ജീവനാംശത്തിന്റെ കാര്യത്തിൽ സാമന്തയെ നിഹാരിക മറികടക്കുമോ?, ഭർത്താവിൽ നിന്നും താരപുത്രി ചോദിച്ചത് നൂറ് കോടി?
ഒന്നിന് പിന്നാലെ ഒന്നായി നിരവധി വിവാഹമോചന വാർത്തകളാണ് തെലുങ്ക് സിനിമാ മേഖലയിൽ നിന്നും ആരാധകരിലേക്ക് എത്തുന്നത്. അതിൽ ആരാധകരെ അത്ഭുതപ്പെടുത്തിയത് തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നിഹാരിക കോനിഡേലയുടെ വിവാഹമോചന പ്രഖ്യാപനമാണ്.
കുടുംബജീവിതം മൂന്നാം വർഷത്തിൽ എത്തിനിൽക്കുമ്പോഴാണ് നടിയുടെ വിവാഹമോചന വാർത്ത ആരാധകരിലേക്ക് എത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി നിഹാരിക വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ തെലുങ്ക് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പതിവ് ഗോസിപ്പായിരിക്കുമെന്ന് കരുതി തുടക്കത്തിൽ ആരാധകർ അവഗണിച്ചു. എന്നാൽ കഴിഞ്ഞ ദിവസം താരം തന്നെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ചൈതന്യയും ഞാനും പരസ്പരം വേര്‍പിരിഞ്ഞ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. പിന്തുണയുടെ നെടുംതൂണായ എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി.'

'ഈ ഒരു സാചര്യത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ മനസിലാക്കിയതിന് നന്ദി', എന്നാണ് നിഹാരിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. 2020 ഡിസംബറിലായിരുന്നു നിഹാരികയുടെയും ബിസിനസ്മാനായ ചൈതന്യയുടെയും വിവാഹം നടന്നത്.
ഉദയ്പൂരിലുള്ള ഒബ്‌റിയോ ഉദൈവിലാസത്തില്‍ വെച്ച് നടന്ന ഗംഭീര വിവാഹമായിരുന്നു അത്. അഭിനയത്തിനൊപ്പം ടെലിവിഷന്‍ ഷോകള്‍ ആങ്കര്‍ ചെയ്യുന്നതിലും നിര്‍മിക്കുന്നതിലും സജീവമാണ് നിഹാരിക. തെലുങ്കിലും തമിഴിലുമായി അഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പിങ്ക് എലഫന്റ് പിക്ചറിന്റെ ബാനറില്‍ പുതിയ സീരിസ് നിര്‍മ്മിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നടി.
വിവാഹമോചന വാർത്ത ചർച്ചയായതോടെ താരം ഭർത്താവ് ചൈതന്യയോട് ആവശ്യപ്പെട്ട ജീവനാംശ തുകയുടെ വിവരങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്. നിഹാരിക ജീവനാംശമായി ചോദിച്ചത് നൂറ് കോടിയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. നിഹാരികയും ചൈതന്യയും തമ്മിൽ ഭിന്നതകൾ ഉടലെടുത്തതോടെയാണ് വേർപിരിഞ്ഞത്.
ഇരുവരും ചേർന്ന് മ്യൂച്ചൽ ഡിവോഴ്സിന് അപേക്ഷിച്ചതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. നിഹാരിക നൂറ് കോടി ജീവനാംശമായി ചോദിച്ചുവെന്ന വാർത്തകൾ വന്നതോടെ അടിസ്ഥാനമില്ലാത്ത റിപ്പോർട്ടുകൾ പങ്കുവെക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽമീഡിയ മാധ്യമങ്ങൾക്ക് നേരെ രംഗത്തെത്തിയിരുന്നു.

സാമന്ത-നാഗചൈതന്യ വിവാഹമോചനം പ്രഖ്യാപിച്ച സമയത്തും വാർത്തകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്നത് നടി മുൻഭർത്താവ് നാഗചൈതന്യയോട് ആവശ്യപ്പെട്ട ജീവനാംശ തുകയായിരുന്നു. 250 കോടി നടി ജീവനാംശമായി തരാൻ നടനോട് സാമന്ത ആവശ്യപ്പെട്ടുവെന്നാണ് അന്ന് റിപ്പോർട്ടുകൾ വന്നത്. സംഭവം വലിയ ചർച്ചയായതോടെ സാമന്ത തന്നെ സത്യം വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.
'ഞാൻ 250 കോടി ജീവനാംശം വാങ്ങിയെന്നതാണ് ഇതുവരെ കേട്ടതിൽ ഏറ്റവും വലിയ ഗോസിപ്പ്. എല്ലാ ദിവസവും രാവിലെ ആദായനികുതി ഉദ്യോഗസ്ഥർ വരുന്നത് പ്രതീക്ഷിച്ചും ഞാൻ അത്തരത്തിൽ ഒന്നും വാങ്ങിയിട്ടില്ലെന്ന് തെളിയിച്ച് കാണിച്ച് കൊടുക്കണമെന്നും വിചാരിച്ചാണ് ഞാൻ എഴുന്നേൽക്കുന്നത്. ആദ്യം അവർ ജീവനാംശത്തെക്കുറിച്ചുള്ള കഥകൾ ഉണ്ടാക്കി. പിന്നീട് അവർക്ക് മനസിലായി ഇതൊരു വിശ്വാസ യോഗ്യമായ കഥയല്ലെന്ന്.'
'അപ്പോൾ അവർ പറഞ്ഞു ഞങ്ങൾ വിവാഹത്തിന് മുമ്പ് കരാർ ഉണ്ടാക്കിയിട്ടുള്ളതിനാലാണ് ഞാൻ ജീവനാംശം കൈപ്പറ്റാത്തതെന്ന്', എന്നാണ് സാമന്ത ജീവനാംശവുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് പറഞ്ഞത്.
സായ് പല്ലവി നായികയായ ഫിദയിലൂടെ മലയാളികൾക്കും സുപരിചിതനായ വരുൺ തേജിന്റെ സഹോദരിയാണ് നിഹാരിക. തെലുങ്ക് സിനിമയിലെ ഇതിഹാസങ്ങളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും അനന്തരവളാണ് നിഹാരിക. സൂപ്പർ താരങ്ങളായ രാം ചരൺ, അല്ലു അർജുൻ, സായ് ധരം, അല്ലു ശിരീഷ് എന്നിവർ നടിയുടെ സഹോദരന്മാരാണ്.


Click it and Unblock the Notifications











