എന്റെ സിനിമയായിരുന്നു അത്, അസിന്റെ ഹിറ്റ് സിനിമയെക്കുറിച്ച് ജെനീലിയ; നടിയുടെ വാക്കുകൾ
ഹിന്ദി സിനിമാ രംഗത്താണ് തുടക്കമെങ്കിലും നടി ജെനീലിയ ഡിസൂസയെ താരമായി വളർത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. ക്യൂട്ട് ഗേൾ ഇമേജിൽ വളരെ പെട്ടെന്ന് ജെനീലിയക്ക് ജനശ്രദ്ധ നേടാനാണ്. ഒന്നിന് പിറകെ ഒന്നായി നടിക്ക് തെലുങ്കിൽ നിന്നും ഹിറ്റുകൾ ലഭിച്ചു. തമിഴിലും ഈ വിജയഗാഥ തുടർന്നു. ഹിന്ദിയിൽ ചുരുക്കം സിനിമകളേ ജെനീലിയ ചെയ്തിട്ടുള്ളൂ. ഇവയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ട സിനിമകളും കുറവാണ്. എന്തുകൊണ്ട് ജെനീലിയക്ക് ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ പറ്റാതെ പോയെന്ന ചർച്ചകൾ പലപ്പോഴും വരാറുണ്ട്. നെപ്പോട്ടിസം കൊടികുത്തി വാഴുന്ന ബി ടൗണിൽ തന്റേതായ സ്ഥാനം കണ്ടെത്തുക ജെനീലിയക്ക് എളുപ്പമായിരുന്നില്ല. എന്നാൽ തെന്നിന്ത്യയിൽ നിന്നും തുടരെ അവസരങ്ങൾ വരികയും ചെയ്തു.
2008 ൽ ജെനീലിയ നായികയായെത്തിയ തെലുങ്ക് ചിത്രമാണ് റെഡി. രാം പൊത്തിനേനി നായകനായെത്തിയ സിനിമ ഹിറ്റായിരുന്നു. ഇതേ പേരിൽ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. സൽമാൻ ഖാനായിരുന്നു നായകൻ. നായികയായി തനിക്ക് അവസര ലഭിക്കുമെന്ന് ജെനീലിയ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നടി അസിനെയാണ് സൽമാൻ ഖാൻ നായികയാക്കിയത്. അന്ന് ഗജിനിയുടെ വിജയത്തിളക്കത്തിലാണ് അസിൻ.

റെഡി ഹിന്ദി റീമേക്കിൽ തനിക്ക് അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ജെനീലിയ ഇപ്പോൾ. ഇതിന്റെ പേരിൽ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്ന് അസിൻ പറയുന്നു. അതേസമയം റീമേക്കിൽ നായികയാകാൻ തനിക്ക് താൽപര്യമുണ്ടായിരുന്നെന്നും ജെനീലിയ വ്യക്തമാക്കി. അത് ഞാൻ വളരെ സന്തോഷത്തോടെ ചെയ്യുമായിരുന്നു. കാരണം സൗത്തിലെ എന്റെ സിനിമയാണത്. താൻ വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണെന്നും ജെനീലിയ വ്യക്തമാക്കി. ഭാവിയിൽ താനും സൽമാൻ ഖാനും ഒരുമിച്ചെത്തുന്ന മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരിക്കും ഇത് നടക്കാതെ പോയതെന്നും ജെനീലിയ വ്യക്തമാക്കി.
2012 ൽ വിവാഹിതയായ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിന്ന ജെനീലിയ വർഷങ്ങൾക്കിപ്പുറം വീണ്ടും കരിയറിൽ സജീവമാകുകയാണ്. സിതാരെ സമീൻ പർ ആണ് ജെനീലിയയുടെ പുതിയ സിനിമ. ആമിർ ഖാനാണ് നായകൻ. 2007 ൽ പുറത്തിറങ്ങിയ താരേ സമീൻ പർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ആമിർ ഖാനായിരുന്നു അന്നും നായകൻ. നടൻ റിതേഷ് ദേശ്മുഖാണ് ജെനീലീയയുടെ ഭർത്താവ്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2003 ൽ തുജെ മേരി കസം എന്ന സിനിമയിൽ റിതേഷും ജെനീലിയയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്കിടെയാണ് ഇവർ അടുത്തത്. 2022 ൽ മിസ്റ്റർ മമ്മി എന്ന സിനിമയിലൂടെയാണ് ജെനീലിയ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത്. റിതേഷ് ദേശ്മുഖായിരുന്നു നായകൻ.
മറുവശത്ത് അസിൻ 2016 ൽ വിവാഹിതയായ ശേഷം അഭിനയ രംഗത്ത് നിന്നും പൂർണമായും മാറി നിൽക്കുകയാണ്. രാഹുൽ ശർമ്മ എന്നാണ് അസിന്റെ ഭർത്താവിന്റെ പേര്. അരിൻ എന്നാണ് മകളുടെ പേര്. മകളുടെ ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. സിനിമാ തിരക്കുകൾ ഒഴിവാക്കി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് അസിൻ ഇന്ന്. തമിഴിൽ സൂര്യ നായകനായെത്തിയ ഗജിനിക്ക് ശേഷമാണ് അസിന്റെ കരിയർ മാറി മറിയുന്നത്. ഗജിനിയുടെ ഹിന്ദി പതിപ്പിലും അസിൻ അഭിനയിച്ചു. ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ഇത്, ആമിർ ഖാനൊപ്പമാണ് അസിൻ ഗജിനി ഹിന്ദി റീമേക്കിൽ അഭിനയിച്ചത്.


Click it and Unblock the Notifications











