കല്യാണ സീനിൽ ശരിക്കും കല്യാണം നടത്തി പൂജാരി, ഇനി ജോണിന്റെ ഭാര്യയെന്ന് പറഞ്ഞു; പ്രതികരിച്ച് ജെനീലിയ
ക്യൂട്ട് ഗേൾ ഇമേജിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ജനപ്രീതി നേടിയ നടിയാണ് ജെനീലിയ ഡിസൂസ. മുംബെെക്കാരിയാണെങ്കിലും തെലുങ്ക്, തമിഴ് സിനിമാ ലോകത്താണ് ജെനീലിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിൽ ശ്രദ്ധേയ വേഷങ്ങൾ തുടരെ ലഭിക്കുമ്പോഴേക്കും ജെനീലിയയുടെ വിവാഹം കഴിഞ്ഞു. നടൻ റിതേഷ് ദേശ്മുഖാണ് ജെനീലീയയുടെ ഭർത്താവ്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. 2012 ലാണ് താര വിവാഹം നടന്നത്. രണ്ട് മതസ്ഥരാണ് ഇരുവരും. വിവാഹത്തെ ആദ്യം റിതേഷിന്റെ പിതാവ് എതിർത്തിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ സമ്മതത്തോടെ വിവാഹം നടന്നു.
കരിയറിൽ സജീവമായിരുന്ന സമയത്ത് ജെനീലിയയെക്കുറിച്ച് അധികം ഗോസിപ്പുകൾ വന്നിട്ടില്ല. എന്നാൽ ഒരിക്കൽ ജോൺ എബ്രഹാമുമായി ചേർത്ത് നടിയുടെ പേരിൽ ഗോസിപ്പുകൾ പ്രചരിച്ചു. വിചിത്രമായി തോന്നിയ റിപ്പോർട്ടുകളാണ് അന്ന് പ്രചരിച്ചത്. ഫോഴ്സ് എന്ന സിനിമയിൽ ജെനീലിയയും ജോൺ എബ്രഹാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ ഇരുവരും വിവാഹിതരാകുന്ന സീനുണ്ട്. യഥാർത്ഥത്തിൽ സീനിൽ അവിചാരിതമായി വിവാഹം നടന്നെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. യഥാർത്ഥ പൂജാരിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്, എല്ലാ പരമ്പരാഗത ചടങ്ങുകളോട് കൂടിയായിരുന്നു സീൻ. സീനെടുത്ത് വന്നപ്പോൾ ഇത് ശരിക്കും വിവാഹമായി. പിന്നീടാണ് റിതേഷ് ദേശ്മുഖ് ജെനീലിയയെ വിവാഹം ചെയ്യുന്നെന്ന വാർത്ത പുറത്ത് വന്നത്. ഇതോടെ വിവാഹം നടത്തിയ പൂജാരി ഫോഴ്സിന്റെ പ്രൊഡ്യൂസർ വിപുൽ അമൃത് ലാൽ ഷായുടെ ഓഫീസിലെത്തി പരാതിപ്പെട്ടു.
താലി കെട്ടി, ഏഴ് തവണ വലംവെച്ച് എല്ലാ ചടങ്ങുകളോടെയും നടത്തിയ വിവാഹമാണ് ജെനീലിയുടേതും ജോണിന്റേതുമെന്നും അതിനാൽ ജെനീലിയക്ക് രണ്ടാമത് വിവാഹം ചെയ്യാനാകില്ലെന്നും ഇദ്ദേഹം വാദിച്ചു. എന്നാൽ നിർമാതാവ് ഇത് പബ്ലിസിറ്റി സ്റ്റണ്ടായി കണ്ട് തള്ളിക്കളഞ്ഞു.

2011 ലാണ് ഫോഴ്സ് റിലീസ് ചെയ്യുന്നത്. വർഷങ്ങൾക്കിപ്പുറം അന്ന് വന്ന വാർത്തകളോട് പ്രതികരിക്കുകയാണ് ജെനീലിയ ഡിസൂസ. വാർത്തകളിൽ സത്യമില്ലെന്ന് ജെനീലിയ വ്യക്തമാക്കി. ഞങ്ങൾ വിവാഹം ചെയ്തിട്ടില്ല. പിആർ പ്രചരിപ്പിച്ച കഥകളാണിത്. ഇത് ചെയ്തവരോട് അതേക്കുറിച്ച് ചോദിക്കണമെന്നും ജെനീലിയ ഡിസൂസ വ്യക്തമാക്കി.
സിതാരെ സമീൻ പർ ആണ് ജെനീലിയയുടെ പുതിയ സിനിമ. ആമിർ ഖാനൊപ്പമാണ് ചിത്രത്തിൽ ജെനീലിയ എത്തുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ജെനീലിയ 2022 ൽ മിസ്റ്റർ മമ്മി എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. ഭർത്താവ് റിതേഷ് ദേശ്മുഖായിരുന്നു നായകൻ. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് വേദ് എന്ന മറാത്തി സിനിമയിൽ അഭിനയിച്ചു. റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത ചിത്രത്തിൽ റിതേഷ് തന്നെയായിരുന്നു നായകൻ. വൻ വിജയമായിരുന്നു വേദ്. ജെനീലിയയുടെ ആദ്യ മറാത്തി സിനിമയാണ് വേദ്.
2003 ൽ തുജെ മേരി കസം എന്ന സിനിമയിൽ റിതേഷും ജെനീലിയയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് മുതൽ തുടങ്ങിയ അടുപ്പമാണ് ഇവരുടേത്. റിപ്പോർട്ടുകൾ പ്രകാരം അന്ന് ഇരുവരും വിവാഹനിശ്ചയത്തിന് തയ്യാറായതാണ്. എന്നാൽ റിതേഷിന്റെ പിതാവ് വിലാസ്റോ ദേശ്മുഖ് അന്ന് എതിർത്തു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഇദ്ദേഹം. വർഷങ്ങൾക്ക് ശേഷം കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം നടന്നു. ഹിന്ദു ചടങ്ങുകളോടെയും ക്രിസ്ത്യൻ ചടങ്ങുകളോടെയും രണ്ട് ദിവസങ്ങളിലായാണ് വിവാഹം നടന്നത്.


Click it and Unblock the Notifications











