അന്‍വര്‍ റഷീദും ദുല്‍ഖര്‍ സല്‍മാനും വീണ്ടും? ട്രാന്‍സിന് പിന്നാലെ പുതിയ സിനിമ
ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദുല്‍ഖര്‍ സല്‍മാനും അന്‍വര്‍ റഷീദും. ദുല്‍ഖറിന്റെ രണ്ടാമത്തെ സിനിമ കൂടിയായിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. രണ്ടു പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ഉസ്താദ് ഹോട്ടലിന് പിന്നാലെ ദുല്‍ഖറിന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് നിര്‍മ്മിച്ചതും അന്‍വര്‍ റഷീദ് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രാന്‍സ് എന്ന ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് വീണ്ടും എത്തിയിരുന്നത്.

ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. അതേസമയം ട്രാന്‍സിന് പിന്നാലെ ദുല്‍ഖറും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമാണ് സംവിധായകന്റെതായി വരികയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ പേരുകളും നായികയുടെ വേഷത്തിനായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.
സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമിഴനാട്ടിലെന്ന പോലെ കേരളത്തിലെ പ്രേക്ഷകരും ചിത്രത്തെ സ്വീകരിച്ചിരുന്നു.
പിന്നാലെ ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം ഹേയ് സിനാമിക കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ബ്രിന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളും അദിഥി റായ് ഹൈദരിയുമാണ് നായികമാര്‍. മലയാളത്തില്‍ കുറുപ്പാണ് ദുല്‍ഖറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. സെക്കന്‍ഡ് ഷോയ്ക്ക് പിന്നാലെ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ എടുക്കുന്നത്. കുറുപ്പില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന കുറുപ്പ് നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ദുല്‍ഖറിന്റെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











