അവൾക്ക് കുട്ടികളില്ല, നീ വേറെ കല്യാണം കഴിക്കൂ എന്ന് ഭർത്താവിനോട് പറഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ചിന്മയി
കരിയറിൽ വലിയ വിവാദങ്ങളുണ്ടായപ്പോഴും ഭർത്താവും കുടുംബവും നൽകിയ പിന്തുണയെക്കുറിച്ച് സംസാരിച്ച് ഗായിക ചിന്മയി. വിവാഹ ശേഷം തനിക്ക് ധെെര്യം വന്നെന്ന് ചിന്മയി പറയുന്നു. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കല്യാണം കഴിഞ്ഞ ശേഷം എനിക്ക് ധെെര്യം വന്നു. കാരണം ഞാൻ പുരോഗമന ചിന്താഗതിക്കാരായ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തെത്തിയത്. എന്റെ ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയുമെല്ലാം.
എന്നെ ഒരു ദിവസം 100 പേർ ചീത്ത പറയുമെങ്കിൽ 20 പേർ അവരെയും ചീത്ത പറയും. ഇവളെ വെച്ച് കുടുംബം നടത്തുന്നു, നീയെല്ലാം ഒരു പുരുഷനാണോ, നീ അവളുടെ കാലിലാണോ കിടക്കാറ്, അവളെ വിട്ട് പോകൂ എന്നെല്ലാം പറയും. പിന്നെയും ചില വാക്കുകകൾ പറയും. അതിവിടെ പറയുന്നില്ല.

കുഞ്ഞുങ്ങളുണ്ടാകുന്നതിന് മുമ്പ് അവൾക്ക് കുട്ടികളില്ല, വിട്ട് പോയി മറ്റൊരാളെ കല്യാണം കഴിക്കൂ, എന്റെ പെങ്ങളെ കല്യാണം കഴിച്ചോ എന്നെല്ലാം തെലുങ്കിൽ ട്വീറ്റുകൾ വരും. ചില ദിവസങ്ങളിൽ ഇത് പറ്റുന്നില്ലെന്ന് രാഹുൽ പറയും. ഇത്രയും കഷ്ടപ്പെടേണ്ട രാഹുൽ, നിന്നെ ഈ വിവാഹ ബന്ധത്തിൽ തുടരാൻ നിർബന്ധിക്കുന്നില്ലെന്ന് ഞാൻ പറയും. നിനക്ക് വട്ടാണോ എന്നാണ് രാഹുൽ തിരിച്ച് ചോദിക്കുകയെന്നും ചിന്മയി ചിരിയോടെ പറഞ്ഞു.
2014 ലാണ് ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ജനപ്രീതിയുള്ള ഗായികയാണ് ചിന്മയി. എന്നാൽ മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തമിഴകത്ത് അപ്രഖ്യാപിത വിലക്ക് ചിന്മയിക്ക് നേരെ വന്നു. പ്രമുഖ ഗാന രചയിതാവ് വെെര മുത്തുവിനെതിരെയാണ് ചിന്മയി ആരോപണം ഉന്നയിച്ചത്. ഇത് വലിയ വിവാദമായി. സംഘടനകൾ ചിന്മയിക്കെതിരെ തിരിയുകയാണുണ്ടായത്.

എന്ത് വന്നാലും വെെര മുത്തുവിനെതിരായ ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ചിന്മയി വ്യക്തമാക്കി. വലിയ അവസരങ്ങൾ ചിന്മയിക്ക് നഷ്ടപ്പെട്ടു. എന്നാൽ പുതിയ ചിത്രം തഗ് ലെെഫിൽ ചിന്മയി പാടി. ചിന്മയി ഗുരുവായി കാണുന്ന എആർ റഹ്മാനാണ് തഗ് ലെെഫിലെ മ്യൂസിക് ഡയരക്ടർ. ഓഡിയോ ലോഞ്ചിൽ ചിന്മയി പാടിയത് വൻ ജനശ്രദ്ധ നേടി. ഗായികയ്ക്ക് തുടരെ പ്രശംസകൾ വന്നു. ബ്രിങ് ബാക്ക് ചിന്മയി എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
സംഗീത ലോകത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തെ ജനശ്രദ്ധയിലേക്ക് കൊണ്ട് വന്നയാളാണ് ചിന്മയി. ഇത്തരം വിഷയങ്ങൾ ശക്തമായി ചിന്മയി അഭിപ്രായം പറയാറുണ്ട്. കഴിഞ്ഞ ദിവസം ദിലീപിനെ വിമർശിച്ചും ചിന്മയി സംസാരിച്ചു. റിമ കല്ലിങ്കലിനും പാർവതി തിരുവോത്തിനും എന്തിനാണ് അപ്രഖ്യാപിത വിലക്ക്. മറുവശത്ത് ദിലീപിന് കൂടുതൽ പ്രൊമോഷൻ ലഭിക്കുന്നു. ഇവിടെയും അവിടെയും വലിയ മാറ്റമൊന്നുമില്ല. കുറഞ്ഞ പക്ഷെ മലയാളത്തിൽ ഹേമ കമ്മിറ്റിയെങ്കിലുമുണ്ട്. സഹപ്രവർത്തകയ്ക്ക് നേരെ ഭീതിതമായ എന്തോ സംഭവിച്ചു എന്നറിഞ്ഞിട്ടും അവിടത്തെ സ്ത്രീകൾ ദിലീപിനൊപ്പം തോളുരുമ്മുന്നു.
നാണക്കേടാണതെന്നും ചിന്മയി തുറന്നടിച്ചു. ഗായികയെന്നതിനൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റായും ചിന്മയി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഹിറ്റ് ഗാനങ്ങൾ ചിന്മയിക്ക് ഏറെയാണ്. ചിന്മയിയെ പിന്തുണച്ച് ഗാനരചയിതാവ് ഗംഗെെ അമരൻ സംസാരിച്ചു. തന്റെ സുഹൃത്തായ വെെരമുത്തു അത്ര നല്ല മനുഷ്യനല്ലെന്നും കാര്യങ്ങൾ തുറന്ന് പറഞ്ഞതിന് ചിന്മയി എല്ലാവർക്കും മുന്നിൽ വില്ലത്തിയായെന്നും ഗംഗെെ അമരൻ പറഞ്ഞു. അനീതി തുറന്ന് കാട്ടുന്ന സ്ത്രീക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











