സൂര്യ വഴക്കിട്ട് ഗൗതമിന്റെ വീട്ടിൽ പോയി; ആ രണ്ട് നടന്മാരെ വിവാഹത്തിന് ക്ഷണിച്ചില്ല; തുറന്ന് പറഞ്ഞ് അന്തനൻ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുപിടി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ഈ താരജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി.തമിഴകത്ത് നിരവധി താര ദമ്പതികൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ വിവാഹ മോചിതരായി. എന്നാൽ സൂര്യ-ജ്യോതിക ബന്ധം ശക്തമായി മുന്നോട്ട് പോകുന്നു. പരസ്പര ബഹുമാനമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിത്തറയെന്ന് ജ്യോതിക പറഞ്ഞിട്ടുണ്ട്.
ജ്യോതികയുടെ ആഗ്രഹപ്രകാരമാണ് വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ജ്യോതികയുടെ ജന്മദേശമായ മുംബൈയിലേക്ക് സൂര്യയും താമസം മാറുന്നത്. ഇന്ന് മക്കൾക്കൊപ്പം മുംബൈയിലാണ് ജ്യോതികയും സൂര്യയും കഴിയുന്നത്. 2006 സെപ്റ്റംബർ മാസത്തിലാണ് സൂര്യയും ജ്യോതികയും വിവാഹം ചെയ്തത്. വിവാഹത്തിന് ആശംസകൾ അറിയിച്ച് തമിഴകത്തെ നിരവധി താരങ്ങളെത്തി. ഇപ്പോഴിതാ താര വിവാഹത്തെക്കുറിച്ച് ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സൂര്യ-ജ്യോതിക വിവാഹത്തിന് പിന്നിൽ ചില സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് അന്തനൻ പറയുന്നു. വീട്ടിൽ നിന്നും ഭയങ്കര എതിർപ്പുണ്ടായിരുന്നു. ഒരു നടിയെ വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ശിവകുമാർ സർ പറഞ്ഞു. വലിയ വഴക്കായി. അന്ന് ഗൗതം മേനോന്റെ വീട്ടിലാണ് സൂര്യ പത്ത് ദിവസത്തോളം പോയി നിന്നത്. ഗൗതം മേനോൻ ശിവകുമാറിനോട് സംസാരിച്ചു. ആ കല്യാണം നടത്തിയതിൽ വലിയ പങ്ക് ഗൗതം മേനോനാണെന്ന് അന്തനൻ പറയുന്നു.
വിവാഹ ചടങ്ങിലുണ്ടായ മറ്റൊരു സംഭവത്തെക്കുറിച്ചും അന്തനൻ സംസാരിച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്കും പ്രതിപക്ഷ നേതാവ് കരുണാനിധിക്കും ക്ഷണമുണ്ട്. ആദ്യം വന്നത് കരുണാനിധിയാണ്. അവർ പോയ ശേഷമേ മുഖ്യമന്ത്രിക്ക് ചടങ്ങിലേക്ക് വരാനാകൂ. എല്ലാവരും കരുണാനിധി പോകാൻ കാത്തിരുന്നു. പക്ഷെ അദ്ദേഹം മനപ്പൂർവം അവിടെത്തന്നെ നിന്നു. ഒടുവിൽ ജയലളിത വൈകുന്നേരം ഒരു സമയത്ത് വിവാഹത്തിന് വരികയായിരുന്നെന്നും അന്തനൻ പറയുന്നു.

തമിഴ്നാട്ടിൽ പൊതുവെ രാഷ്ട്രീയ നീക്കങ്ങളും ചർച്ചകളും നടക്കുക വിവാഹം പോലുള്ള ആഘോഷ വേളകളിലാണെന്നും അന്തനൻ പറഞ്ഞു. വിവാഹത്തിന് നടൻമാരായ ചിമ്പു, ചിയാൻ വിക്രം എന്നിവർക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അന്തനൻ വെളിപ്പെടുത്തി. എന്നാൽ ഇതിന് കാരണം ഇദ്ദേഹം വ്യക്തമാക്കിയില്ല. വിവാഹ ശേഷം ജ്യോതിക കരിയറിൽ നിന്നും മാറി നിൽക്കുകയാണുണ്ടായത്. രണ്ട് മക്കളുടെ അമ്മയായ നടി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി.
വർഷങ്ങൾക്കിപ്പുറം നടി സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. ജ്യോതിക അഭിനയ രംഗത്ത് തുടരുന്നതിൽ സൂര്യയുടെ പിതാവ് ശിവകുമാറിന് താൽപര്യമില്ലെന്നും ഇത് കാരണമുള്ള അസ്വാരസ്യമാണ് താര ദമ്പതികൾ മുംബൈയിലേക്ക് മാറാൻ കാരണമെന്നും നേരത്തെ ഗോസിപ്പുകൾ വന്നിരുന്നു.
എന്നാൽ ഇക്കാര്യം ജ്യോതിക നിഷേധിച്ചു. പ്രായമായ തന്റെ മാതാപിതാക്കൾക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് മാറിയതെന്നും ഇത് താൽക്കാലികമാണെന്നും ജ്യോതിക വ്യക്തമാക്കി. സിനിമാ രംഗത്ത് ജ്യോതിക ഇന്ന് സജീവമാണ്. മലയാളത്തിൽ കാതൽ ദ കോർ എന്ന സിനിമയിലും ജ്യോതിക അഭിനയിച്ചു. ശൈത്താൻ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications