കുഞ്ഞിന് നയൻതാരയെന്ന് പേരിടാൻ പ്രഭുദേവ?; ഒന്നും മറന്നില്ലേയെന്ന് ചോദ്യങ്ങൾ; റിപ്പോർട്ട്
പ്രഭുദേവ-നയൻതാര പ്രണയവും പ്രണയത്തകർച്ചയും ഒരുകാലത്ത് തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. നയൻതാരയുടെ ജീവിതം കീഴ്മേൽ മറിയുന്നതിലും ഇന്നത്തെ താരറാണിയായി ഉയരുന്നതിലും ഈ സംഭവം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറിൽ നിന്ന് മാറി പ്രഭുദേവയ്ക്കൊപ്പമുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു നയൻസിന്റെ തീരുമാനം. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ലിവിംഗ് ടുദെഗർ നാളുകളിൽ ഇവർക്കിടയിൽ അകൽച്ച വന്നു. നടി ഈ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവയുടെ കുടുംബജീവിതം തകർത്തു എന്ന ആക്ഷേപം നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു. 9 മാസത്തോളം ലൈം ലൈറ്റിൽ നിന്നും പൂർണമായി മാറിനിന്ന നയൻതാരയ്ക്ക് തമിഴകത്തെ മാർക്കറ്റും നഷ്ടപ്പെട്ടു. എന്നാൽ രാജാ റാണി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താൻ നടിക്ക് കഴിഞ്ഞു. പിന്നീടിങ്ങോട്ട് കരിയറിന് വലിയ പ്രാധാന്യം നയൻതാര നൽകി. മറുവശത്ത് പ്രഭുദേവ ഹിന്ദി സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരിക്കൽ പോലും തങ്ങൾക്കിടയിൽ സംഭവിച്ച് എന്തെന്ന് നയൻതാരയോ പ്രഭുദേവയോ തുറന്ന് പറഞ്ഞിട്ടില്ല.

ഇക്കഴിഞ്ഞ വർഷങ്ങളിൽ രണ്ട് പേരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നു. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം ചെയ്തത്. മറുവശത്ത് പ്രഭുദേവ ഫിസിയോതെറാപിസ്റ്റായ ഹിമാനി സിംഗിനെ വിവാഹം ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രഭുദേവയ്ക്കും ഹിമാനിക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിന് പിന്നാലെ മറ്റൊരു അഭ്യൂഹമാണ് തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുഞ്ഞിന് നയൻതാര എന്ന് പേരിടാൻ പ്രഭുദേവ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. വാർത്ത ഇതിനകം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞതൊന്നും മറന്നില്ലേ എന്നാണ് സോഷ്യൽമീഡിയയിലെ ചോദ്യങ്ങൾ.
അതേസമയം ഇത് ഒരിക്കലും നടക്കാൻ സാധ്യതയില്ലെന്ന് ആരാധകർ പറയുന്നു. മുൻ കാമുകിയുടെ പേര് കുഞ്ഞിനിട്ടാൽ ഉണ്ടാകാനിടയുള്ള ഗോസിപ്പുകളും മറ്റും പ്രഭുദേവയ്ക്ക് ഊഹിക്കാം. ഈ സാഹചര്യത്തിൽ ഒരിക്കലും ഇത്തരമാെരു തീരുമാനം പ്രഭുദേവ എടുക്കില്ലെന്നാണ് ആരാധകരുടെ വാദം. വേർപിരിയലിന് ശേഷം നയൻതാരയെക്കുറിച്ച് ഒരിക്കൽ പോലും പ്രഭുദേവ മാധ്യമങ്ങളിൽ സംസാരിച്ചിട്ടില്ല. പ്രഭുദേവയോട് ക്ഷമിക്കാൻ നയൻതാര ഇതുവരെ തയ്യാറായിട്ടില്ലെന്നും മുമ്പ് വാർത്തകൾ വന്നിരുന്നു.

നയൻതാരയും ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. ഉയിർ, ഉലകം എന്നിങ്ങനെയാണ് ഇരട്ടക്കുഞ്ഞുങ്ങളുടെ പേര്. ഭർത്താവ് വിഘ്നേശ് ശിവൻ കഴിഞ്ഞ ദിവസം നയൻതാരയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. ഷൂട്ടിംഗിന്റെ രണ്ടാം ഷെഡ്യൂൾ തുടങ്ങുമ്പോഴേക്കും രണ്ട് പേരും പ്രണയത്തിലായി. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. ചെന്നെെയിൽ വെച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട്ടിൽ പ്രമുഖർ പങ്കെടുത്തു.
മറുവശത്ത് പ്രഭുദേവ അപ്രതീക്ഷിതമായാണ് ഹിമാനി സിംഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ചികിത്സയ്ക്കായാണ് പ്രഭുദേവ ഹിമാനി സിംഗിനടുത്തെത്തുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തി. 2020 ൽ ഇരുവരും വിവാഹം ചെയ്തു. വിവാഹക്കാര്യം പ്രഭുദേവ രഹസ്യമാക്കി വെച്ചു. മാസങ്ങൾ കഴിഞ്ഞാണ് ഇക്കാര്യം മാധ്യമങ്ങൾ അറിയുന്നത്.
റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ മൂന്ന് ആൺമക്കൾ താരത്തിന് പിറന്നു. ഇവരിൽ ഒരു മകൻ അസുഖം ബാധിച്ച് മരണപ്പെട്ടു. മകന്റെ മരണമുണ്ടാക്കിയ ആഘാതത്തിനിടെയാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്. ഇതോടെ ആദ്യ ഭാര്യ റംലത്ത് പരസ്യ വിമർശനവുമായി രംഗത്ത് വന്നു. 2011 ൽ റംലത്തുമായി വേർപിരിഞ്ഞ പ്രഭുദേവ നയൻതാരയ്ക്കൊപ്പം ജീവിച്ചു. എന്നാൽ ഈ ബന്ധവും പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications











