നെറ്റ്ഫ്ലിക്സിന് കോടികളുടെ നഷ്ടം?; നയൻതാരയ്ക്ക് അവസാന ഹിറ്റ് ആ വർഷം; ചർച്ചയായി ബിസ്മിയുടെ വാദം
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒട്ടനവധി നേട്ടങ്ങളുണ്ടാക്കിയ നടിയാണ് നയൻതാര. മറ്റൊരു നടിക്കും നയൻതാരയുടെ സ്ഥാനത്തേക്ക് ഇതുവരെ ഉയർന്ന് വരാൻ കഴിഞ്ഞിട്ടില്ല. എന്നാൽ താരത്തിന് നിലവിൽ സിനിമയിൽ മോശം സമയമാണ്. ഒന്നിന് പിറകെ ഒന്നായി പരാജയങ്ങൾ. തൊട്ടതെല്ലാം വിവാദം, പല ഭാഗത്ത് നിന്നായി വരുന്ന വിമർശനങ്ങൾ എന്നിവയെല്ലാം നയൻതാരയ്ക്ക് നേരിടേണ്ടി വരുന്നു. ടെസ്റ്റ് ആണ് നടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിദ്ധാർത്ഥ്, മാധവൻ, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത്.
നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എസ് ശശികാന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയുൾപ്പെടെ നാല് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാനും നയൻതാര തയ്യാറായി. അടുത്ത കാലത്ത് നയൻതാര ഏറ്റവും നന്നായി പെർഫോം ചെയ്ത സിനിമയുമാണ് ടെസ്റ്റ്.

എന്നാൽ ഇതൊന്നും സിനിമയെ കാത്തില്ല. തിരക്കഥയിലെയും സംവിധാനത്തിലെയും പിഴവുകൾ ടെസ്റ്റിനെ വിരസമാക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ പരാജയത്തെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കോടികളുടെ നഷ്ടം നെറ്റ്ഫ്ലിക്സിന് സംഭവിച്ചു എന്നാണ് ബിസ്മി പറയുന്നത്. എന്നാൽ തനിക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് ടെസ്റ്റിലെ കുമുദയെന്നാണ് നയൻതാര കഴിഞ്ഞ ദിവസം പറഞ്ഞത്.
സാധാരണ റോളുകൾ ചെയ്ത് കരിയറിൽ താഴ്ചയിലൂടെ പോകുന്ന ഘട്ടത്തിലാണ് കുമുദ എന്നിലേക്ക് വരുന്നത്. തനിക്ക് ഈ റോൾ വളരെ ആവശ്യമായിരുന്നെന്നും നയൻതാര പറഞ്ഞു. യൂട്യൂബ് ചാനലുകളിലൂടെ ജനശ്രദ്ധ നേടുന്ന ഫിലിം ജേർണലിസ്റ്റുകൾ നയൻതാരയ്ക്കെതിരെ അടുത്ത കാലത്തായി തുടരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതിലൊരാളാണ് ബിസ്മി.

നയൻതാരയുടെ പരാജയ സിനിമകളുടെ ലിസ്റ്റിലേക്ക് വന്നിരിക്കുന്ന ഒടുവിലത്തെ സിനിമയാണ് ടെസ്റ്റ്. ജവാൻ ആണ് നയൻതാരയ്ക്ക് കരിയറിൽ അടുത്ത കാലത്ത് ലഭിച്ച ഏക ഹിറ്റ് സിനിമ. ഷാരൂഖ് ഖാൻ ചിത്രത്തിൽ നയൻതാരയുടെ റോളിന് വലിയ പ്രാധാന്യവുമില്ലായിരുന്നു. ശക്തമായ തിരിച്ച് വരവ് നയൻതാരയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മൂക്കുത്തി അമ്മൻ 2, ഡിയർ സ്റ്റുഡന്റ്സ് തുടങ്ങി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സിനിമകൾ നയൻതാരയുടെ കരിയറിനെ കാക്കുമെന്നാണ് ആരാധകരുടെ പരീക്ഷ. നടി കേന്ദ്രകഥാപാത്രമായെത്തി ബോക്സ് ഓഫീസ് വിജയം നേടിയ അവസാന സിനിമ മൂക്കുത്തി അമ്മനാണ്. 2020 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്.
മലയാളത്തിൽ നടിക്ക് ഒരു ഹിറ്റ് സിനിമ ലഭിച്ചിട്ട് നാളേറെയായി. നിഴൽ, ഗോൾഡ് എന്നിവയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമകൾ. രണ്ട് സിനിമകളും സമ്മിശ്ര പ്രതികരണമാണ് നേടിയത്. മഹേഷ് നാരായണന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ നയൻതാര അഭിനയിക്കുന്നുണ്ട് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. പേര് പ്രഖ്യാപിച്ചിട്ടില്ല. നിവിൻ പോളി നായകനായെത്തുന്ന ഡിയർ സ്റ്റുഡന്റ്സിലും നയൻതാരയാണ് നായിക. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.


Click it and Unblock the Notifications











