'ഭാഗ്യരാജ് മൂലമുണ്ടായ അപമാനം കാരണം സ്കൂളിൽ പോകാൻ കഴിയാതെയായി'; ഭാനുപ്രിയ സ്കൂൾ പഠനം ഉപേക്ഷിച്ചതിന് പിന്നിൽ!
അപാര സൗന്ദര്യവും അഭിനയ ശേഷിയും കൈമുതലായുള്ള നടിയായിരുന്നു ഭാനുപ്രിയ. ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടി മലയളത്തിലെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായിട്ടുണ്ട്. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഇപ്പോ സ്നേഹമാണ് കുട്ടി ശങ്കരനോട്... എന്ന അഴകിയ രാവണനിലെ ഡയലോഗാണ് ഭാനുപ്രിയയെ കാണുമ്പോൾ അല്ലെങ്കിൽ ആ പേരുകേൾക്കുമ്പോൾ ഒട്ടുമിക്ക മലയാളികൾക്കും ആദ്യം ഓർമവരിക. മലയാളത്തിൽ അധികം സിനിമകൾ ചെയ്തിട്ടില്ലെങ്കിൽ ഉള്ളതെല്ലാം റിപ്പീറ്റ് വാല്യുവുള്ളതും ക്ലാസിക്ക് സിനിമകളുമായിരുന്നു.
എൺപതുകളും തൊണ്ണൂറുകളുമായിരുന്നു ഭാനുപ്രിയയുടെ സുവർണകാലഘട്ടം. അക്കാലത്തെല്ലാം ഒട്ടുമിക്ക യുവാക്കളുടെ ഡ്രീഗേളായിരുന്നു നടി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി ജില്ലയിലെ രംഗംപേട്ടാണ് ഭാനുപ്രിയയുടെ സ്വദേശം. പതിനേഴാം വയസ് മുതൽ അഭിനയരംഗത്ത് ഭാനുപ്രിയയുണ്ട്. 1983ൽ പുറത്തിറങ്ങിയ മെല്ല പേസുങ്കളായിരുന്നു താരത്തിൻ്റെ ആദ്യ തമിഴ് ചിത്രം.

അതിനുശേഷം തെലുങ്കിൽ നിന്നാണ് ഭാനുപ്രിയയ്ക്ക് ഏറെയും അവസരങ്ങൾ വന്നത്. തമിഴിലും തെലുങ്കിലും മാറി മാറി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബോളിവുഡിൽ നിന്നും ഭാനുപ്രിയയ്ക്ക് വിളി വരുന്നത്. ജിതേന്ദ്ര, രജിനികാന്ത്, ഋഷി കപൂർ, പൂനം ധില്ലോൺ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് നടി.
1998ലാണ് അമേരിക്കൻ ഗ്രാഫിക്സ് എഞ്ചിനീയറായ ആദർശ് കൗശലിനെ താരം വിവാഹം ചെയ്തത്. എന്നാൽ ഏഴ് വർഷത്തിനുശേഷം ഭർത്താവിനെ ഉപേക്ഷിച്ച് ഭാനുപ്രിയ ചെന്നൈയിൽ മടങ്ങിയെത്തി. പ്രണയ വിവാഹമായിരുന്നു ഭാനുപ്രിയയുടേത്. മാതാപിതാക്കൾ സമ്മതമായിരുന്നില്ല. അതുകൊണ്ട് തന്നെ വിവാഹ ചടങ്ങ് നടന്നത് കാലിഫോർണിയയിൽ വെച്ചായിരുന്നു.
അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2003ൽ അഭിനയ എന്നൊരു മകൾക്ക് ജന്മം നൽകിയിരുന്നു ഭാനുപ്രിയ. മകളുടെ ജനനശേഷമാണ് ഭർത്താവും ഭാനുപ്രിയയും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയതും വിവാഹമോചനം നടന്നതും. അതിനുശേഷമാണ് ഭാനുപ്രിയ മകളുമൊത്ത് ചെന്നൈയിലെത്തിയത്. മംഗഭാനു എന്നാണ് നടിയുടെ യഥാർത്ഥ പേര്.
സംവിധായകനും നടനുമെല്ലാമായ ഭാഗ്യരാജ് ഭാനുപ്രിയയെ തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ നടി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. നൃത്തത്തിലുള്ള ഭാനുപ്രിയയുടെ കഴിവ് കണ്ടാണ് സിനിമയിലേക്ക് താരത്തെ ഭാഗ്യരാജ് കാസ്റ്റ് ചെയ്തത്. ഫോട്ടോഷൂട്ട് നടത്തിയതിന് ശേഷം ഭാനുപ്രിയ തന്റെ കഥാപാത്രത്തെക്കാൾ തീരെ ചെറുപ്പമാണെന്ന് ഭാഗ്യരാജിന് തോന്നിയതിനാൽ ചിത്രത്തിൽ നിന്ന് നടിയെ നീക്കം ചെയ്തു.

അപ്പോഴേക്കും ഭാനുപ്രിയ താൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് സ്കൂളിലെല്ലാം അറിയിച്ചിരുന്നു. സിനിമയിൽ നിന്ന് പുറത്തായ വിവരം അറിഞ്ഞ് കൂട്ടുകാർ അടക്കം പരിഹാസിക്കാൻ തുടങ്ങിയതോടെ ഭാനുപ്രിയ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് അങ്ങോട്ട് ഏറെനാൾ സിനിമയിൽ കയറിപറ്റാനുള്ള ശ്രമങ്ങളായിരുന്നു.
അങ്ങനെയാണ് 1983ൽ ആദ്യ സിനിമ ഭാനുപ്രിയയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം. അടുത്തിടെ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല കഥകളും തെറ്റാണെന്ന് വെളിപ്പെടുത്തി നടി തന്നെ രംഗത്ത് എത്തിയിരുന്നു. ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റായിരുന്നുവെന്നാണ് നടി പറഞ്ഞത്. ഭാനുപ്രിയയുടെ ഭർത്താവ് ആദർശ് 2018ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
ഇരുപതുകാരിയായ ഏകമകൾ അഭിനയ ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. നാച്ചുറൽ സയൻസാണ് വിഷയം. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറഞ്ഞിരുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്. തനിക്ക് ഈയിടെയായി സുഖമില്ലെന്നും ഓർമശക്തി കുറയുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. 'പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു.'
'നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. സില നേരങ്ങളിൽ സില മനിദർഗൾ എന്ന സിനിമയിലൂടെ സെറ്റിൽ വെച്ച് ഡയലോഗുകൾ വരെ മറന്നുപോയി', എന്നാണ് രോഗാവസ്ഥ വെളിപ്പെടുത്തി ഭാനുപ്രിയ പറഞ്ഞത്.


Click it and Unblock the Notifications