'പെൺമക്കളുടെ ജീവിതം പ്രതീക്ഷിച്ചത് പോലെ വരാത്തത് ശങ്കറിൽ നിരാശയുണ്ടാക്കി, ഒന്നിനും താൽപര്യമില്ല'; രംഗനാഥൻ!
ബാഹുബലിക്കും ആർആർആറിനുമെല്ലാം മുമ്പ് ബ്രഹ്മാണ്ഡ സിനിമകളെന്ന് കേട്ടാൽ സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം വരുന്ന മുഖം സംവിധായകൻ ശങ്കറിന്റേതാണ്. തമിഴ് സിനിമയിലെ ഏറ്റവും സക്സസ്ഫുള്ളായ സംവിധായകരിൽ ഒരാളാണ് ശങ്കർ.
അദ്ദേഹം സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളെല്ലാം ഹിറ്റ് ചിത്രങ്ങളായതിനാൽ ശങ്കറിന് ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. പരീക്ഷണ ചിത്രങ്ങൾ സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ നിന്നും വലിയ കലക്ഷൻ സമ്പാദിക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്.
മാത്രമല്ല ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പബ്ലിസിറ്റി മാത്രം മതി സിനിമാപ്രേമികൾ തിയേറ്ററിലേക്ക് ഒഴുകി എത്താൻ. അതുകൊണ്ട് തന്നെ ശങ്കർ സിനിമയിൽ അഭിനയിക്കാൻ താരങ്ങൾക്കും വലിയ താൽപര്യമാണ്.
നിലവിൽ ഇന്ത്യൻ 2, രാം ചരണിന്റെ ഗെയിം ചേഞ്ചർ എന്നീ രണ്ട് ചിത്രങ്ങൾ അദ്ദേഹം ഒരേ സമയം സംവിധാനം ചെയ്യുന്നുണ്ട്. രണ്ടിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.

കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ഏറെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. ശങ്കറിന് രണ്ട് പെൺമക്കളാണുള്ളത്. അതിൽ മൂത്ത മകളുടെ പേര് ഐശ്വര്യ എന്നാണ്. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. കൊറോണ കാലത്ത് മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. ഡോക്ടറാണ് ഐശ്വര്യ.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ. ടീമിന്റെ ക്യാപ്റ്റനുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തിയിരുന്നു.
എന്നാൽ ഇരുവരുടെയും വിവാഹ ജീവിതത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. രണ്ട് മാസത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ വിവാഹമോചന കേസ് നടക്കുന്നുണ്ട്. രണ്ടാമത്തെ മകൾ അദിതിയും ഡോക്ടറാണ്. കൂടാതെ അഭിനയത്തിലും സജീവമാണ് അദിതി. ശങ്കർ പറയുന്നത് കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ അദിതി എത്തിയത്.
മകളെ സിനിമയിലേക്ക് വിടുന്നതിനോട് ശങ്കറിന് താൽപര്യമുണ്ടായിരുന്നില്ലത്രെ. ഇരുപത്തിയാറുകാരിയായ അദിതി വിരുമൻ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അദിതിക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ലഭിച്ചു.

വിരുമന് ശേഷം മാവീരൻ എന്ന ശിവകാർത്തികേയൻ ചിത്രത്തിലും അദിതിയായിരുന്നു നായിക. അതേസമയം താൻ പ്രതീക്ഷിച്ചത് പോലെ തന്റെ പെൺമക്കളുടെ ജീവിതം മുന്നോട്ട് പോകാത്തത് ശങ്കറിൽ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യൻ 2, ഗെയിം ചെയ്ഞ്ചർ പോലുള്ള സിനിമകൾ പൂർത്തിയാക്കാൻ പോലും ശങ്കറിന് ഇത്രയും നാളുകളായിട്ടും സാധിക്കാത്തതെന്നുമാണ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ പറയുന്നത്.
'പണവും സ്വത്തും നോക്കിയാണ് രോഹിത്തെന്ന ക്രിക്കറ്ററെ കൊണ്ട് മകൾ ഐശ്വര്യ ശങ്കർ വിവാഹം കഴിപ്പിച്ചത്. പക്ഷെ രോഹിത്തിന്റെ സ്വഭാവദൂഷ്യം കൊണ്ടാണ് ഐശ്വര്യ ബന്ധം വേർപ്പെടുത്തിയത്.'
'മൂത്ത മകളുടെ ജീവിതം തകർന്നത് ശങ്കറിന് വലിയ രീതിയിൽ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് രണ്ടാമത്തെ മകൾ അദിതി ശങ്കറിന്റെ വാക്ക് നിഷേധിച്ച് സമ്മതം ഇല്ലാതെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. തുടരെ തുടരെ മകൾ സിനിമകൾ ചെയ്യുന്നതിൽ ശങ്കറിന് അതൃപ്തിയുണ്ട്.'
'രണ്ട് പെൺമക്കളുടെയും ജീവിതം താൻ പ്രതീക്ഷിച്ചത് പോലെയല്ല പോകുന്നതെന്നത് അദ്ദേഹത്തെ വലിയ രീതിയിൽ ബാധിച്ചു. സംവിധാനത്തിലുള്ള ഫോക്കസും അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് സിനിമകൾ വരാൻ വൈകുന്നതെന്നും', ബയിൽവാൻ രംഗനാഥൻ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications