വമ്പന്മാര്‍ അണിനിരക്കുന്നു! മലയാളത്തിലെ അടുത്ത വിസ്മയമാവും മോഹന്‍ലാലിന്റെ ബറോസ്സ്!
മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ പാകമുള്ള സംവിധായകന്മാരാണ് ഇന്‍ഡസ്ട്രിയിലുള്ളത്. നവാഗതരായ പലരും കന്നിച്ചിത്രം തന്നെ ഹിറ്റാക്കി മാറ്റുന്ന കാഴ്ചയാണ് നാളുകളായി കണ്ട് വരുന്നത്. അക്കൂട്ടത്തിലേക്ക് പ്രമുഖ താരങ്ങളും സംവിധാന സംരംഭവുമായി എത്തുകയാണ്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് ലൂസിഫര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ നടന്‍ കലാഭവന്‍ ഷാജോണും സംവിധാനം ചെയ്യുന്ന സിനിമ വരികയാണ്. പിന്നാലെ നടനവിസ്മയം മോഹന്‍ലാലും സംവിധായകന്റെ റോളിലെത്തും.

ലൂസിഫര്‍ ഹിറ്റായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്ന കാര്യം പുറത്ത് വന്നത്. ഈ വാര്‍ത്ത അതിവേഗമാണ് തരംഗമായത്. നാല് പതിറ്റാണ്ടുകളോളമായി അഭിനയത്തില്‍ വിസ്മയമായി മാറിയ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബറോസ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്ടോബറോട് കൂടി ബറോസ്സ് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സിനിമ ഗോവയില്‍ വെച്ച് ഷൂട്ട് ചെയ്യാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഛായാഗ്രഹകന്‍ കെയു മോഹനനും സിനിമയുടെ ഭാഗമാവുന്നുണ്ടെന്നാണ് സൂചന. ബോളിവുഡിലെ ഹിറ്റ് ചിത്രമായ അന്ധാദുന്‍, റയീസ്, കാര്‍ബണ്‍,, എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഇദ്ദേഹമായിരുന്നു. നിലവില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഇത് മാത്രമല്ല ജിജി,ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ചിത്രീകരണവും നടക്കുകയാണ്.


Click it and Unblock the Notifications











