ബിഗ് ബോസ് സീസൺ 3 ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ, തീയതി പുറത്ത്, വെള്ളിയാഴ്ച ചിത്രീകരണം...
ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യം ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. 2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 ൽ ബിഗ് ബോസ് സീസൺ 2 ആരംഭിക്കുകയായിരുന്നു. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഷോ 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ഫെബ്രുവരി14 ന് ആരംഭിച്ച ഷോ തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മൂന്നാം ഭാഗത്തിൽ എത്തിയത്. സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴായിരുന്നു, ലോക്ക് ഡൗണിനെ തുടർന്ന് മൂന്നാം സീസൺ അവസാനിപ്പിക്കുന്നത്.

ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. പ്രേക്ഷകരുടെ നിർദ്ദേശം മാനിച്ച് ഫിനാലെ നടത്താൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് ടീം. ഇതിനായിട്ടുള്ള വോട്ടിങ്ങ് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഫിനാലെയെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഫിനാലെ ഷൂട്ട് നടക്കുന്ന തീയതിയാണ് പുറത്ത് വന്നിരിക്കുന്നത്.

ജൂലൈ 23 ന് ഫിനാലെ ചിത്രീകരണം നടക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. ഉടൻ തന്നെ ബിഗ് ബോസ് ടീം ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയേക്കും. ഫിനാലെ നീണ്ടു പോകുന്നതിനെതിരെ പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഷോ അവസാനിപ്പിച്ചതിന് പിന്നാലെ തന്നെ വോട്ടിങ്ങും നടത്തിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള അറിയിപ്പ് നൽകിയിരുന്നില്ല. ഇത് പ്രേക്ഷകരിൽ സംശയം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടർന്ന് ഫിനാലെ ഉണ്ടാകില്ലേ എന്ന് ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു.

പ്രേക്ഷകരുടെ നിരന്തരമായ ചോദ്യത്തിനെ തുടർന്ന് മറുപടിയുമായി ബിഗ് ബോസ് ടീം രംഗത്ത് എത്തുകയായിരുന്നു. അവതാരകനായ മോഹൻലാൽ ആയിരുന്നു പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയത്. ഷോ ഉണ്ടാകുമെന്നും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അൽപം കാത്തിരിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തിലും ചെന്നൈയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നപ്പോഴാണ് ബിഗ് ബോസ് നിർത്തുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് സിനിമ സീരിയൽ ചിത്രീകരണങ്ങളും നിർത്തിവെച്ചിരുന്നു. കേരളത്തിൽ സർക്കാർ നിബന്ധന പാലിച്ചാണ് സീരിയൽ, ഷോ ചിത്രീകരണങ്ങൾ നടക്കുന്നത്. സിനിമ ഷൂട്ടിങ്ങ് ഇനിയും ആരംഭിച്ചിട്ടില്ല.
Recommended Video

അതേസമയം ബിഗ് ബോസ് ഫിനാലെ ഷൂട്ടിങ്ങ് ചെന്നൈയിൽ വെച്ചാകും നടക്കുക എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചിത്രീകരണം നടക്കുക. വാക്സിനേഷന് ശേഷമാകും താരങ്ങളും അണിയറപ്രവർത്തകരും ഫിനാലെയ്ക്കായി എത്തുകയെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നു. മണിക്കുട്ടൻ, സായ്, ഡിംപൽ, റംസാൻ, ഋതു, കിടിലൻ ഫിറോസ്, നോബി, മാർക്കോസ് , അനൂപ് എന്നിവരാണ് പ്രേക്ഷകവിധി കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 3 ഫൈനലിസ്റ്റുകൾ.


Click it and Unblock the Notifications