റിൽ എപ്പോഴും ഫോണിൽ സംസാരിക്കും. ഒറ്റയ്ക്ക് മാറി നിൽക്കും. ഷൂട്ടിംഗിൽ തടസം വന്നു. ഒരു ദിവസം ചൗധരി നയൻതാരയെ വിളിച്ച് ഇങ്ങനെ ചെയ്താൽ ഞാൻ ഇടപെട്ട് സൗത്ത് ഇന്ത്യ മുഴുവൻ നിന്നെ മാറ്റി നിർത്തിക്കും എന്ന് പറഞ്ഞു. അതിന് ശേഷം അടങ്ങിയൊതുങ്ങി നയൻതാര ആ സിനിമയിൽ അഭിനയിച്ചു.
ഈ ധൈര്യം മറ്റ് നിർമാതാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെയാെരു സാഹചര്യം വരില്ലായിരുന്നെന്നും അന്തനൻ പറയുന്നു. നടൻ ജീവയുടെ പിതാവാണ് ആർബി ചൗധരി. നയൻതാരയുടെ സിനിമകൾ ഇപ്പോൾ തിയറ്ററിൽ ഓടുന്നില്ല. മാർക്കറ്റില്ലാത്തപ്പോൾ വലിയ നിബന്ധനകൾ അംഗീകരിച്ച് നയൻതാരയെ നായികയാക്കേണ്ട എന്നാണ് നിർമാതാക്കൾ ഇപ്പോൾ കരുതുന്നതെന്നും അന്തനൻ പറയുന്നുണ്ട്.
അതേസമയം നയൻതാരയുടെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ റിലീസ് ചെയ്യാനുള്ള സിനിമ. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ പ്രൊജക്ടിലും നയൻതാര അഭിനയിക്കുന്നുണ്ട്. തമിഴിൽ മൂക്കുത്തി അമ്മൻ 2 ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുന്നു. തെലുങ്കിൽ ചിരഞ്ജീവിയുടെ പുതിയ പ്രൊജക്ടിലും നയൻതാര അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications