ആര്യയും സയേഷയും ആദ്യ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു! സയേഷ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം മുതല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് താരദമ്പതികളാണ് നടന്‍ ആര്യയും സയേഷയും. ആര്യയുടെ വിവാഹവും പ്രണയവുമൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തനിക്കൊരു വധുവിനെ കണ്ടെത്തണമെന്ന ആവശ്യ പ്രകാരം ആര്യ നടത്തിയ എങ്കെ വീട്ടു മാപ്പിളൈ എന്ന പരിപാടിയായിരുന്നു ഇതിനെല്ലാം കാരണം.
മത്സരത്തില്‍ പങ്കെടുത്ത ആരെയും വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ആര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ താന്‍ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

2019 മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് ഇരുവരും ആദ്യ വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇപ്പോഴിതാ താരദമ്പതികളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാന്‍ പോവുകയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. നേരത്തെയും ഇതേ കാര്യം പുറത്ത് വന്നിരുന്നെങ്കിലും ലോക്ഡൗണ്‍ കാലത്ത് സയേഷ ഗര്‍ഭിണി ആയെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സയേഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ വിലയിരുത്തി കൊണ്ടായിരുന്നു അത്തരമൊരു നിഗമനത്തിലെത്തിയത്. കോളിവുഡിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുകയാണ്. താരദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് മുകളിലായതോടെയാണ് വീണ്ടും ഇതേ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ആര്യയോ സയേഷയോ അവരുടെ അടുത്തവൃത്തങ്ങളോ ഇതുവരെ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടി സാമന്തയുടെ പേരില്‍ സമാനമായ ആരോപണങ്ങള്‍ വന്നെങ്കിലും അതൊക്കെ സത്യമല്ലെന്ന് പറഞ്ഞ് നടി തന്നെ എത്തിയിരുന്നു. വൈകാതെ പ്രതികരണവുമായി താരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











