റിലീസിന് മുമ്പ് ഇന്ത്യ വിടുന്ന അക്ഷയ്, ക്രിക്കറ്റ് കാണാത്ത ബച്ചനും; താരങ്ങളുടെ ചില വിശ്വാസങ്ങൾ
തിരക്കേറിയ ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. ക്യാമറ കണ്ണുകൾ എപ്പോഴും പിറകെയുള്ളതിനാൽ ലൈം ലൈറ്റിൽ നിന്ന് അകന്ന് ഒരു ജീവിതം പലപ്പോഴും താരങ്ങൾക്ക് സാധിക്കാറില്ല. തിരക്കുകളോടൊപ്പം തന്നെ ജയപരാജയങ്ങളും ഒരു താരത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. വിജയിക്കുമ്പോൾ ആഘോഷിക്കപ്പെടുന്ന സെലിബ്രറ്റികൾ പക്ഷെ പരാജയങ്ങൾ നേരിടുമ്പോൾ ഇൻഡസ്ട്രിയിൽ ഒറ്റപ്പെടുന്നതും കാണാം. ഇതിനാൽ തന്നെ പരാജയ ഭീതി സിനിമാ താരങ്ങൾക്ക് വളരെ കൂടുതലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഞാൻ ക്രിക്കറ്റ് കണ്ടാൽ ഇന്ത്യൻ ടീം തോൽക്കുമെന്ന് ബിഗ് ബി
ബോളിവുഡിലെ ബിഗ് ബിയായി അറിയപ്പെടുന്ന താരമാണ് അമിതാബ് ബച്ചൻ. 79 കാരനായ ബച്ചൻ ഇപ്പോഴും സിനിമകളിലും ടെലിവിഷൻ ഷോകളിലും എത്തുന്നുണ്ട്. ഒരു കാലത്ത് ബോളിവുഡിൽ ക്ഷുഭിത യൗവന നായകനെന്ന തരംഗം സൃഷ്ടിച്ച ബച്ചന് ആൻഗ്രി യംഗ് മാൻ എന്ന വിളിപ്പേരുമുണ്ട്. പക്ഷെ വിജയ പരാജയങ്ങളുടെ കാര്യം വരമ്പോൾ ക്ഷുഭിത നായകന് ഭയ ഭക്തി ബഹുമാനമാണ്.
പ്രത്യേകിച്ച് ക്രിക്കറ്റ് പ്രേമിയായ ബച്ചന് ഇന്ത്യൻ ടീം പരാജയപ്പെടുന്നത് ആലോചിക്കാൻ പോലും പറ്റില്ല. ഇനി ഇന്ത്യൻ ടീം തോൽക്കാതിരിക്കാൻ തന്നെക്കൊണ്ടാവുന്നത് ബച്ചൻ ചെയ്യുകയും ചെയ്യും. ഇദ്ദേഹത്തിന്റെ വിശ്വാസ പ്രകാരം ലൈവ് ക്രിക്കറ്റ് മാച്ച് താൻ കണ്ടാൽ ഇന്ത്യൻ ടീം പരാജയപ്പെടും. അതിനാൽ ഇദ്ദേഹം ലൈവ് മാച്ച് കാണാറില്ലെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തത്.

സിനിമ റിലീസായാൽ അക്ഷയ് കുമാറിനെ കാണില്ല
ബോളിവുഡിൽ നിരന്തരം സിനിമകളിറക്കുന്ന നടനാണ് അക്ഷയ് കുമാർ. കൂടുതലായും ബയോപിക്കുകളിലും ചരിത്ര സംഭവങ്ങളുമാണ് അക്ഷയ് കുമാറിന്റെ സിനിമകൾ. ഇദ്ദേഹത്തിന്റെ വിശ്വാസ പ്രകാരം ഒരു സിനിമ റിലീസ് ചെയ്യുന്ന ഘട്ടത്തിൻ താൻ ഇന്ത്യയിലില്ലെങ്കിൽ ആ സിനിമ ഹിറ്റാകും. അതിനാൽ റിലീസിന്റെ മുമ്പ് നടൻ വിദേശത്തേക്ക് സ്ഥലം വിടും. 2.0, ഗോൾഡ്, കേസരി എന്നീ അക്ഷയ് സിനിമകൾ റിലീസാവുമ്പോൾ നടൻ ഇന്ത്യയിലുണ്ടായിരുന്നില്ല.

555 എന്ന നമ്പർ വിട്ടൊരു കളിയുമില്ലെന്ന് ഷാരൂഖ്
നമ്പറുകൾ തനിക്ക് ഭാഗ്യം കൊണ്ട് വരുമെന്നാണ് ഷാരൂഖ് ഖാന്റെ വിശ്വാസം. 555 എന്നത് തന്റെ ഭാഗ്യ നമ്പറായാണ് ഷാരൂഖ് ഖാൻ കണക്കാക്കുന്നത്. വാഹനങ്ങൾക്ക് ഈ നമ്പർ മോഹവില കൊടുത്ത് ഷാരൂഖ് സ്വന്തമാക്കും. 555 എന്ന സിഗരറ്റ് കമ്പനിയുടെ സിഗരറ്റാണ് നടൻ വലിക്കുന്നത് പോലും.
നമ്പർ എട്ടിനോടാണ് രൺബീർ കപൂറിന്റെ പ്രിയം. നടന്റെ അമ്മയുടെ ജൻമ ദിനമാണ് ഈ നമ്പർ. എട്ട് നമ്പർ തനിക്ക് ഭാഗ്യം കൊണ്ട് വരുമെന്ന് നടൻ കരുതുന്നു. ഈ നമ്പറുള്ള ടീഷർട്ടും ജഴ്സിയും ധരിച്ച് നടനെ മിക്കപ്പോഴും കാണാം. കരീന കപൂറിനും സെയ്ഫ് അലിഖാനുമാവട്ടെ 21 തങ്ങളുടെ ഭാഗ്യ നമ്പറാണെന്ന് കരുതുന്നു.
Recommended Video

നടൻ രൺവീർ സിംഗിന്റെ കാലിൽ ഒരു കറുത്ത ചരട് മിക്കപ്പോഴും കാണാം. ഇത് തനിക്ക് രോഗങ്ങൾ വരാതെ ആരോഗ്യവാനായിരിക്കാൻ സഹായിക്കുമെന്ന് നടൻ കരുതുന്നു. നടൻ ഹൃതിക് റോഷന് വലതു കൈയിൽ ആറു വിരലുകളാണുള്ളത്. ഈ വിരലാണ് തനിക്ക് ഭാഗ്യം കൊണ്ടു വരുന്നതെന്നാണ് നടൻ കരുതുന്നത്.


Click it and Unblock the Notifications