മുൻ കാമുകിമാർക്കെല്ലാം കുടുംബവും കുട്ടികളുമായി, സിമ്പു 41 വയസിലും സിംഗിൾ, തടസം വിചിത്രമായ ഭാര്യ സങ്കൽപ്പം?
ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മുതൽ തമിഴ് സിനിമയുടെ ഭാഗമാണ് നടൻ സിലംബരസനെന്ന സിമ്പു. നാൽപ്പത്തിയൊന്ന് വർഷത്തെ സിനിമാ ജീവിതം കൊണ്ട് തമിഴ് സിനിമയിലെ മുൻനിര താരങ്ങളുടെ പട്ടികയിലാണ് നടൻ ഇടംപിടിച്ചത്. യങ് സൂപ്പർ താരങ്ങളുടെ ലിസ്റ്റിൽ ഇന്നും സിമ്പുവിനുള്ള അത്രത്തോളം ആരാധകർ ധനുഷിനും സൂര്യയ്ക്കും വിക്രത്തിനും പോലുമുണ്ടോയെന്ന് സംശയമാണ്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ലോയൽ ഫാൻസുള്ള നടൻ കൂടിയാണ് സിമ്പു.
അഭിനേതാവെന്നതിലുപരിയായി സംവിധായകൻ, ഗായകൻ, ഡാൻസർ, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിലും സിമ്പു കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുപതുകളുടെ തുടക്കത്തിലാണ് വല്ലവൻ പോലൊരു സിനിമ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചത്. ഇന്നും റിപ്പീറ്റ് വാല്യവും ആരാധകരും ഉള്ള സിനിമയാണ് വല്ലവൻ. സിനിമയിലെ ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്.

ഒട്ടുമിക്ക ഹീറോകളേയും പോലെ സിനിമാ ജീവിതം തുടങ്ങിയശേഷം നിരവധി പ്രണയങ്ങൾ സിമ്പുവിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. തുടക്കം ലേഡി സൂപ്പർസ്റ്റാർ നയൻതാരയിൽ നിന്നുമായിരുന്നു. ഇരുവരും ഒരുമിച്ച് വല്ലവൻ സിനിമ ചെയ്തശേഷമാണ് പ്രണയത്തിലായത്. അക്കാലത്ത് ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച സിനിമയായിരുന്നു വല്ലവൻ. സിമ്പു-നയൻതാര ജോഡിയുടെ ഇന്റിമേറ്റ് പോസുകളുള്ള പോസ്റ്ററുകൾ പോലും അക്കാലത്ത് വിവാദമായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല. മാത്രമല്ല ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളും അക്കാലത്ത് ലീക്കായിരുന്നു. തൻ്റെ അറിവില്ലാതെ ആരോ ക്യാമറയിൽ നിന്ന് ചോർത്തിയതാണെന്നാണ് സിമ്പു അന്ന് വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്.
നയൻതാര പിന്നീട് പ്രഭുദേവയുമായി പ്രണയത്തിലായി. സിനിമയിൽ വന്നകാലം മുതൽ വിവാദങ്ങളും സിമ്പുവിന്റെ പേരിനൊപ്പം ഉണ്ടാകാറുണ്ട്. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടന്റെ ജീവിതത്തിൽ ഒരു പ്രണയം സംഭവിക്കുന്നത്. അത് നടി ഹൻസിക മോത്വാനിയുമായിട്ടായിരുന്നു. ഇരുവരും ഒരുമിച്ച് വാല് അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിരുന്നു.
ശേഷമാണ് പ്രണയം ആരംഭിച്ചത്. ബന്ധം ശക്തമായപ്പോൾ വിവാഹിതരാകാമെന്ന് ഇരുവരും തീരുമാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾ ഉടൻ വിവാഹിതരാകുമെന്ന് ആരാധകരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ പ്രഖ്യാപനം വന്ന് വൈകാതെ ഇരുവരും വേർപിരിഞ്ഞു.
പിന്നീട് കുറേക്കാലം സ്വകാര്യ ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും നടന് കഷ്ടകാലയമായിരുന്നു. ചെയ്യുന്ന സിനിമകളെല്ലാം വലിയ പരാജയമായി മാറി. നല്ല സിനിമകളൊന്നും നടനെ തേടി എത്താത്ത സ്ഥിതിയുമുണ്ടായി.

പ്രണയത്തകർച്ചയാണോ കരിയറിനേയും ബാധിച്ചതെന്ന ചോദ്യം വന്നപ്പോഴൊന്നും നടൻ പ്രതികരിച്ചില്ല. അതുപോലെ സൂപ്പർ സ്റ്റാർ രജിനികാന്തിൻ്റെ മകൾ ഐശ്വര്യയുമായി ഒരു കാലത്ത് സിമ്പു പ്രണയത്തിലായിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. ബ്രേക്കപ്പിനുശേഷം ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം എന്ന പേരിൽ ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചിരുന്നു. മുൻ കാമുകിമാർക്കെല്ലാം കുടുംബവും കുട്ടികളുമായിയെങ്കിലും സിമ്പു നാൽപ്പത്തിയൊന്നിലും സിംഗിളാണ്.
ഇടയ്ക്കിടെ നടൻ ചെയ്യുന്ന സിനിമകളിലെ നായികമാരുമായി ബന്ധപ്പെടുത്തി ഗോസിപ്പുകൾ വരുന്ന രീതി ഇപ്പോഴുമുണ്ട്. മാനാടിനുശേഷമാണ് സിമ്പു കരിയർ തിരിച്ച് പിടിച്ചത്. ഇപ്പോൾ തുടരെ തുടരെ നടന് സിനിമകളാണ്. കൂടാതെ വിദേശത്ത് അടക്കം മ്യൂസിക്ക് കോൺസേർട്ടുകളുമായും സംഘടിപ്പിക്കുന്നുണ്ട്. കരിയറിലെ മോശം സമയത്ത് നടന്റെ ശരീര ഭാരം വരെ ക്രമാതീതമായി ഉയർന്നിരുന്നു.
എന്നാൽ ഇപ്പോൾ താരം ആരോഗ്യത്തിനും സമാധാനം നിറഞ്ഞ സക്സസ്ഫുള്ളായ കരിയറിനുമാണ് പ്രധാന്യം കൊടുക്കുന്നത്. അതേസമയം നടന്റെ വിചിത്രമായ ഭാര്യ സങ്കൽപ്പമാണ് വിവാഹം നടക്കുന്നതിന് തടസമെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. വിവാഹശേഷവും ജോലിക്ക് പോകുന്ന പെൺകുട്ടിയായിരിക്കരുത് തന്റെ ഭാര്യയായി വരുന്ന സ്ത്രീയെന്ന് മുമ്പൊരു അഭിമുഖത്തിൽ സിമ്പു പറഞ്ഞിരുന്നു.
അതിനാലായിരിക്കും അഭിനേത്രികളായ മുൻ കാമുകിമാരെല്ലാം വിവാഹത്തിൽ നിന്നും പിൻവലിഞ്ഞതും. സുന്ദരിയായ ഭാര്യയെ താൻ ആഗ്രഹിക്കുന്നില്ലെന്നും പക്ഷെ സൗന്ദര്യമുള്ള കുഞ്ഞുങ്ങൾ തനിക്ക് പിറക്കണമെന്ന് ആഗ്രഹമുണ്ടെന്നും സിമ്പു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. ജോലിക്ക് പോകുന്നതിന് അടക്കം മുടക്ക് പറയുന്ന ഒരു പങ്കാളിയെ ഇന്നത്തെ കാലത്തെ സ്ത്രീകളിൽ ഭൂരിഭാഗവും ആഗ്രഹിക്കുകയില്ല. സിമ്പുവിന്റെ അമ്മ ഉഷയും വിവാഹത്തിന് മുമ്പ് വരെ അഭിനയിച്ചിരുന്നു. വിവാഹശേഷം അഭിനയം അവസാനിപ്പിച്ച് കുടുംബിനിയായി.


Click it and Unblock the Notifications