ഗോസിപ്പ് വന്നാൽ അപ്പോൾ വിളിക്കുന്ന പിതാവ്; പക്ഷെ ബോളിവുഡിലെത്തിയപ്പോൾ കൈയിൽ നിന്ന് പോയി; അസിന് സംഭവിച്ചത്
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അസിൻ. തെന്നിന്ത്യയിലെ താരറാണിയായ അസിന് ബോളിവുഡിലും ജനസ്വീകാര്യത ലഭിച്ചു. ഏത് നടിയും കൊതിക്കുന്ന കരിയർ ഗ്രാഫായിരുന്നു അസിന്റേത്. കൊമേഴ്ഷ്യൽ സിനിമകളിൽ അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചതാണ് അസിനെ അക്കാലത്ത് മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കിയത്. എന്നാൽ 2016 ൽ വിവാഹിതയായ ശേഷം അസിൻ സിനിമാ രംഗം വിട്ടു. പിന്നീട് ലൈം ലൈറ്റിൽ അസിനെ കണ്ടിട്ടേയില്ല.
അസിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അസിന്റെ തെന്നിന്ത്യൻ സിനിമാ കരിയറിലെ നല്ല ഇമേജിന് മാധ്യമങ്ങളുമായുള്ള നല്ല ഇടപെടൽ സഹായിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മാധ്യമങ്ങളുമായി നല്ല ബന്ധം പിതാവിനും അസിനും ഉണ്ടായിരുന്നു. എന്തെങ്കിലും വിവാദങ്ങൾ വന്നാൽ വിളിച്ച് വിശദീകരണം തരും.

ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന പ്രചരണവും നടൻമാർക്കൊപ്പം ചേർത്തുള്ള ഗോസിപ്പുകളുമൊക്കെ വന്നാൽ അസിന്റെ പിതാവ് വിളിക്കും. പൊതുവെ നടിമാർക്കൊപ്പം സെറ്റിൽ വരുന്നതും കോൾ ഷീറ്റുകളുമൊക്കെ നോക്കാറ് അമ്മമാരാണ്. എന്നാൽ അസിന്റെ കാര്യത്തിൽ അച്ഛനായിരുന്നു എല്ലാം ശ്രദ്ധിച്ചിരുന്നതെന്നും ചെയ്യാറു ബാലു ഓർത്തു. അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലിനെക്കുറിച്ച് നേരത്തെയും ചെയ്യാറു ബാലു സംസാരിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് മാധ്യമങ്ങളുമായി നല്ല ബന്ധം വെക്കാൻ അസിന്റെ പിതാവ് ശ്രദ്ധിച്ചിരുന്നു. സിനിമാ രംഗത്തെ കൃത്യമായി മനസിലാക്കിയ അദ്ദേഹം ഇത്തരം കാര്യങ്ങളിൽ ബുദ്ധിപൂർവമാണ് ഇടപെട്ടതെന്നും ചെയ്യാറു ബാലു അന്ന് പറഞ്ഞു. തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമായിരുന്ന കാലത്ത് മാധ്യമങ്ങളുടെ ഗോസിപ്പ് പ്രചരണങ്ങളൊന്നും അസിന് നേരെ വലിയ തോതിൽ വന്നിട്ടില്ല.

അതേസമയം ബോളിവുഡിലെത്തിയപ്പോൾ ഇതല്ലായിരുന്നു സാഹചര്യം. ഒന്നിലേറെ പ്രമുഖരെയും അസിനെയും ചേർത്ത് ഗോസിപ്പുകൾ വന്നു. മുമ്പൊരിക്കൽ മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് മാധ്യമങ്ങളുടെ ഈ മോശം വശത്തെക്കുറിച്ച് അസിൻ സംസാരിച്ചിട്ടുണ്ട്.
ബോളിവുഡിൽ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവിടെയുള്ള മാധ്യമങ്ങൾ അഗ്രസീവാണ്. ഒന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ച് സെൻസേഷനാക്കും. അവിടെ കുറേ മാധ്യമങ്ങൾ ഉള്ളത് കൊണ്ടാണെന്ന് കരുതുന്നു. ചോദ്യങ്ങളിൽ നിന്ന് തന്നെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കും. ഓണം എങ്ങനെയാണ് ആഘോഷിച്ചതെന്നാണ് ഇവിടെ ചോദിക്കുക. പക്ഷെ അവിടെ ഓണത്തിന് ആർക്കൊക്കെ സമ്മാനം കൊടുത്തെന്ന് ചോദിക്കും. ഉത്തരത്തിൽ നിന്ന് എന്തെങ്കിലും പൊക്കിയെടുത്ത് വിവാദമാക്കുമെന്നും അസിൻ ചൂണ്ടിക്കാട്ടി.
തന്നെക്കുറിച്ച് വന്ന ഒരു ഗോസിപ്പിനെക്കുറിച്ചും അന്ന് നടി സംസാരിച്ചു. ലണ്ടൻ ഡ്രീംസ് എന്ന സിനിമയിൽ താൻ രണ്ടര ലക്ഷം രൂപയുടെ ഷൂ വാങ്ങിയെന്ന് ഗോസിപ്പ് വന്നു. യഥാർത്ഥത്തിൽ അവിടെ ഒരു ഡിസൈനർ ഉണ്ടാകും. അവർ സംവിധായകനൊപ്പം ഇരുന്നാണ് ക്യാരക്ടറിന്റെ ലുക്ക് തീരുമാനിക്കുക. നമ്മളും ഇൻപുട്ട് കൊടുക്കും. അത് കഴിഞ്ഞ് ഡിസൈനർ ഷോപ്പിംഗിന് പോകും.
ലണ്ടൻ ഡ്രീംസിന്റെ ലൊക്കേഷൻ ലണ്ടനിലായത് കാരണം ഡിസൈനർ ലണ്ടനിൽ പോയാണ് ഷോപ്പ് ചെയ്തത്. അദ്ദേഹം ഷൂവും ഡ്രസുകളുമെല്ലാം വാങ്ങി. ഇതിൽ ഷോപ്പിംഗും ഞാനുമായി യാതൊരു ബന്ധവും ഇല്ല. പക്ഷെ ന്യൂസ് വന്നത് താൻ രണ്ടര ലക്ഷത്തിന്റെ ഷൂ വാങ്ങിയെന്നാണെന്നും അന്ന് അസിൻ ചൂണ്ടിക്കാട്ടി.
ബോളിവുഡിൽ അഭിനയിക്കുമ്പോൾ പ്രത്യേകിച്ച് മാറ്റമൊന്നും തോന്നിയിട്ടില്ല. ഫിലിം മേക്കിംഗ് പ്രോസസ് ഒന്നാണ്. പക്ഷെ അവരുടേത് കുറേക്കൂടി ഹോളിവുഡ് സ്റ്റെെലാണെന്ന് തോന്നുന്നു. ഷെഡ്യൂളുകൾ പ്ലാൻ ചെയ്യുന്നതിലൊക്കെ വ്യത്യാസമുണ്ടെന്ന് അസിൻ അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications