»   » പഴയ ചരിത്രം ഓര്‍മിക്കുക, മറ്റൊരു മണി ആകുമോ വിനായകന്‍??? അപ്പുറത്ത് മോഹന്‍ലാലുണ്ട്!!!

പഴയ ചരിത്രം ഓര്‍മിക്കുക, മറ്റൊരു മണി ആകുമോ വിനായകന്‍??? അപ്പുറത്ത് മോഹന്‍ലാലുണ്ട്!!!

Posted By: Karthi
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ മികച്ച നടന്മാരുടെ പട്ടികയിലേക്കാണ്. മൂന്നുപേരുടെ അന്തിമ പട്ടികയില്‍ ഫഹദ് ഫാസിലിനും മോഹന്‍ലാലിനുമൊപ്പം വിനായകനും ഇടം പിടിച്ചിട്ടുണ്ട്. ആരാധക പിന്തുണ ഏറെ നേടിയ വിനാകനെ കമ്മട്ടിപ്പാടത്തിലെ പ്രകടനമാണ് അന്തിമ പട്ടികയിലെത്തിച്ചത്.

സംസ്ഥാന അവാര്‍ഡില്‍ വിനായകന്‍ പുതുമുഖമാണെങ്കില്‍ ഒരു അവാര്‍ഡിന്റെ മുന്‍തൂക്കം ഫഹദിനുണ്ട്. മഹേഷിന്റെ പ്രകാരത്തിലെ അഭിനയമാണ് ഫഹദിനെ അന്തിമ പട്ടികയിലെത്തിച്ചത്. മോഹന്‍ലാലിന് തുണയായത് ഒപ്പവും. സോഷ്യല്‍ മീഡിയയിലടക്കം വിനായകന് പിന്തുണയേറുകയാണ്. മുന്‍നിര ചാനലുകളുടെ അവാര്‍ഡ് നിശയില്‍ വിനായകനെ തഴഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ വിനായകനായി രംഗത്തിറങ്ങിയത്. ഇതിനിടെ പലരും 1999ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപന വേളയെ ഓര്‍മിപ്പിക്കുന്നും ഉണ്ട്.

കമ്മട്ടിപ്പാടത്തില്‍ ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്ന, നെഞ്ചോട് ചേര്‍ക്കുന്ന ഒരു കഥാപാത്രമാണ് കമ്മട്ടിപ്പാടത്തിലെ വിനായകന്‍ അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ആ കഥാപാത്രത്തെ വിനായകന്‍ അവിസ്മവരണീയമാക്കി. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍.

മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ അവാര്‍ഡ് നിശകളില്‍ വിനായകനെ തഴഞ്ഞു. ഏഷ്യാനെറ്റ് അവാര്‍ഡില്‍ മികച്ച സഹനടനായി വിനായകനെ നോമിനേറ്റ് ചെയ്തിരുന്നെങ്കിലും അവസാന നിമിഷം അതും ലഭിച്ചില്ല. ഇതോടെ ഇത്തരം അവാര്‍ഡ് നിശകള്‍ക്കെതിരെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി എത്തി. സംസ്ഥാന അവാര്‍ഡിലും സോഷ്യല്‍ മീഡിയയില്‍ വിനായകനായി ക്യാമ്പയില്‍ പുരോഗമിക്കുകയാണ്.

അന്തിമ പട്ടികയില്‍ വിനായകനും ഫഹദ് ഫാസിലിനുമൊപ്പം മോഹന്‍ലാലുമുണ്ട്. 2016ലെ മോഹന്‍ലാലിന്റെ ആദ്യ മലയാള ചിത്രമായ ഒപ്പത്തിലെ അന്ധകഥാപാത്രം ജയരാമനെ അവിസ്മരണീയമാക്കിയതാണ് മോഹന്‍ലാലിന് അന്തിമ പട്ടികയിലേക്കുള്ള വഴി തുറന്നത്. പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം അമ്പത് കോടി ക്ലബിലും ഇടം നേടിയിരുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധകഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ മണി അത്തണത്തെ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. അവാര്‍ഡ് മണിക്ക് തന്നെ എന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും. മണിക്കാണെന്ന ധാരണയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആഘോഷവും തുടങ്ങി. എന്നാല്‍ അവസാന നിമിഷം വാനപ്രസ്ഥത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

വിനായകനൊപ്പം അന്തിമ പട്ടികയില്‍ മോഹന്‍ലാലും ഇടം പിടിച്ചതിനാല്‍ 1999 ആവര്‍ത്തിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരം ഉന്നയിക്കുന്ന ചോദ്യം. ഇന്നത്തെപ്പോലെ അന്ന് സോഷ്യല്‍ മീഡിയ ഇല്ലായിരുന്നു. ഇന്ന് വിനായകനായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തവുമാണ്. വിനായകനെ അവാര്‍ഡില്‍ തഴഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുണ്ടാകും.

ഒരു ഒത്തുതീര്‍പ്പ് സമവാക്യം പോലെ അവാര്‍ഡ് പങ്കുവയ്ക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നും ചിലര്‍ പറയുന്നുണ്ട്. വിനായകനെ അവാര്‍ഡില്‍ നിന്നും ഒഴിവാക്കാതിരിക്കാനായി അത്തരത്തിലൊരു നീക്കം നടക്കുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇനി മണിക്കൂറുകള്‍ മാത്രമേ പ്രഖ്യാപനത്തിനായി ശേഷിക്കുന്നുള്ളു.

English summary
Kerala State Film Award 2017 best actor Mohan lal, Vinayakan and Fahadh Faasil in the last phase. Social media support Vinayakan. Some of them remembering 1999 state award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam