തുടരെ പരാജയം; ഫഹദ് ഫാസില്‍ നീണ്ട അവധിയെടുക്കുന്നു?
കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ച ഫാസിലിന്റെ മകനെ കണ്ടപ്പോള്‍ പലരും പറഞ്ഞു, ഈ ചെറുക്കന് അഭിനയം കൈ എത്താ ദൂരത്താണെന്ന്. എന്നാല്‍ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റിച്ച് ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ഫഹദ് അതുവരെയുണ്ടായിരുന്ന ന്യൂ ജനറേഷന്‍ ട്രെന്റുകളെ തിരുത്തിയെഴുതി.
പുറമെ അപാര ഗൗരവക്കാരന്‍. അധികം അഭിമുഖങ്ങളൊന്നും നല്‍കില്ല. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിക്കും. ഓരോ സ്‌റ്റെപ്പും വളരെ സൂക്ഷിച്ചു വച്ച ഫഹദിന് തുടരെ തുടരെ വിജയങ്ങള്‍. മിതത്വമുള്ള അഭിനയം പ്രേക്ഷകര്‍ക്ക് നന്നേ രസിച്ചു.

നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയ കഥ, ഡയമണ്ട് നക്ലൈസ് തുടങ്ങിയ ചിത്രത്തിന്റെ വിജയം ഫഹദിന്റെ അഭിനയ മികവാണ്. അതോടെ ഫഹദിന് സിനിമാ ഇന്റസ്ട്രിയില്‍ തിരക്കോട് തിരക്കായി. സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് വാങ്ങാന്‍ പോകാന്‍ പോലും നടന് സമയം കിട്ടിയിരുന്നില്ല. ഷൂട്ടിങ് തിരക്കില്‍ ഓടിപ്പോയി കല്യാണം കഴിച്ചു വരികയായിരുന്നു.
എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ നടന് വലിയ തിരിച്ചടിയായെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ട്. തുടരെ തുടരെ പരാജയങ്ങള്‍ മാത്രമായപ്പോള്‍ അഡ്വാന്‍സ് വാങ്ങിയ അഞ്ചോളം ചിത്രങ്ങളുടെ തുക ഫഹദ് തിരികെ നല്‍കി. അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തിന്റെ അഡ്വാസ് തുക വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.
അതിനിടെ ഇതാ ഫഹദ് സിനിമയില്‍ നിന്നും നീണ്ട അവധിയെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു മൂന്നാം വരവിന് വേണ്ടിയാണ് ഫഹദ് അവധിയെടുക്കുന്നത്രെ. പൂര്‍വ്വാധികം ശക്തിയോ ഫഹദ് ഫാസില്‍ തിരികെ വരും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications