അടുത്തത് ശ്രീലീലയാണ്; സമാന്തയുടെ വിവാഹമോചനം പ്രവചിച്ച ജ്യോതിഷി വീണ്ടും രംഗത്ത്
തെലുങ്ക് സിനിമാ ലോകത്തെ നായിക നടിമാരുടെ ഉയർച്ചയും താഴ്ചയും വളരെ പെട്ടെന്നാണ്. പത്ത് വർഷത്തിൽ കൂടുതൽ മുൻനിര നായികയായി ടോളിവുഡിൽ തുടരാൻ കഴിഞ്ഞ നടിമാർ വിരളമാണ്. സമാന്ത, അനുഷ്ക ഷെട്ടി തുടങ്ങി വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ഇതിന് സാധിച്ചിട്ടുള്ളൂ. അറുപത് പിന്നിട്ട നായകൻമാർക്കൊപ്പം ഇരുപതുകളിലുള്ള നായികമാർ ആടിപ്പാടുന്നത് തെലുങ്ക് സിനിമകളിലാണ് കൂടുതലും കാണാറ്. അതേസമയം തെലുങ്ക് സിനിമാ ലോകം നടിമാർക്ക് നൽകുന്ന സാധ്യതകളും ചെറുതല്ല.
വലിയ ആരാധക വൃന്ദം സൃഷ്ടിക്കാൻ തെലുങ്ക് ചിത്രങ്ങളിലൂടെ കഴിയും. നിരവധി മലയാളി നടിമാരുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാകുന്നത് തെലുങ്കിലേക്ക് കടന്ന ശേഷമാണ്. അനുപമ പരമേശ്വരൻ, നിത്യ മേനോൻ തുടങ്ങിയ നടിമാർക്ക് ആന്ധ്രയിലും തെലങ്കാനയിലും വൻ ജനപ്രീതിയാണ്. വീര സിംഹ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ഹണി റോസ് കൈവരിച്ച ജനപ്രീതി ഇതിനേറ്റവും വലിയ ഉദാഹരണമാണ്. അതേസമയം നിലവിൽ രശ്മിക മന്ദാനയുൾപ്പെടെയുള്ള നടിമാരാണ് തെലുങ്ക് ഇൻഡ്സ്ട്രിയിൽ മുൻനിരയിലുള്ളത്.

അടുത്ത നമ്പർ വൺ നായികയായി ഉയർന്ന് വരാൻ സാധ്യതയുള്ള നടിയുടെ പേര് പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജ്യോതിഷി വേണു സ്വാമി. നടി ശ്രീലീലയുടെ പേരാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്. രാജയോഗമാണ് ശ്രീലീലയ്ക്കെന്ന് വേണു സ്വാമി പറയുന്നു. 2028 ഓടെ ടോളിവുഡിലെ പ്രമുഖ താരമായി ശ്രീലീല മാറുമെന്നും വേണു സ്വാമി പ്രവചിച്ചു. കന്നഡ, തെലുങ്ക് സിനിമകളിൽ ശ്രദ്ധ നേടി വരുന്ന നടിയാണ് ശ്രീലീല. കന്നഡ സിനിമകളിലൂടെയാണ് നടി കരിയർ തുടങ്ങുന്നത്. 2019 ൽ പുറത്തിറങ്ങിയ കിസ് ആണ് ആദ്യ ചിത്രം.
സിനിമ വൻ വിജയമായി. കന്നഡയിൽ ശ്രദ്ധിക്കപ്പെട്ട ശേഷമായിരുന്നു തെലുങ്കിലേക്കുള്ള അരങ്ങേറ്റം. പെല്ലി സന്ദഡ് ആണ് ആദ്യ തെലുങ്ക് ചിത്രം. ഇന്ന് തെലുങ്കിൽ നടിക്ക് തിരക്കേറി വരികയാണ്. ഇതിനിടെയാണ് ജ്യോതിഷിയുടെ പ്രവചനം. നേരത്തെ സമാന്ത-നാഗചൈതന്യ വിവാഹമോചനം പ്രവചിച്ച് ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. 2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021ൽ ഇരുവരും വേർപിരിഞ്ഞു.

ഇവരുടെ വിവാഹമോചനം നേരത്തെ തന്നെ താൻ പ്രവചിച്ചിരുന്നെന്ന് വാദവുമായി വേണു സ്വാമി രംഗത്തെത്തി. നാഗാർജുനയുടെ ഇളയമകൻ അഖിൽ അക്കിനേനിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങുമെന്നും പ്രവചിച്ചിരുന്നു, എന്നാൽ തനിക്കെതിരെ കേസ് നൽകുമെന്നാണ് നാഗാർജുന പറഞ്ഞതെന്നും വേണു സ്വാമി ആരോപിച്ചു. എന്നാൽ തന്റെ പ്രവചനം പോലെ അഖിൽ അക്കിനേനിയുടെ വിവാഹം മുടങ്ങിയെന്നും വേണു സ്വാമി വാദിച്ചു.
2016 ലാണ് ഫാഷൻ ഡിസൈനറായ ശ്രിയ ഭൂപാലുമായി അഖിൽ അക്കിനേനിയുടെ വിവാഹം നിശ്ചയിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങിയത്. 2016 ലായിരുന്നു വിവാഹ നിശ്ചയം. എന്നാൽ പിന്നീട് ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. വിവാഹം വേണ്ടെന്ന് വെക്കുകയും ചെയ്തു.
പൊതുവെ താര കുടുംബങ്ങളെക്കുറിച്ച് പ്രവചനം നടത്തുന്ന ജോത്സ്യൻമാർ ഏറെയാണ്. വിവാഹം ഉൾപ്പെടെയുള്ള സന്ദർഭങ്ങളിലാണ് താരങ്ങളുടെ ഭാവി പ്രവചിച്ച് ഇവർ രംഗത്തെത്താറ്. അടുത്തിടെ നടൻ രാം ചരണിന് പെൺകുഞ്ഞ് പിറന്നപ്പോൾ ഇത്തരത്തിൽ നിരവധി പ്രവചനങ്ങൾ വന്നു. പലപ്പോഴും ഇവ വാർത്താ പ്രാധാന്യവും നേടുന്നു. എന്നാൽ താരങ്ങൾ പൊതുവെ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാറില്ല.


Click it and Unblock the Notifications